കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു; ഒരു കോടി രൂപയില്‍ കൂടുതല്‍ ചെലവ് വരുമെന്ന് കണക്കുകൂട്ടല്‍

 


കരിപ്പൂര്‍: (www.kvartha.com 22.10.2020) കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനം അപകട സ്ഥലത്തുനിന്നും നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചെന്നൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം ഇതിനായി കരിപ്പൂരിലെത്തി. 

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു; ഒരു കോടി രൂപയില്‍ കൂടുതല്‍ ചെലവ് വരുമെന്ന് കണക്കുകൂട്ടല്‍
ഇതിനായി ക്രെയിനുകളും ട്രെയ്ലറുകളും കരിപ്പൂരിലെ അപകട സ്ഥലത്തെത്തി. രാമനാട്ടുകരയിലെ ഗ്രാന്റ് എന്റര്‍പ്രൈസസ് ഉടമ പി എ സലീമാണ് വിമാനം അപകട സ്ഥലത്തുനിന്ന് സുരക്ഷിതമായി മറ്റൊരിടത്തേക്ക് ക്രെയിന്‍ ഉപയോഗിച്ച് മാറ്റാനുള്ള കരാര്‍ എടുത്തിരിക്കുന്നത്.

ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ റണ്‍വേയില്‍ നിന്ന് തെന്നിവീണ് അപകടത്തില്‍പ്പെട്ട് മൂന്നായി പിളര്‍ന്നത്. മൂന്നു മാസമായി ഈ വിമാനം അപകടം നടന്ന സ്ഥലത്ത് അതേപടി കിടക്കുകയാണ്.

വിമാനം മാറ്റുന്നതിന് ഒരു കോടി രൂപയില്‍ കൂടുതല്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്നും 500 മീറ്റര്‍ അപ്പുറത്തേക്ക് എയര്‍പോര്‍ട്ടിന്റെ ഭാഗമായുള്ള കേന്ദ്ര സുരക്ഷാ സേനയുടെ ബാരിക്കേഡിന് സമീപത്തേക്കാണ് വിമാനം മാറ്റുക. ഇവിടെ വിമാനം പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കോണ്‍ക്രിറ്റ് പ്രതലം ഒരുക്കിയിട്ടുണ്ട്.

പാറയുള്ള ഈ സ്ഥലം നിരപ്പാക്കി കോണ്‍ക്രിറ്റ് ചെയ്യാന്‍ മാത്രം അരക്കോടിയോളം രൂപ ചെലവ് വന്നിട്ടുണ്ട്. വിമാനം ഇങ്ങോട്ട് മാറ്റിയാല്‍  മേല്‍ക്കൂരയും പണിയേണ്ടി വരും. 48 ടണ്‍ ഭാരമുള്ള വിമാനം ക്രെയിനുകളുടെ സഹായത്തോടെയാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.  വിമാനത്തിന്റെ ചിറകുകളും മറ്റു ഭാഗങ്ങളും അഴിച്ചെടുത്ത് ക്രെയിനും ട്രെയ്ലറുകളും ഉപയോഗിച്ച് പുതിയ പാര്‍ക്കിങ് സ്ഥലത്ത് എത്തിച്ച് പിന്നീട് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുക.

നേരത്തെ ചക്രങ്ങളും ചിറകുകളും വേര്‍പ്പെടുത്താതെ കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചത്. പക്ഷെ അത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഓരോ ഭാഗങ്ങളായി അഴിച്ചെടുത്തുകൊണ്ട് പോകാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന വിമാനത്തിന്റെ മുന്‍വശത്തെയും പിറകുവശത്തെയും ചിറകുകളും ചക്രങ്ങളും അഴിച്ചെടുത്ത് ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തി ട്രെയ്ലറില്‍ കൊണ്ട് പോകാനാണ് ഉദ്ദേശം. ഇത്തരത്തില്‍ അപകട സ്ഥലത്ത് നിന്നും വിമാനം പൂര്‍ണമായും പുതിയ സ്ഥലത്തേക്ക് എത്തിക്കാന്‍ 10 ദിവസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഏറെ നാള്‍ കരിപ്പൂരില്‍ തന്നെ നിര്‍ത്തേണ്ടി വരുമെന്നതിനാലാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.


Keywords:  Crashed Air India flight to be shifted, Kozhikode, News ,Flight, Protection, Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia