ലഖ്നൗ: (www.kvartha.com 14.10.2020) ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെതിരെയുള്ള പീഡനക്കേസില്‍ പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥി മൊഴിമാറ്റി. ചൊവ്വാഴ്ച കേസ് പരിഗണിച്ചവേളയില്‍ ലഖ്നൗവിലെ പ്രത്യേക എംഎല്‍എ-എംപി കോടതിക്ക് മുമ്പാകെയാണ് 24കാരിയായ വിദ്യാര്‍ഥി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്. കോടതയില്‍ ഹാജരായ പെണ്‍കുട്ടി ചിന്മയാനന്ദിനെതിരെ നേരത്തെ നല്‍കിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ലൈംഗിക പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.
അതേസമയം പെണ്‍കുട്ടി കൂറുമാറിയതായും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ അപേക്ഷയുമായി കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാകണമെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രൊസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജഡ്ജി പി കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
ഷാജഹാന്‍പുരിലെ നിയമ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയാണ് ചിന്മായനന്ദിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം വലിയ വാര്‍ത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി. ഇതിനിടെ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ ഇരുവരും അറസ്റ്റിലായിരുന്നു. 2019 സെപ്റ്റംബറില്‍ ചിന്‍മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. നിലവില്‍ ഇരുവരും ജാമ്യത്തിലാണ്.