ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് ; മറ്റു ടീമുകളോട് കടുംപിടുത്തം; ബി സി സി ഐക്ക് ഇരട്ടത്താപ്പെന്ന് ആരോപണം

ദുബൈ: (www.kvartha.com 22.09.2020) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13-ാം സീസണുമായി ബന്ധപ്പെട്ടുള്ള വിവാദം ഒഴിയുന്നില്ല. വിദേശ താരങ്ങളുടെ ക്വാറന്റൈന്‍ കാലയളവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിദേശ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍ ഇളവ് അനുവദിച്ച ബിസിസിഐ, മറ്റു ടീമുകളുടെ താരങ്ങളുടെ കാര്യത്തില്‍ കടുംപിടിത്തം നടത്തുന്നുവെന്നാണ് ആരോപണം.

ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ പരമ്പരയ്ക്കുശേഷം 21 താരങ്ങളാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഐപിഎല്ലിനായി മാഞ്ചസ്റ്ററില്‍നിന്ന് ദുബൈയിലേക്ക് എത്തിയത്. ഫ്രാഞ്ചൈസികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇവരുടെ ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ 36 മണിക്കൂറാക്കി ബിസിസിഐ ഇളവു ചെയ്തിരുന്നു. ബയോ സെക്യുര്‍ ബബ്ലില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എത്തിയ സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍, ചെന്നൈ താരങ്ങള്‍ ഇളവു ചെയ്ത കാലയളവും പാലിച്ചില്ലെന്നാണ് വിമര്‍ശനം.ഈ സംഘത്തിനൊപ്പം എത്തിയ ചെന്നൈയുടെ ഓസീസ് താരം ജോഷ് ഹെയ്സല്‍വുഡും ഇംഗ്ലീഷ് താരം സാം കറനും 36 മണിക്കൂര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കും മുന്‍പ് ടീമിനൊപ്പം ചേര്‍ന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ സാം കറന്‍ ചെന്നൈയുടെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നു. വ്യാഴാഴ്ച മാത്രം ദുബൈയിലെത്തിയ കറനും ഹെയ്‌സല്‍വുഡും പിന്നീട് ദുബൈയില്‍ നിന്ന് ബസിലാണ് കളിസ്ഥലത്ത് എത്തിയത്. ഇതിനിടെ 36 മണിക്കൂര്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം.

അതേസമയം, ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാകാത്തതിനാല്‍ ചൊവ്വാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറിന് കളിക്കാന്‍ അനുവാദവുമില്ല. മറ്റു താരങ്ങള്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എത്തിയപ്പോള്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രത്യേക വിമാനത്തില്‍ എത്തിയ ബട്ലറിന്റെ ക്വാറന്റൈന്‍ കാലാവധി ഇളവു ചെയ്യാത്ത സാഹചര്യത്തിലാണ് വിമര്‍ശനം.

ബി സി ഐയുടെ ഈ നിലപാട് കാണുമ്പോള്‍ ചെന്നൈയ്ക്ക് സുരക്ഷ ബാധകമല്ലേ എന്ന ചോദ്യമാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 13-ാം സീസണില്‍ സംഘാടകരും ടീമുകളും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. യുഎഇയില്‍ എത്തിയതു മുതല്‍ ബയോ സെക്യുര്‍ ബബ്‌ളെന്ന പ്രത്യേക ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാണ് താരങ്ങളെല്ലാം. ഇക്കാര്യത്തില്‍ ടീമുകള്‍ക്കെല്ലാം ഒരേ ചട്ടമാണെങ്കിലും പിന്നീട് യുഎഇയിലെത്തിയ വിദേശ താരങ്ങളുടെ ക്വാറന്റൈന്‍ കാലയളവിന്റെ കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്തത്.

ബിസിസിഐയും യുഎഇ സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് യുഎഇയിലെത്തിയതു മുതല്‍ ടീമുകള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരുന്നത്. എന്നാല്‍, ടൂര്‍ണമെന്റിനായി എത്തിയ 21 വിദേശ താരങ്ങളില്‍ ചിലരുടെ ക്വാറന്റൈന്‍ കാലയളവ് ബിസിസിഐ ഇളച്ചുകൊടുത്തതാണ് മറ്റു ടീമുകളുടെ അപ്രീതിക്കു കാരണം.

'ഞങ്ങളുടെ ടീമംഗങ്ങളെയും സ്റ്റാഫ് അംഗങ്ങളെയും ബയോ സെക്യുര്‍ ബബ്‌ളിനുള്ളില്‍ സുരക്ഷിതരാക്കുന്നതിന് വന്‍ തുകയാണ് ചെലവഴിക്കുന്നത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ പരമ്പരയ്ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലേക്കെത്തിയ രണ്ട് താരങ്ങളുടെ കാര്യം നോക്കൂ. അവരുടെ ക്വാറന്റൈന്‍ കാലയളവ് ബിസിസിഐ ഇളവുചെയ്ത് 36 മണിക്കൂറാക്കിയെങ്കിലും അതിനും മുന്‍പേ അവര്‍ രണ്ടു മണിക്കൂര്‍ ബസില്‍ യാത്ര ചെയ്താണ് അബൂദബിയില്‍ എത്തിയത്. ഈ രണ്ടു മണിക്കൂറിനിടെ അവര്‍ വൈറസ് ബാധിതരായെങ്കില്‍ മറ്റുള്ളവരുടെ സുരക്ഷ കൂടിയല്ലേ അപകടത്തിലാകുന്നത്' ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് 'ടൈംസ് നൗന്യൂസ് ഡോട് കോം' റിപ്പോര്‍ട്ട് ചെയ്തു.

മാഞ്ചസ്റ്ററില്‍നിന്ന് ദുബൈയിലെത്തിയ സാം കറനും ജോഷ് ഹെയ്സല്‍ വുഡിനും 36 മണിക്കൂര്‍ ക്വാറന്റൈനാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍, അതുപോലും പൂര്‍ത്തിയാക്കാതെയാണ് ഇരുവരും ടീമിനൊപ്പം ചേര്‍ന്നതെന്നാണ് വിമര്‍ശനം. 'ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഇരട്ടത്താപ്പ് പ്രകടമാണ്. എല്ലാവര്‍ക്കുമൊപ്പം ഇവരുടെയും ക്വാറന്റൈന്‍ കാലായളവ് ബിസിസിഐ ഇളവു െചയ്തു നല്‍കിയെങ്കിലും ആ 36 മണിക്കൂര്‍ പോലും അവര്‍ പൂര്‍ത്തിയാക്കിയില്ല. മത്സരത്തിനു നാലു മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതിനാല്‍ 36 മണിക്കൂര്‍ പൂര്‍ത്തിയാക്കും മുന്‍പ് അവര്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ചു' എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരായി ഫലം നെഗറ്റീവായാലും കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പിക്കാനാകില്ലെന്ന സ്ഥിതി നിലനില്‍ക്കെയാണ് ഇതെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ഡെല്‍ഹി ക്യാപിറ്റല്‍സ് ഫിസിയോയുടെ അനുഭവവും ഇവര്‍ ഉദാഹരണമായി എടുത്തുകാട്ടി.

Keywords: Franchises accuse BCCI of double standards over quarantine rules for overseas players in UAE,Dubai,Abu Dhabi,IPL,Cricket,Sports,Controversy,BCCI,Criticism,Gulf,World.

Post a Comment

Previous Post Next Post