പുതിയ 'നമ്പറുമായി' ആര്‍ ടി ഒ; ഇനിമുതല്‍ കെ എല്‍ 01, കെ എല്‍ 07, കെ എല്‍ 14 എന്നീ രീതിയിലുള്ള രജിസ്‌ട്രേഷന്‍ ഇല്ല; നമ്പര്‍ പ്ലേറ്റുകളുടെ രജിസ്‌ട്രേഷന്‍ രീതി മാറ്റാനൊരുങ്ങുന്നു

തിരുവനന്തപുരം: (www.kvartha.com 01.07.2020) നമ്പര്‍ പ്ലേറ്റുകളുടെ രജിസ്‌ട്രേഷന്‍ രീതി മാറ്റുന്നെന്ന് റിപ്പോര്‍ട്ട്. ആര്‍ടിഒ കോഡിന് പകരം വര്‍ഷം കൊണ്ടുവരാനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പുതിയ നീക്കം. ഇങ്ങനെ നിലവില്‍ വന്നാല്‍ ആര്‍ടി ഓഫിസുകളുടെ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള രീതി മാറി രജിസ്റ്റര്‍ ചെയ്യുന്ന വര്‍ഷാടിസ്ഥാനത്തിലായിരിക്കും ഇനി വാഹനങ്ങളുടെ നമ്പര്‍. 

1989 മുതലാണ് ആര്‍ടി ഓഫിസുകളുടെ നമ്പര്‍ അടിസ്ഥാനപ്പെടുത്തി വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന രീതി നിലവില്‍ വന്നത്. അന്ന് കെ എല്‍ 1 മുതല്‍ കെ എല്‍ 15 വരെയായിരുന്നു രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് അത് കെ എല്‍ 86 വരെയെത്തി നില്‍ക്കുകയാണ്. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് പെട്ടന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഇതിനാലാണ് രജിസ്‌ട്രേഷന്‍ രീതി മാറ്റുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.പുതിയ രീതി നിലവില്‍ വന്നാല്‍ 2020 ല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കെ എല്‍ 20 എ എ എന്നായിരിക്കും നമ്പര്‍ തുടങ്ങുക. 2021 ആണെങ്കില്‍ കെ എല്‍ 21 എ എ എന്നാണ് നമ്പര്‍ വരുന്നത്. ഇനി 2020 ല്‍ 9999 വണ്ടിയുടെ രജിസ്‌ട്രേഷന്‍ നടന്നാല്‍ പിന്നെ കെ എല്‍ 20 എ ബി എന്നായിരിക്കും രജിസ്‌ട്രേഷന്‍ നടത്തുക.

കെ എല്‍ 01 മുതല്‍ 86 വരെയുണ്ടാകുമ്പോള്‍ 1 എന്ന നമ്പര്‍ ഒരേ വര്‍ഷം 86 വണ്ടികള്‍ക്ക് ലഭിക്കുമായിരുന്നു(കെ എല്‍ 01 - 1, കെ എല്‍ 86 - 1 എന്നിങ്ങനെ). എന്നാല്‍ ഇനി മുതല്‍ ഒരു നമ്പര്‍ സീരീസിൽ ഒറ്റ വണ്ടിക്ക് മാത്രമോ ലഭിക്കൂ. ഇതോടെ ആഡംബര നമ്പറുകളുടെ സാധ്യത കുത്തനെ ഇടിയുകയും ഇത്തരം നമ്പറുകളുടെ വില കുത്തനെ ഉയരുകയും ചെയ്യും. 

മാത്രമല്ല മുമ്പ് ജില്ലാ തലത്തിലായിരുന്നു നമ്പര്‍ ലേലത്തില്‍ വെച്ചിരുന്നതെങ്കില്‍ പുതിയ രീതി നിലവില്‍ വരുന്നതോടെ ലേലം സംസ്ഥാന തലത്തിലായിരിക്കും നടക്കുക. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ പുതിയ രീതി നിലവില്‍ വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

Keywords: Kerala, News, Motor vehicle, Department, Office, Vehicles, Auto & Vehicles, Minister, Police, Registration, RTO, Number Plate, RTO to change vehicle number plates registration in Kerala.
Previous Post Next Post