SWISS-TOWER 24/07/2023

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭര്‍ത്താവ് കട്ടിലില്‍നിന്ന് വീണ് ബോധരഹിതനായെന്ന് ഭാര്യ; പരിശോധനയില്‍ പരിക്ക് കണ്ടെത്തിയത് സ്വകാര്യഭാഗങ്ങളില്‍, ചുരുളഴിഞ്ഞത് യുവ എന്‍ജിനീയറുടെ കൊലപാതകം

 


ADVERTISEMENT

മധുര: (www.kvartha.com 03.08.2020) സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത തമിഴ്‌നാട്ടിലെ യുവ എന്‍ജിനീയറുടെ മരണം കൊലപാതകമെന്ന് പോലീസ്. മധുര തിരുമംഗലം സ്വദേശിയും സര്‍വേ വകുപ്പിലെ എന്‍ജിനീയറുമായ ഇ. സുന്ദര്‍ എന്ന സുധീര്‍(34) ആണ് മരിച്ചത്. ഭാര്യയും ബന്ധുക്കളായ രണ്ട് പേരും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടിയതായും പോലീസ് അറിയിച്ചു.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭര്‍ത്താവ് കട്ടിലില്‍നിന്ന് വീണ് ബോധരഹിതനായെന്ന് ഭാര്യ; പരിശോധനയില്‍ പരിക്ക് കണ്ടെത്തിയത് സ്വകാര്യഭാഗങ്ങളില്‍, ചുരുളഴിഞ്ഞത് യുവ എന്‍ജിനീയറുടെ കൊലപാതകം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കട്ടിലില്‍നിന്ന് നിലത്തേക്ക് വീണ ഭര്‍ത്താവ് ബോധരഹിതനായെന്ന് പറഞ്ഞാണ് സുധീറിനെ ഭാര്യ അറിവുസെല്‍വം ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മരണത്തില്‍ സംശയം തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് തിരുമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പിന്നീട് മൃതദേഹ പരിശോധനയില്‍ യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ പരിക്കേറ്റതായും കണ്ടെത്തി. ഇതോടെ അന്നേദിവസം തന്നെ അറിവുസെല്‍വത്തെ പോലീസ് വിശദമായി ചോദ്യംചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് യുവതി സമ്മതിച്ചു. ഭര്‍ത്താവ് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പറഞ്ഞു. ഇത് ചെറുത്താല്‍ ക്രൂരമായി മര്‍ദിക്കും. ഇത് പതിവായതോടെയാണ് ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഭര്‍ത്താവിന് പാലില്‍ ഉറക്കഗുളിക കലര്‍ത്തിനല്‍കി. ഇതിനുപിന്നാലെ ബന്ധുക്കളായ ബാലാമണിയെയും സുമയാറിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവര്‍ യുവാവിനെ പ്ലാസ്റ്റിക്ക് ചാക്കിലാക്കി കെട്ടി. ഇതിനിടെ ഇരുവരും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏറെനേരം പ്ലാസ്റ്റിക് ചാക്കില്‍ കിടന്ന് ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് അറിവുസെല്‍വം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

എട്ട് വര്‍ഷം മുമ്പാണ് സ്‌കൂള്‍ അധ്യാപികയായ അറിവുസെല്‍വത്തെ സുധീര്‍ വിവാഹം കഴിച്ചത്. ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്.
   
Keywords: News, National, India, Tamilnadu, Killed, Death, Crime, Husband, Wife, Police, Case, Accused, Hospital, Engineer killed by his wife and her relatives in Tamilnadu
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia