പൂന്തുറയില്‍ ചക്കളത്തിപ്പോരും പൊറാട്ട് നാടകവും ചിത്രവധവും; ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതല്ലിത്

പൂന്തുറയില്‍ ചക്കളത്തിപ്പോരും പൊറാട്ട് നാടകവും ചിത്രവധവും; ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതല്ലിത്

തിരുവനന്തപുരം: (www.kvartha.com 11.07.2020) കോവിഡ് സമ്പര്‍ക്കം അതിരൂക്ഷമായതോടെ തലസ്ഥാന നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടിയെങ്കിലും അനാവശ്യ രാഷ്ട്രീയ കോലാഹലങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെയും പൂന്തുറക്കാരുടെയും ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നു. നിഷ്ങ്കളങ്കരായ മത്സ്യത്തൊഴിലാളികളെ തെരുവിലിറക്കിവിട്ട് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നാണ് സര്‍ക്കാരും സി.പി.എമ്മും ആരോപിക്കുന്നത്. അതേസമയം അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അവ ലഭിക്കാതെ വരുകയും ആശുപത്രിയിലുള്ള ബന്ധുക്കള്‍ക്കും മറ്റും മതിയായ ചികിത്സാസൗകര്യങ്ങളും ഭക്ഷണവും ലഭിക്കാതിരുന്നതോടെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിന് രണ്ടിനും ഇടയിലെവിടെയോ ആണ് സത്യം. മഹാമാരിയെ നേരിടുമ്പോള്‍ കടുത്തനിയന്ത്രണങ്ങളും വീഴ്ചകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് നീതീകരിക്കാനാവാത്ത നടപടിയാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു.

വെള്ളിയാഴ്ച പൂന്തുറയില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ സിപിഎം പ്രവര്‍ത്തകരായ ബെയ്ലിന്‍ ദാസും ബേബി മാത്യുവും ഉണ്ടായിരുന്നെന്നും ഇരുവരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ ചില പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ വിവാദം കൊഴുത്തു.
എന്നാല്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് സി.പി.എം പറയുന്നു. ഇരുവരും നില്‍ക്കുന്ന യഥാര്‍ഥ ചിത്രങ്ങള്‍ ശനിയാഴ്ച സി.പി.എം പുറത്തുവിട്ടു. ബെയ്ലിന്‍ ദാസ് പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പം നിന്നും ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.


വി എസ് ശിവകുമാര്‍ എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുകയായിരുന്നെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഇതിനെ ആരോഗ്യപ്രവര്‍ത്തകരടക്കം അപലപിച്ചിരുന്നു. കിട്ടിയ അവസരം മുതലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍തിരിയണമെന്നും പറഞ്ഞിരുന്നു. ആ നാണക്കേടില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതെന്നും സി.പി.എം ആരോപിക്കുന്നു. ചെറുവളളങ്ങളിലും മറ്റും പോയി മത്സ്യബന്ധനം നടത്തി പ്രദേശത്ത് വില്‍്ക്കുന്നതിനും മത്സ്യഫെഡിന് നല്‍കുന്നതിനും അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രദേശത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ തീരദേശത്തെ സാധാരണജീവിതത്തെ ബാധിച്ചെന്നും കോവിഡ് ഭീഷണിയും സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണവും മൂലം തീരദേശവാസികള്‍ക്ക് കടലില്‍ പോകാനോ, മീന്‍ പിടിക്കാനോ, മീന്‍ വില്ക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. അവശ്യസാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ചികിത്സയും ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതികള്‍ പ്രവഹിക്കുന്നതായും അദ്ദേഹം പറയുന്നു. സൗജന്യ റേഷന്‍ വിതരണം ചെയ്യുക, ഒരു മാസത്തെ വിവിധ സാമൂഹിക ക്ഷേമപെന്‍ഷനുള്‍ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ വരുമാനം ലഭിക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം നല്കുക എന്നീ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കടകള്‍ അഞ്ച് മണിവരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവശ്യസാധനങ്ങളും റേഷനും മറ്റും വിതരണം ചെയ്ത് തുടങ്ങിയെന്ന് ജില്ലാ ഭരണകൂടവും നഗരസഭയും പറയുന്നു.
Keywords: Petty politics loose confidence of health workers and natives of Poonthura during Covid , Poonthura, Covid, Omman Chandy, CPM, Congress, VS Shivakumar, Kadakampally Surendran, Health workers, Sea, Fishing
ad