Follow KVARTHA on Google news Follow Us!
ad

കോവിഡ് ബാധിച്ച ദമ്പതികൾക്ക് പിറന്ന കുഞ്ഞിനെ ആര് നോക്കും? ആശങ്കയിലിരിക്കുമ്പോൾ കടന്നു വന്ന് പരിപാലിച്ച ആ സ്ത്രീയും കുഞ്ഞും ബലി പെരുന്നാളിന് വീണ്ടും സന്ധിച്ചു; മഹാമാരി കാലത്തെ അപൂര്‍വ്വ സ്‌നേഹ ബന്ധത്തിന്റെ കഥ വായിക്കാം

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് ജനിച്ചെങ്കിലും നെഗറ്റീവായിരുന്നു UAE: Blessed Eid for Indian #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഗര്‍ഭിണിയായ യുവതിക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചെങ്കിലും കുട്ടി ജനിച്ചപ്പോള്‍ നെഗറ്റീവായത് ആശ്വാസമായി; എന്നാല്‍ കുഞ്ഞിനെ ആര് നോക്കുമെന്ന് റാസ് അല്‍ ഖൈമയില്‍ താമസിക്കുന്ന മലയാളി ദമ്പതികള്‍ ആശങ്കപ്പെട്ടിരിക്കുമ്പോള്‍ ഒരു മലയാളി സ്ത്രീ കടന്ന് വന്നു, മഹാമാരി കാലത്തെ അപൂര്‍വ്വ സ്‌നേഹ ബന്ധം കഴിഞ്ഞ ബലിപെരുന്നാളിന് വീണ്ടും തളിര്‍ത്തു

റാസ് അല്‍ഖൈമ (ദുബൈ): (www.kvartha.com 03.08.2020) മഹാമാരി കാലത്ത് സ്വന്തം മാതാപിതാക്കളെ പോലും ശുശ്രൂഷിക്കാന്‍ കഴിയാത്ത അവസ്ഥയണല്ലോ, എന്നാല്‍ കോവിഡ് പോസിറ്റീവായ ദമ്പതികളുടെ നവജാത ശിശുവിനെ നോക്കിയ മറ്റൊരമ്മയുടെ കഥ ഈ കെട്ടകാലത്തും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. റാസ് അല്‍ ഖൈമയില്‍ താമസിക്കുന്ന പയ്യന്നൂര്‍ പെരുമ്പയിലെ മുബ്ഷിറ ഇസ്മയിലിനും ഭര്‍ത്താവ് ഇസ്മയില്‍ ചെന്നോത്തിനും കോവിഡ് പോസിറ്റീവായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലായിരുന്നു. കാരണം മുബ്ഷിറ ഗര്‍ഭിണിയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് ജനിച്ചെങ്കിലും നെഗറ്റീവായിരുന്നു. എന്നാല്‍ കുഞ്ഞിനെ ആര് നോക്കും എന്നത് ഇരുവര്‍ക്കും മുന്നില്‍ മഹാമാരിയേക്കാള്‍ വലിയ ചോദ്യചിഹ്നമായി ഉയര്‍ന്നുവന്നു. കുട്ടിയെ അമ്മയ്‌ക്കൊപ്പം കഴിയാന്‍ അനുവദിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതാണ് ഇവരെ ധര്‍മ്മസങ്കടത്തിലാക്കിയത്.

ആറും ഏഴും വയസ്സുള്ള മൂത്ത കുട്ടികളെ ആരെ ഏല്‍പ്പിക്കും. സൂപ്പര്‍മാര്‍ക്കറ്റിലെ ഏരിയ മാനേജറായ ഇസ്മായിലില്‍ നിന്നാണ് മുബ്ഷിറക്ക് വൈറസ് ബാധിച്ചത്. ഇസ്മായില്‍ ക്വാറന്റയിനിലുമായി. കഴിഞ്ഞ ചെറിയ പെരുന്നാളിന് തലേദിവസമാണ് (മെയ് 24) ഈ സംഭവങ്ങളെല്ലാം നടന്നത്. ഭര്‍ത്താവ് ക്വാറന്റയിനിലായതിനാല്‍ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രതിനിധികളാണ് മുബഷിറയെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ രണ്ട് ടെസ്റ്റും നെഗറ്റീവായിരുന്നു. അതിനാല്‍ ജനിച്ച ശേഷം രണ്ട് ദിവസം നഴ്‌സുമാര്‍ പരിചരിച്ചു. അടുത്ത ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. മുബ്ഷിറയുടെ സഹോദരി അബുദാബിയില്‍ ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെ അവിടെ എത്തിക്കുക ബുദ്ധിമുട്ടായിരുന്നു. ഈ സമയത്താണ് ദൈവത്തിന്റെ വിളി പോലെ ഒരു ഫോണ്‍കോള്‍ ഇസമായിലിനെ തേടിയെത്തിയത്. റാസ് ആല്‍ ഖൈമയിലെ ഒരു ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യുന്ന മുസ്തഫയായിരുന്നു അത്. തന്റെ നിസ്സഹായവസ്ഥ ഇസ്മയില്‍ പറഞ്ഞപ്പോള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മുസ്തഫ സമ്മതിച്ചു. മുസ്തഫയ്ക്കും ഭാര്യ ജുമാനയ്ക്കും നാല് മക്കള്‍ ഉള്ളപ്പോഴാണ് അവരീ പിഞ്ചോമനയെ പരിചരിക്കാന്‍ മുന്നോട്ടുവന്നത്.

