കണ്ണൂര്‍: (www.kvartha.com 25.10.2020) അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ സി പി എം തുറന്ന പോരിനിറങ്ങുന്നു. മുസ്ലിം ലീഗ് എം എല്‍ എയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തിനും അഴിമതിക്കുമെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് കണ്ണൂരിലെ 150 കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. അഴീക്കോട് എംഎല്‍എ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.
അദ്ദേഹം ചട്ടലംഘനം നടത്തിയിരിക്കുകയാണ്. ചട്ടലംഘനത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. അതിലുമധികമാണ് നികുതി വെട്ടിപ്പ്. കെട്ടിടനികുതി, ആഢംബര നികുതി എന്നിവ അടക്കാതെ ജനപ്രതിനിധിക്ക് യോജിക്കാത്ത തരത്തില്‍ നിയമലംഘനം നടത്തി. 2016 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നല്‍കിയ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഉറവിടം കാണിച്ചത്,എംഎല്‍എ പദ്ധതി പ്രകാരം വായ്പയെടുത്തതാണെന്നാണ്. ആ വായ്പ 10 ലക്ഷമാണ്. 8.60 ലക്ഷമാണ് വീട് നിര്‍മാണ വായ്പയായി അന്ന് അദ്ദേഹം അടയ്ക്കാനുണ്ടായിരുന്നത്. എന്നാല്‍ 4 കോടിയോളം രൂപ ചെലവ് വരുന്ന വീടാണവിടെ പണിതത്.
വീട് നിര്‍മാണത്തിന്റെ പ്ലാന്‍ വച്ച് കോര്‍പറേഷനില്‍ അനുമതി തേടിയത് 3000 ചതുരശ്ര അടിക്കാണ്. എന്നാല്‍ പണിതത് 5260 ചതുരശ്ര വിസ്തീര്‍ണമുള്ള 3 നില കെട്ടിടമാണ്. അനുമതിക്ക് അപേക്ഷ കൊടുക്കുമ്പോള്‍ രണ്ട് നിലയാണുണ്ടായിരുന്നത്. പണി പൂര്‍ത്തിയാകുമ്പോള്‍ 3 നില. കണ്ണൂരിലെ ചിറക്കല്‍ പഞ്ചായത്തിലെ വീടാണ് മറ്റൊരു പ്രശ്നം. അത് സംബന്ധിച്ച രേഖയില്‍ പറയുന്നത് 10 ലക്ഷം സ്ഥലത്തിനും 7 ലക്ഷം വീടിനുമാണെന്നാണ്. അത് അസാധാരണമാണ്.
അതിനാല്‍, ചിറക്കല്‍ പഞ്ചായത്തിലേയും കോഴിക്കോട് കോര്‍പറേഷനിലേയും വീട് വിലക്ക് വാങ്ങിയതും നിര്‍മിച്ചതും തന്നെ അദ്ദേഹത്തിന്റെ വരവില്‍ കവിഞ്ഞ സ്വത്ത് തെളിയിക്കുന്നതിന്റെ സാക്ഷ്യപത്രമാണ്. ഇഡി സ്വത്തുക്കളെ സംബന്ധിച്ച കണ്ടെത്തലുകള്‍ നടത്തിയപ്പോള്‍ ഇഞ്ചികൃഷി നടത്തിയെന്നാണ് അദ്ദേഹം ന്യായം പറഞ്ഞത്. അപ്പോഴെന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ വിവരം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയില്ലെന്നും ജയരാജന്‍ ആരോപിച്ചു.
Keywords: Kannur, News, Kerala, MLA, CPM, LDF, war, COVID-19, Top-Headlines, Trending, CPM open war against KM Shaji: Protests will be held in 150 centres