തിരുവനന്തപുരം: (www.kvartha.com 20.10.2020) തിരുമലയില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ പോലീസ് മര്‍ദ്ദിച്ചതായി ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് റെസിഡന്റ് പ്രസിഡന്റ് സാലു ഏറെനേരം റോഡില്‍ കിടന്നു. തിരുമലയിലെ കൈരളി ലൈനില്‍ വീടുകളില്‍ നമ്പര്‍ എഴുതുന്നതിനിടെ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റായ സാലുവിനെ പൂജപ്പുര സ്റ്റേഷനില്‍ നിന്നെത്തിയ പോലീസുകാരന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. എന്നാല്‍ സാലുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും റസിഡന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്നും പൂജപ്പുര സി ഐ പറഞ്ഞു.
വീടുകളില്‍ നമ്പര്‍ എഴുതുന്നതുമായി ബന്ധപ്പെട്ട് രണ്ട് റസിഡന്‍സ്അസോസിയേഷനുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പരിഹരിക്കാന്‍ എത്തിയ പോലീസുകാരില്‍ ഒരാളാണ് മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പറയുന്നു. നടപടി വേണമെന്നാവശ്യപ്പെട്ട് ഒരു മണിക്കൂറോളം സാലു റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.
തുടര്‍ന്ന് പൂജപ്പുര സിഐ നടത്തിയ ചര്‍ച്ചക്കൊടുവില്‍ സാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം പൂജപ്പുര പോലിസ് നിഷേധിച്ചു. പ്രദേശത്ത് നിരന്തരം തര്‍ക്കമുണ്ടാവുന്ന സാഹചര്യത്തില്‍ ഇരുകൂട്ടരുടെയും റസിഡന്‍സ് അസോസിയേഷന്‍ രജിസ്‌ട്രേഷന്‍ റദ്ധാക്കാനാണ് പോലീസ് നീക്കം.