ഇടുക്കി: (www.kvartha.com 24.10.2020) കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അറുപത്തിയഞ്ച് ശതമാനം പെള്ളലേറ്റെങ്കിലും കുട്ടി അപകടനില തരണം ചെയ്തെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാര്‍ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു.
കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ മനു (മനോജ്)ഒളിവിലാണ്. മനോജിനെ ഡിഐഎഫ്ഐ പുറത്താക്കിയതായി അറിയിച്ചു. എന്നാല്‍ പീഡനശേഷം ഒളിവില്‍പ്പോയ മനുവിനെ കണ്ടെത്താനായി ജില്ലയ്ക്ക് അകത്തും പുറത്തുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വീട്ടുകാര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. മൊഴിയെടുത്തപ്പോള്‍ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതോടെ പോക്സോ ചുമത്തി മനുവിനെതിരെ കേസെടുത്തു.
പെണ്‍കുട്ടി ദളിത് വിഭാഗത്തില്‍പ്പെട്ടതായതുകൊണ്ട് അതിന്‍പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.