ബെംഗളുരു: (www.kvartha.com 15.10.2020) രാഷ്ട്രീയ ഭാവിക്ക് തടസ്സമാകുമെന്ന് ഭയന്ന് രഹസ്യ ബന്ധത്തിലെ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. 35കാരനായ പ്രതി നിങ്കപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. വീട്ടുകാരറിയാതെ തുടങ്ങിയ രഹസ്യ ബന്ധത്തിലെ കുട്ടിയെയാണ് കൊലപ്പെടുത്തിയത്.
നിങ്കപ്പ ശശികല എന്ന യുവതിയുമായി കഴിഞ്ഞ നാലുവര്‍ഷമായി അടുപ്പമുണ്ടായിരുന്നു. വീട്ടുകാരെ അറിയിക്കാതെ ഇവര്‍ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിക്കാന്‍ ആരംഭിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ശിരിഷ എന്നുപേരുളള രണ്ടുവയസ്സുളള മകളുമുണ്ടായിരുന്നു.
എന്നാല്‍ കുറച്ചുനാളുകളായി ശശികലയുടെ വീട്ടുകാര്‍വിവാഹത്തിന് നിര്‍ബന്ധിച്ചു തുടങ്ങി. ഇതോടെ ബന്ധം വീട്ടുകാരെ അറിയിക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തയ്യാറെടുപ്പിലായിരുന്ന നിങ്കപ്പ ശശികലയുടെ ആവശ്യത്തെ എതിര്‍ത്തു. ശശികലയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ഇയാള്‍ മകളെ തനിക്കൊപ്പം നിര്‍ത്തുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് നിങ്കപ്പ കുഞ്ഞിനെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
പതിവായി ഫോണില്‍ വിളിക്കുന്ന ശശികല കുഞ്ഞിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കുഞ്ഞ് സുഖമായിരിക്കുന്നു എന്നാണ് നിങ്കപ്പ മറുപടി പറയാറുളളത്. എന്നാല്‍ ഒക്ടോബര്‍ എട്ടിന് ഫോണ്‍ സംഭാഷണത്തിനിയില്‍ ഇവര്‍ വഴക്കിടുകയും കുഞ്ഞിനെ മറന്നേക്കൂ എന്ന് നിങ്കപ്പ ശശികലയോട് പറയുകയും ചെയ്തു. ഇതേതുടര്‍ന്നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ശശികല പോലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ കുററസമ്മതവും നടത്തി.
ആദ്യഭാര്യ അറിയാതെയാണ് നിങ്കപ്പ രണ്ടാംവിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ട്. രഹസ്യവിവാഹവും അതില്‍ ഒരു കുഞ്ഞുളളതും തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന് ചിന്തിച്ചായിരുന്നു പ്രതി ഈ ക്രൂരകൃത്യം ചെയ്തത് എന്ന് പോലീസ് പറഞ്ഞു.