ചെറുവത്തൂര്‍: (www.kvartha.com 15.10.2020) മാസം തികയാതെ ആറാം മാസത്തില്‍ പിറന്നു വീണ കുഞ്ഞിനെ അത്ര പെട്ടെന്ന് ആരും മറന്ന് കാണില്ല. ആറാം മാസത്തില്‍ വെറും 700 ഗ്രാം മാത്രം തൂക്കത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പിറന്നു വീണ ആ പൊന്നുമോളുടെ ഒന്നാം പിറന്നാളാണ് വ്യാഴാഴ്ച.
ചെറുവത്തൂര്‍ ടൗണില്‍ 24 വര്‍ഷത്തോളമായി ബാര്‍ബര്‍ തൊഴില് ചെയ്യുന്ന പ്രകാശന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷത്തിന് ശേഷമാണ് മാസം തികയാതെ കടിഞ്ഞൂല്‍ കണ്‍മണി ജനിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു കുട്ടി.
പിന്നീട് നല്ലവരായ സുമസ്സുകളുടെ സഹായത്തോടൊപ്പം പത്ര മാധ്യമങ്ങള്‍ കൂടി കാര്യം ഏറ്റെടുത്തതോടെ വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തതായിട്ടുള്ള സന്തോഷ വാര്‍ത്തയാണ് കേള്‍ക്കാന്‍ പറ്റിയത്. ഇത്രയും സംഭവ വികാസം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. അതായത് മഹാലക്ഷ്മി എന്ന പൊന്നുമോളുടെ ഒന്നാം പിറന്നാള്‍.
അത്യാവിശ്യ ഘട്ടത്തില്‍ എല്ലാവരും നല്‍കിയ സഹായത്തിനും സഹകരണത്തിനും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുകയാണ് പ്രകാശനും കുടുംബവും. പറഞ്ഞാല്‍ തീരാത്ത കടപ്പാടും നന്ദിയുമായി ആ കുടുംബം കാത്തിരുന്ന് കിട്ടിയ മഹാലക്ഷിയോടൊപ്പം സന്തോഷമായിരിക്കുന്നു.