Follow KVARTHA on Google news Follow Us!
ad

കൂടത്തായി മോഡല്‍ കൊലപാതകം; പ്രതികള്‍ പൊലീസിന്റെ ക്ലിക്കില്‍ കുടുങ്ങി

മനുഷ്യ മന:സാക്ഷിയെ നടുക്കിയ കൂടത്തായി മോഡല്‍ കൊലപാതകം നടന്ന തിരുവനന്തപുരം കരമന കൂടത്തില്‍ കേസിലെ പ്രതികള്‍ പൊലീസി Kerala, News, Thiruvananthapuram, Murder, Family, Case, People, Police, Accused, Photo, Crime Branch, Hospital, Auto Driver, Kodathil Murder case: Police Finds out the accused.
തിരുവനന്തപുരം: (www.kvartha.com 01.07.2020) മനുഷ്യ മന:സാക്ഷിയെ നടുക്കിയ കൂടത്തായി മോഡല്‍ കൊലപാതകം നടന്ന തിരുവനന്തപുരം കരമന കൂടത്തില്‍ കേസിലെ പ്രതികള്‍ പൊലീസിന്റെ ക്യാമറാ കണ്ണില്‍ കുടുങ്ങി. കരമന കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന്‍ ജയമാധവന്‍ നായര്‍ (63) മരിച്ചതോടെയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ഒരു കുടുംബത്തിലെ ഏഴ് പേരാണ് അടുത്തടുത്ത സമയങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ പ്രതികളുണ്ടെന്ന് കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കിലും ആ വഴിക്ക് അന്വേഷണം നടത്തിയില്ല. അത് വലിയ വീഴ്ചയായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കായിരുന്നു. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.



ജയമാധവന്‍ നായരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയപ്പോഴും പ്രതികള്‍ പരിസരങ്ങളിലുണ്ടായിരുന്നെന്ന് ഫോട്ടോകളില്‍ നിന്ന് വ്യക്തമായി. ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിച്ചെന്ന് പറയുന്ന ഓട്ടോ ഡ്രൈവര്‍ മൊഴി മാറ്റിയതും കൂടത്തില്‍ വീട്ടിലെ കാര്യസ്ഥനായ രവീന്ദ്രന്‍നായരും വീട്ടുജോലിക്കാരി ലീലയും നല്‍കിയ മൊഴിയിലെ വൈരുദ്ധ്യവും ലോക്കല്‍ പൊലീസ് കാര്യമായി പരിശോധിച്ചില്ല. പിന്നീട് ഓട്ടോ ഡ്രൈവര്‍ വീണ്ടും മൊഴി മാറ്റിപ്പറഞ്ഞിരുന്നു. അഞ്ച് ലക്ഷം രൂപ തരാമെന്ന് പ്രതികളില്‍ ചിലര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത് താനാണെന്ന് മൊഴി നല്‍കിയതെന്നായിരുന്നു രണ്ടാമത് പറഞ്ഞത്. രണ്ട് മൊഴികളും കയ്യിലുണ്ടായിട്ടും ആ വഴിക്ക് പിന്നീട് അന്വേഷണം നടന്നില്ല.

കൊല്ലപ്പെട്ട ജയമാധവന്‍ നായരുടെ അയല്‍വാസിയാണ് ഓട്ടോഡ്രൈവര്‍. കൂടത്തില്‍ വീടിന്റെ മുറ്റത്താണ് ഇയാള്‍ തന്റെ വണ്ടി രാത്രികാലങ്ങളില്‍ ഇട്ടിരുന്നത്. അതിനാല്‍ ജയമാധവന്‍ നായര്‍ മറ്റാരുടെയെങ്കിലും വാഹനത്തില്‍ ആശുപത്രിയില്‍ പോയെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന് പരാതിക്കാരിയായ പ്രസന്നകുമാരി ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവ പരിശോധനാ ഫലത്തിലും ജയമാധവന്‍ നായരുടെ മരണകാരണമായി പറയുന്നത് തലയ്ക്കേറ്റ പരുക്കാണ്. വീടിന് പിന്നില്‍ നിന്ന് കണ്ടെത്തിയ തടിക്കഷണത്തില്‍ രക്തക്കറ ഉണ്ടായിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഈ ആഴ്ച അവസാനം ലഭിക്കുമെന്നാണ് പുതിയ അന്വേഷണ സംഘം പറയുന്നത്. അത് കേസിലെ നിര്‍ണായക വഴിത്തിരിവാകും.



ജയമാധവന്‍ നായരുടെ സഹോദരനായ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചത്. അസ്വാഭിക മരണമാണെന്ന് ബന്ധുക്കളില്‍ ചിലരും നാട്ടുകാരില്‍ പലരും അന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. കൂടത്തില്‍ വീട്ടിലെ പിതാവ് ഗോപിനാഥന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയശ്രീ, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ മൂത്ത സഹോദരങ്ങളായ നാരായണ പിള്ള, വേലുപിള്ള എന്നിവരുടെ മക്കളായ ജയമാധവന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരുടെ മരണത്തിലാണ് ബന്ധുവും പരാതിക്കാരിയുമായ പ്രസന്ന ദുരൂഹത ആരോപിക്കുന്നത്. കുടുംബത്തിന് തിരുവനന്തപുരം നഗരമധ്യത്തില്‍ കോടിക്കണക്കിന് രൂപയുടെ വസ്തുക്കളും ബില്‍ഡിംഗുകളും മറ്റുമുണ്ട്. ഇതെല്ലാം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണ് വര്‍ഷങ്ങളായി നോക്കി നടത്തുന്നതെന്ന് പരാതിക്കാരി പറയുന്നു.


Keywords: Kerala, News, Thiruvananthapuram, Murder, Family, Case, People, Police, Accused, Photo, Crime Branch, Hospital, Auto Driver, Kodathil Murder case: Police Finds out the accused.