നേരത്തെ തന്നെ രണ്ട് ലക്ഷം വരെ അഡ്വാന്‍സ് തുക വാങ്ങും, പിന്നെ കരാര്‍ അടിസ്ഥാനത്തില്‍ മോഷണം നടത്തും; ബാങ്കില്‍നിന്ന് 20 ലക്ഷം കവര്‍ന്ന പ്രൊഫഷണല്‍ മോഷ്ടാവായ 11-കാരന്റ കഥ ഞെട്ടിപ്പിക്കുന്നത്
Oct 13, 2020, 18:15 IST
ചണ്ഡീഗഢ്: (www.kvartha.com 13.10.2020) സെപ്റ്റംബര്‍ 28-നാണ് ജിന്ധിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 20 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ബാങ്ക് അടക്കുന്നതിന് തൊട്ടുമുമ്പാണ് പണം നഷ്ടമായ വിവരം ജീവനക്കാരറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ക്യാഷ് കൗണ്ടറില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പണവുമായി മുങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീട് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളും.
ബാങ്കില്‍നിന്ന് 20 ലക്ഷം കവര്‍ന്ന 11 വയസ്സുകാരന്‍ ചില്ലറക്കാരനല്ലെന്ന് ഹരിയാന പോലീസ് പറയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ മോഷണം നടത്തുന്നതാണ് 11-കാരന്റെ രീതിയെന്നും മോഷണത്തിന് മുമ്പ് രണ്ട് ലക്ഷം വരെ അഡ്വാന്‍സ് തുകയായി കൈപ്പറ്റുമെന്നും പോലീസ് പറഞ്ഞു.
11-കാരനെ പിടികൂടിയതോടെയാണ് മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചത്. ലൊഹാരു ടൗണിലെ മറ്റൊരു ബാങ്കില്‍നിന്ന് ഇതേരീതിയില്‍ ആറ് ലക്ഷം രൂപ മോഷ്ടിച്ചതായി കുട്ടി വെളിപ്പെടുത്തിയിരുന്നു. കരാറെടുത്ത് മോഷണം നടത്തുന്നതാണ് 11-കാരന്റെ രീതി. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം വരെ അഡ്വാന്‍സ് വാങ്ങും. മോഷണത്തിനിടെ പിടിക്കപ്പെട്ടാല്‍ കരാര്‍ നല്‍കുന്നവര്‍ എല്ലാ ചിലവുകളും ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം നിരവധി മോഷണങ്ങളാണ് പ്രൊഫഷണല്‍ മോഷ്ടാവായ 11-കാരന്‍ നടത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
കേസിലെ പ്രധാന പ്രതികളായ 11-കാരന്റെ അമ്മാവനും പിതാവും ഒളിവിലാണ്. ഇവരെ പിടികൂടാനായി മധ്യപ്രദേശിലെ കാഡിയ ഗ്രാമത്തില്‍ ഹരിയാന പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഫലം കണ്ടില്ല. കുറ്റവാളികളുടെ താവളമായ കാഡിയ ഗ്രാമത്തില്‍ അഞ്ച് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസിന് പ്രവേശിക്കാനായത്. പോലീസ് പരിശോധന ആരംഭിച്ചതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍പോയ പ്രതികള്‍ക്കായി മധ്യപ്രദേശ് പോലീസുമായി സഹകരിച്ച് അന്വേഷണം തുടരുന്നു.
നിലവില്‍ ഹിസാറിലെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പ്രവേശിപ്പിച്ച 11-കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.