ഹൃദയവും കുടലും വലതുഭാഗത്തും കരൾ ഇടതു ഭാഗത്തുമായി ജനിച്ച നവജാതശിശുവിന് വിജയകരമായ പേസ്‌മേകര്‍ ശസ്ത്രക്രിയ

 


കൊച്ചി: (www.kvartha.com 13.02.2021) ഹൃദയവും കുടലും വലതുഭാഗത്തും കരൾ ഇടതു ഭാഗത്തുമായി അസാധാരണമായി ജനിച്ച ഹൃദയരോഗിയായ നവജാത ശിശുവിന് ആസ്റ്റർ മെഡിസിറ്റിയിൽ പേസ് മേകർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പാലക്കാട് സ്വദേശികളുടേതാണ് ശിശു. കുട്ടി ജനിച്ച് ഒരു ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ആസ്റ്ററിൽ എത്തിച്ചത്. 

ഹൃദയവും കുടലും വലതുഭാഗത്തും കരൾ ഇടതു ഭാഗത്തുമായി ജനിച്ച നവജാതശിശുവിന് വിജയകരമായ പേസ്‌മേകര്‍ ശസ്ത്രക്രിയ


സൈറ്റസ് ഇന്‍വേഴ്സസ് വിത് ഡെക്സ്ട്രോകാര്‍ഡിയ എന്ന അവസ്ഥയാണ് ശിശുവിന് ബാധിച്ചത്. ഇതിന് പുറമേ ഹൃദയത്തിന്റെ ആന്തരികഭിത്തിയില്‍ നിരവധി ദ്വാരങ്ങളും ഉണ്ടായിരുന്നു. ചുണ്ടില്‍ നീല നിറം കണ്ടതിനെ തുടര്‍ന്ന് നടത്തിയ ഇകോ ടെസ്റ്റിലാണ് കുഞ്ഞിന് അതിസങ്കീര്‍ണ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് കുഞ്ഞിനെ പാലക്കാട്ടെ ആശുപത്രിയില്‍ നിന്നും ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഇസിജി പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ പൂര്‍ണ തോതില്‍ ബ്ലോക് ഉണ്ടായിരുന്നു. കൂടാതെ ഹൃദയമിടിപ്പ് മിനിറ്റില്‍ 110 മുതൽ 140 വരെ വേണ്ടിടത്ത് 40 എന്ന നിരക്കിലായിരുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും സുപ്രധാന അവയവങ്ങള്‍ക്കുള്ള രക്തവിതരണം തടസ്സപ്പെടുത്തുകയും ചെയ്തു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൃദയത്തില്‍ അടിയന്തരമായി പേസ്മേകര്‍ ഘടിപ്പിക്കുകയെന്നതായിരുന്നു ഏക പോംവഴിയെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അമിതോസ് സിംഗ് ബെയ്ദ്വാന്‍ അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 120 എന്ന സാധാരണ നിലയിലേക്ക് മെച്ചപ്പെട്ടു. മുലപ്പാലും കുടിച്ച് തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ശിശുവിനെ ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിന്റെ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചികിത്സകള്‍ ആവശ്യമാണെന്നും മൂന്ന് മാസം പ്രായമാകുമ്പോള്‍ മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോ. അമിതോസ് സിംഗ് പറഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു കേസ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തുന്നത്.

പീഡിയാട്രിക് കാര്‍ഡിയോവാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തില്‍ പീഡിയാട്രിക് കാര്‍ഡിയോജിസ്റ്റ്, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, അനസ്‌തേഷ്യ ടീം എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.


Keywords:  New Born Child, Surgery, Kochi, Kerala, News, Top-Headlines, Successful pacemaker surgery for newborn born with heart, intestines on the right and liver on the left.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia