ബിഹാറില്‍ മാത്രമല്ല, കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യമെങ്ങും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 26.10.2020) ബിഹാറില്‍ മാത്രമല്ല, കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യമെങ്ങും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി. ഒഡീഷയില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയാണ് ഞായറാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. 

ബിഹാറില്‍ മാത്രമല്ല, കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യമെങ്ങും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി
കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതോടെ ബിഹാറിലെ ജനങ്ങള്‍ക്കു മുഴുവന്‍ സൗജന്യ വാക്‌സിനേഷന്‍ നടത്തുമെന്ന ബിജെപി തെരഞ്ഞെടുപ്പു പ്രകടന പത്രിക വാഗ്ദാനം വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഒഡീഷ ഭക്ഷ്യവിതരണ മന്ത്രി ആര്‍ പി സ്വെയ്ന്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് പ്രതാപ് ചന്ദ്ര സാരംഗി ഇക്കാര്യം പറഞ്ഞത്.

ബിഹാറിനു പുറമേ തമിഴ്‌നാട്, മധ്യപ്രദേശ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യ കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മോദി മന്ത്രിസഭയില്‍ സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സാരംഗി. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ സംഭരിച്ചു രാജ്യമെങ്ങും സൗജന്യമായി നല്‍കാന്‍ കേന്ദ്രം ബൃഹത് പദ്ധതി തയാറാക്കുന്നതായും സാരംഗി അറിയിച്ചു.

കേന്ദ്രം തന്നെ വാക്‌സിന്‍ സംഭരിച്ചു മുന്‍ഗണനാ ക്രമത്തില്‍ നല്‍കും. ഇതിനായി പ്രത്യേക പദ്ധതികള്‍ ആലോചിക്കേണ്ടെന്നു സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത ജൂലൈയോടെ 50 കോടി ഡോസ് വാക്‌സിന്‍ 25 കോടി ആളുകള്‍ക്കു നല്‍കാനാണു പദ്ധതി. ഇതിന് 50,000 കോടി രൂപ ചെലവാകും. വാക്‌സിനേഷനായി ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ കേന്ദ്രം നീക്കിവച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു പ്രഥമ പരിഗണന. പൊലീസ് ഉദ്യോഗസ്ഥര്‍, സൈനികര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍ തുടങ്ങിയ കോവിഡ് മുന്നണിപ്പോരാളികളെ രണ്ടാമതു പരിഗണിക്കും. 50 വയസ്സിനു മുകളിലുള്ള 26 കോടി ആളുകള്‍ പട്ടികയില്‍ മൂന്നാമതാണ്. 50 വയസ്സിനു താഴെയുള്ള പ്രത്യേക ആരോഗ്യപരിരക്ഷ വേണ്ടവര്‍ നാലാമതും. മുന്‍ഗണനയിലുള്ളവരുടെ വിവരങ്ങള്‍ നവംബര്‍ പകുതിയോടെ നല്‍കാന്‍ സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആധാര്‍ നമ്പറും ലിങ്ക് ചെയ്യും.

കോവിഡ് വാക്‌സിന്‍ വിതരണത്തിനു തെരഞ്ഞെടുപ്പു നടത്തുന്നതു പോലെയുള്ള സജ്ജീകരണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത ദേശീയ വാക്‌സിന്‍ വിദഗ്ധ സമിതി ചര്‍ച്ച ചെയ്തിരുന്നു. പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനമുപയോഗിച്ചാവും വിതരണമെന്നും സൂചനകളുണ്ട്.

നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്കു പുറമേ സ്‌കൂളുകളില്‍ ബൂത്തുകള്‍ സ്ഥാപിച്ചും മറ്റുമുള്ള വിതരണ സാധ്യതകളാണു പരിശോധിക്കുന്നത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി വാക്‌സിന്‍ വിതരണ സമയത്തു കണക്കിലെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു.

Keywords:  All Citizens Will Get Free Covid Vaccine: Union Minister Amid Backlash, New Delhi, Bihar, Election, Politics, Controversy, Minister, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia