ദുബൈ: (www.kvartha.com 20.10.2020) 2020 ഐപിഎല്‍ ആരംഭത്തോടെ കാത്തിരുന്ന ആരാധകരെ കൈയ്യിലെടുത്ത ബാറ്റ്‌സ്മാനാണു സഞ്ജു സാംസണ്‍. യുഎഇയില്‍ ആദ്യ രണ്ടു മത്സരങ്ങളിലെ അര്‍ധ സെഞ്ചുറി പ്രകടനങ്ങളോടെ രാജസ്ഥാന്‍ റോയല്‍സ് ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന സഞ്ജു ഇതു തെളിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അങ്ങോട്ട് കണ്ടതെല്ലാം തുടര്‍ച്ചയായ ബാറ്റിങ് പരാജയങ്ങള്‍, അവസാന എട്ടു മത്സരങ്ങളില്‍ രണ്ടക്കം കടന്നത് രണ്ടു തവണ മാത്രം. ഈ മത്സരങ്ങളിലെ ഉയര്‍ന്ന സ്‌കോര്‍ 26. രണ്ടു വട്ടം പൂജ്യത്തിന് പുറത്തായി.
സഞ്ജുവിന്റെ കരിയറിലെ 'സ്ഥിരം' വില്ലന്‍ സ്ഥിരതയില്ലായ്മ തന്നെയാണെന്നാണ് ആരാധകരും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായി തിങ്കളാഴ്ച നടന്ന സീസണിലെ രണ്ടാം മത്സരത്തിലും മൂന്ന് പന്തുകള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണു മടങ്ങിയത്. സഞ്ജുവില്‍നിന്നും വീണ്ടുമൊരു ഗംഭീര പ്രകടനം ആഗ്രഹിച്ച് കാത്തിരുന്ന ആരാധകര്‍ക്കും ഇത് നിരാശ മാത്രം പകര്‍ന്നു.
ദീപക് ചാഹര്‍ എറിഞ്ഞ പന്തില്‍ എം എസ് ധോണി ക്യാച്ചെടുത്താണു മലയാളി താരത്തെ പുറത്താക്കിയത്. ഇതേ മത്സരത്തില്‍ ധോണിയെ റണ്ണൗട്ടാക്കിയത് സഞ്ജുവായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. രണ്ട് അര്‍ധസെഞ്ചുറികളോടെ സീസണ്‍ തുടങ്ങിയ സഞ്ജുവിനെ ക്രിക്കറ്റ് ഇതിഹാസങ്ങളും ആരാധകരും വാനോളം പുകഴ്ത്തി. എന്നാല്‍ അന്നത്തെ പ്രകടനത്തിന്റെ നിഴല്‍ പോലുമാകാന്‍ ഇപ്പോള്‍ യുവതാരത്തിനു സാധിക്കാത്ത അവസ്ഥയാണ്. അവസാന അര്‍ധസെഞ്ചുറിക്കു ശേഷം തുടര്‍ച്ചയായി എട്ടു മത്സരങ്ങളിലാണു ബാറ്റിങ്ങില്‍ താരം തിളങ്ങാതെ പോയത്. രണ്ടെണ്ണത്തില്‍ മാത്രം രണ്ടക്കം കടക്കാനായി.
0(3), 9 (6), 25(18), 26 (25), 5(9), 0(3), 4(3), 8(9) എന്നിങ്ങനെയാണു തുടര്‍ന്നുള്ള മത്സരങ്ങളില്‍ താരത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍. സഞ്ജുവിന്റെ മോശം പ്രകടനങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെയും ബാധിച്ചു തുടങ്ങി. ടീം തുടര്‍ച്ചയായി തോറ്റു, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായി. ഐപിഎല്‍ സീസണില്‍ ടീമിന് ഇനിയൊരു തിരിച്ചുവരവുണ്ടോയെന്നതു പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാണ്.