വിവാഹ ശേഷം മതം മാറാന്‍ തയ്യാറായില്ല; 23 കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

സോനബദ്ര: (www.kvartha.com 25.09.2020) വിവാഹ ശേഷം മതം മാറാന്‍ തയ്യാറാകാതിരുന്ന 23 കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ സോനബദ്രയില്‍ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സോനബദ്ര ജില്ലയിലെ ചോപ്പന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രീത് നഗറിന് അടുത്തുള്ള കാടിന്റെ പ്രാന്ത പ്രദേശത്തു നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണ് തല അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ ഈ മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞില്ല. വിവരം സോഷ്യല്‍ മീഡിയയിലും ഇട്ടിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ചൊവ്വാഴ്ചയോടെ പ്രീത് നഗറിലെ ലക്ഷ്മി നാരായണ്‍ എന്ന വ്യക്തി ഇത് തന്റെ മകള്‍ പ്രിയ സോണിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. വസ്ത്രവും മറ്റും വച്ചാണ് ഇയാള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. തന്റെ അനുവാദം ഇല്ലാതെ പ്രിയ സോണി ഒന്നര മാസം മുന്‍പ് ഇജാസ് അഹമ്മദ് എന്ന വ്യക്തിയെ വിവാഹം കഴിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി.


ഇജാസ് അഹമ്മദ് മകളെ മതം മാറുവാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും ലക്ഷ്മി നാരായണ്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഇജാസിനെ പിടികൂടാന്‍ സോനബദ്ര എസ് പിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം ഉണ്ടാക്കുകയും ബഗ്ഗാ നാല പാലില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ ഇയാളെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട ചിലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വിവാഹത്തിന് ശേഷം കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ ഭാര്യയെ ഓബ്റ പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സോനബദ്ര എസ് പി ആഷീഷ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രിയ മതംമാറാന്‍ തയ്യാറാകാതിരുന്നതോടെ സുഹൃത്ത് ഷോഹെയ്ബിന്റെ സഹായത്തോടെ ഇജാസ് പ്രിയയെ വനപ്രദേശത്ത് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം അടക്കമുള്ളവ ചേര്‍ത്താണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് എന്നും പൊലീസ് പറഞ്ഞു. പ്രതി ഇജാസ് കുറ്റം സമ്മതിച്ചതായും ഇയാളുടെ മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

Keywords: Woman's dead body found in UP's Sonbhadra, husband arrested, Marriage,Local News,Religion,News,Crime,Criminal Case,Police,Arrested,Dead Body,National.

Post a Comment

Previous Post Next Post