മലപ്പുറം സ്വദേശിനി ജുമാനയും ഭര്‍ത്താവ് മുസ്തഫയും മുബ്ഷിറയുടെ പൊന്നോമനയെ ജനിച്ച് വീണ് മൂന്നാം ദിവസം മുതല്‍ കൊഞ്ചിച്ചും താലോലിച്ചും ഓമനിച്ചും വളര്‍ത്തി. ഇസ്മയിലിന്റെയും മുസ്തഫയുടെയും മക്കള്‍ ഒരു സ്‌കൂളിലാണ് പഠിക്കുന്നത് എന്നതിനപ്പുറം ഇരുവരും തമ്മില്‍ യാതൊരു പരിചയവും ഇല്ലായിരുന്നു. എന്നിട്ടും തന്റെ പൊന്നോമനയെ മുസ്തഫയും ജുമാനയും ഏറ്റെടുക്കാന്‍ തയ്യാറായത് ഇന്നും ഒരത്ഭുതമായാണ് ഇസ്മയില്‍ ഇന്നും കാണുന്നത്.

അതേസമയം കോവിഡ് ബാധിച്ച അമ്മയുടെ കുഞ്ഞിനെ നോക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നെന്നും പക്ഷെ, അതൊന്നും വകവെയ്ക്കാതെ അവരെ സഹായിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും മുസ്തഫ പറഞ്ഞു. തങ്ങളുടെ നാല് മക്കള്‍ക്കൊപ്പം ഇസ്മയിലിന്റെയും മുബ്ഷിറയുടെയും കുഞ്ഞായ അഹമ്മദിനെയും അവര്‍ നന്നായി പരിചരിച്ചു. തന്റെ ഇളയമകന് രണ്ട് വയസ്സേ ഉള്ളൂ, അവന്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുമോ എന്നായിരുന്നു ആശങ്കയെന്നും ദൈവകൃപ കൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും ജുമാന പറഞ്ഞു. എല്ലാ ദിവസവും കുഞ്ഞിന്റെ വിശേഷങ്ങള്‍ മുബ്ഷിറയുമായി വാട്‌സാപ്പിലൂടെ പങ്കുവയ്ക്കുമായിരുന്നു. കുട്ടികള്‍ അഹമ്മദിനെ കളിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും അയച്ചു കൊടുക്കുമായിരുന്നെന്നും ജുമാന ഓര്‍മിക്കുന്നു.



അഹമ്മദിനെ വീട്ടിലെത്തിച്ച് മൂന്നാംദിവസം വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. ഞങ്ങള്‍ ഏറ്റെടുത്ത വെല്ലുവിളിയെ ഡോക്ടര്‍ പ്രശംസിച്ചു. ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും നവജാതശിശുവിനെ അടുത്തബന്ധുക്കളാണ് പരിചരിച്ചിരുന്നതെന്നും ഡോക്ടര്‍ പറഞ്ഞതായി മുസ്തഫ പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവാകുന്നവരെ ആളുകള്‍ അകറ്റിനിര്‍ത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ കേട്ടിട്ടുണ്ട് അതിനൊരു മാറ്റംവരാന്‍ തങ്ങളുടെ സഹായത്തിലൂടെ കഴിയണമെന്ന് ആഗ്രഹമുണ്ടെന്നും മുസ്തഫ പറഞ്ഞു.



കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ജനിച്ച ശേഷം അഹമ്മദ് തന്റെ ഉമ്മയേയും വാപ്പയേയും കണ്ടത്. മകനല്ലെങ്കിലും കുഞ്ഞ് അഹമ്മദിനെ അവന്റെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഏറെ പ്രയാസമായിരുന്നെന്ന് ജുമാന പറഞ്ഞു. അതിന് ശേഷം അവന്റെ ഫോട്ടേയും വീഡിയോയും ഉമ്മ അയച്ചുതരാമായിരുന്നെന്ന് ജുമാന പറഞ്ഞു. അഹമ്മദിനെ കാണണമെന്ന് ഉണ്ടായിരുന്നെങ്കിലും കോവിഡ് ഭീതി കാരണം നടന്നില്ല. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച, വലിയ പെരുന്നാളിന് അവനെ വീണ്ടും കണ്ടുമുട്ടി. അത് രണ്ട് കുടുംബങ്ങളുടെയും സ്‌നേഹ സംഗമം കൂടിയായി.


Keywords: COVID-19, Child, Couples, Father, Gulf, Malayalees, Mother, New Born Child, News, World, Ras Al Khaimah, corona, UAE: Blessed Eid for Indian mother of 4 who took care of newborn whose mum had coronavirus.