എടിഎം മെഷീനില്‍ കയറുകെട്ടി വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് മോഷ്ടിക്കാന്‍ ശ്രമം; ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ കയര്‍ വാരിയെടുത്ത് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു

 


മുരിക്കാശ്ശേരി: (www.kvartha.com 14.10.2020) എടിഎം മെഷീനില്‍ കയറുകെട്ടി വാഹനം ഉപയോഗിച്ചു കെട്ടിവലിച്ചു മോഷ്ടിക്കാന്‍ ശ്രമം. ശബ്ദം കേട്ടു നാട്ടുകാര്‍ എത്തിയതോടെ കയര്‍ വാരിയെടുത്തു മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.15ന് തോപ്രാംകുടി ഫെഡറല്‍ ബാങ്ക് എടിഎം കൗണ്ടറിലാണു സംഭവം. 

ഈ സമയത്ത് സമീപത്തെ സഹകരണ ബാങ്കിലുണ്ടായിരുന്ന ജീവനക്കാരും ഭരണസമിതി അംഗങ്ങളുമാണ് മോഷണശ്രമം അറിഞ്ഞത്. കൗണ്ടറിന്റെ ചില്ലു തകരുന്ന ശബ്ദം കേട്ട് ഇവര്‍ എത്തിയതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മുരിക്കാശേരി പൊലീസ് സ്ഥലത്തെത്തി.

എടിഎം മെഷീനില്‍ കയറുകെട്ടി വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് മോഷ്ടിക്കാന്‍ ശ്രമം; ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ കയര്‍ വാരിയെടുത്ത് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു

പ്രതികളെക്കുറിച്ചു സൂചന ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. എടിഎമ്മിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പതിയാത്ത വിധം പിന്നിലേക്കു തിരിച്ചു വച്ചിട്ടുണ്ട്. സമീപത്തെ സഹകരണ ബാങ്കിന്റെ സിസിടിവിയില്‍ കാറിന്റെയും മോഷ്ടാക്കളുടെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ മുഖം മറച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

നമ്പര്‍ പ്ലേറ്റ് മറച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് ഇവര്‍ എത്തിയതെന്നാണു സൂചന. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. ബാങ്കിലെ വിദഗ്ധര്‍ എത്തിയതിനു ശേഷമേ പരിശോധിക്കൂ. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

ശക്തമായ കാറ്റും മഴയുമുള്ള സമയത്തായിരുന്നു കവര്‍ച്ചാശ്രമം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മോഷണത്തെ കുറിച്ച് ഇവര്‍ പറയുന്നത്;

ഓഡിറ്റിങ് നടക്കുന്നതിനാല്‍ ഏതാനും ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സഹകരണ ബാങ്കില്‍ ഉണ്ടായിരുന്നു. ചില്ല് തകരുന്ന ശബ്ദം കേട്ടാണ് തങ്ങള്‍ ഇറങ്ങിച്ചെല്ലുന്നത്. ഞങ്ങളെ കണ്ടതോടെ രണ്ടു പേര്‍ കാറിന്റെ ഡിക്കി തുറന്ന് അതിലേക്ക് എന്തോ എടുത്തിട്ടു. പിന്നീട് തന്റെ നേരെ അതിവേഗം വന്നു. 

എന്റെ ഒപ്പമുള്ളവര്‍ ഓടിയെത്തിയതോടെ കാര്‍ ഇടുക്കി ഭാഗത്തേക്കു പോയി. പിന്നീട് എടിഎം കൗണ്ടറില്‍ നോക്കിയപ്പോഴാണു കവര്‍ച്ചാ ശ്രമം അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും സംഭവ സ്ഥലത്ത് ആദ്യമെത്തിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ സോബിന്‍ ജോസഫ് പറഞ്ഞു.

Keywords:  ATM theft attempt in Idukki, ATM, Theft, Local News, Police, Bank, Probe, Vehicles, Kerala.










ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia