സിജോ കുരുവിള ജോര്‍ജ് കേന്ദ്ര ശാസ്ത്രസാങ്കേതിക നയരൂപീകരണ സമിതിയില്‍

കൊച്ചി: (www.kvartha.com 06.07.2020) സ്റ്റാര്‍ട്അപ് വില്ലേജ് സ്ഥാപക സിഇഒയും റീ തിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സിജോ കുരുവിള ജോര്‍ജ് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയരൂപീകരണത്തിനായുള്ള വിദഗ്ധസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിലെ സംരഭകത്വം സംബന്ധിച്ച നയങ്ങള്‍ രൂപീകരിക്കുന്ന എട്ടംഗസമിതിയിലാണ് കേരളത്തിന്റെ അഭിമാനമുയര്‍ത്തി സിജോയും ഇടംപിടിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറും ഡിപ്പാര്‍ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നാണ് 2020 ലെ ശാസ്ത്രസാങ്കേതിക നയം (സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പോളിസി 2020) രൂപീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.

നിലവിലുള്ള 2013 ലെ നയം നവീനമായ മാറ്റങ്ങളോടെ പുതുക്കുക എന്ന ദൗത്യമാണ് സിജോ ഉള്‍പ്പെട്ട സംഘത്തിനുള്ളത്. ബഹിരാകാശം, ആരോഗ്യം, ആറ്റോമിക് ഫിസിക്സ് തുടങ്ങിയവയ്ക്കൊപ്പമാണ് നയത്തിലുള്‍പ്പെടുത്തേണ്ട സംരഭകത്വ മേഖലയിലെ നവീനമായ മാറ്റങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. നയരൂപീകരണത്തിലെ ആദ്യഘട്ടം രൂപീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതിയിലാണ് സിജോ കുരുവിളയുമുള്ളത്. രണ്ടാംഘട്ടമായി സംസ്ഥാനങ്ങളോടും മൂന്നാം ഘട്ടമായി കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളോടും ശുപാര്‍ശ തേടും. ഇത് രാജ്യത്തെ അഞ്ചാമത്തെ ശാസ്ത്രസാങ്കേതിക നയമാണ്.

സിജോ ഉള്‍പ്പെട്ട സംഘത്തെ നയിക്കുന്നത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ തലവനായ ഹര്‍ക്കേഷ് മിത്തലാണ്. സ്റ്റാര്‍ട് അപ് ഇന്ത്യ ഡയറക്ടര്‍ ശ്രുതി സിങും സംഘത്തിലുണ്ട്. സ്റ്റാര്‍ട്അപ് വില്ലേജ് സ്ഥാപക സിഇഒ എന്ന നിലയിലാണ് സിജോ തിരഞ്ഞെടുക്കപ്പെട്ടത്. ' രാജ്യത്തെ സ്റ്റാര്‍ട്അപ് രംഗത്ത് കേരളവും സ്റ്റാര്‍ട്അപ് വില്ലേജും കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെ പ്രതിഫലനമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് സിജോ കുരുവിള പറഞ്ഞു. ഇത് വഴി രാജ്യത്തെ സ്റ്റാര്‍ട് അപ് രംഗം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണയും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായിരിക്കും ശ്രമം. കേരളത്തിലെ സ്റ്റാര്‍ട്അപ് രംഗത്തെ അനുഭവപരിചയം നയരൂപീകരണത്തില്‍ കാര്യമായി വിനിയോഗിക്കാനാകുമെന്നും സിജോ വ്യക്തമാക്കി.

കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളില്‍ നിന്ന് ശാസ്ത്രസാങ്കേതിക രംഗത്തെ സംരഭകരെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ രാജ്യത്ത് ആരംഭിച്ച ആദ്യ ടെലികോം ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട് അപ് വില്ലേജിനെ അഞ്ചുവര്‍ഷം മുന്നില്‍ നിന്ന് നയിച്ചത സിജോ കുരുവിളയായിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റേഴ്സ് ലീഡര്‍ഷിപ്പ് പ്രോഗ്രാമടക്കമുള്ള രാജ്യാന്തരം അംഗീകാരങ്ങളും നേടിയ സിജോ ഇപ്പോള്‍ രാജ്യത്തെ മികച്ച സ്റ്റാര്‍ട് അപ് കമ്പനികളുടെ ഉപദേശകസമിതിയിലുണ്ട്.കേരളത്തിലെ സ്റ്റാര്‍ട്അപ് രംഗത്തെ അടുത്തറിഞ്ഞ വിരലില്‍ എണ്ണാവുന്ന വ്യക്തികളില്‍ ഒരാളാണ് സിജോ കുരുവിള.

'സാങ്കേതിക മേഖലയില്‍ സംരഭകത്വ വികസനത്തിനായി കേരളം ആവിഷ്‌കരിച്ച ഒരു മോഡല്‍ ഉണ്ട്. ഇതടക്കം നൂതനമായ പല പദ്ധതികളും മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുന്നതിനുള്ള പാത തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിജോ പറഞ്ഞു. വിദ്യാര്‍ഥികളില്‍ സംരഭകത്വം വികസിപ്പിക്കുന്നതിനുള്ള റാസ്ബെറി പൈ പ്രോഗ്രാം, സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായുള്ള ഫണ്ട് ഓഫ് ഫണ്ട് പദ്ധതി, യുവ സംരഭകരെ ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എസ്.വി സ്‌ക്വയര്‍, ഐഡിയാ ഗ്രാന്റ് മുതലായ പദ്ധതികള്‍ എന്നിങ്ങനെ അനേകം പദ്ധതികളില്‍ കേരളം മാതൃകയാണ്. ആദ്യ ടെക്നോളജി സ്റ്റാര്‍ട്അപ് നയം നടപ്പാക്കിയ സംസ്ഥാനവും കേരളമായിരുന്നു. ഈ നയരൂപീകരണത്തിലും സിജോയുടെ വിലപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു.

സ്റ്റാര്‍ട്അപ് മേഖലയിലെ അവസരങ്ങളും സാങ്കേതിക നയങ്ങളും സംബന്ധിച്ച്് സംരഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന റീ തിങ്ക് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് സിജോ കുരുവിള. റീ തിങ്ക് ഫൗണ്ടേഷനിലൂടെ സ്റ്റാര്‍ട് അപുകളെയും ഈ രംഗത്തെ സംഘടനകളെയും നയരൂപീകരണത്തില്‍ പങ്കാളികളാക്കുന്നുണ്ട്. നയരൂപീകരണത്തിലെ ശുപാര്‍ശകള്‍ ഈ ഇമെയില്‍ വിലാസത്തില്‍ അയക്കാം.  stip@rethinkfoundation.in,  policy@rethinkfoundation.in and office@sijokuruvilla.in .Keywords: Kochi, Kerala, News, Central Government, Sijo Kuruvilla George, Sijo Kuruvilla George is selected as the member of Central Government's STIP 2020
Previous Post Next Post