Follow KVARTHA on Google news Follow Us!
ad

സമൂഹവ്യാപനത്തിന് പുറമേ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും കോവിഡിന്റെ പിടിയിലാകുന്നു; പാലക്കാട് മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി

പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം #കേരളാവാര്‍ത്തകള്‍ #സമൂഹവ്യാപനം #കോവിഡ്‌ Health workers and hospitals are facing big crisis
തിരുവനന്തപുരം: (www.kvartha.com 17.07.2020) പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥിരീകരിച്ചതിന് പിന്നാലെ തലസ്ഥാനം മറ്റൊരു ഗുരുതരമായ പ്രശ്‌നം കൂടി അഭിമുഖീകരിക്കുകയാണ്. പല ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും കോവിഡിന്റെ പിടിയിലാകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആര്‍ സി സി, മറ്റൊരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങള്‍ കോവിഡ് ഭീതിയിലാണ്. മെഡിക്കല്‍ കോളജിലെ സര്‍ജ്ജറി വാര്‍ഡ് അടച്ചു. പതിവ് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തു. ജില്ലയില്‍ 15 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വരുംദിവസങ്ങളില്‍ വരാനിരിക്കുന്ന വെല്ലുവിളികളുടെ സൂചനയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

Community spread

പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സംഭവിച്ചതോടെ തലസ്ഥാനനഗരത്തിന്റെ ഹൃദയത്തില്‍ താമസിക്കുന്നവരും ആശങ്കയിലാണ്. സെക്രട്ടറിയേറ്റ്, നിയമസഭ, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ പൂന്തുറയ്ക്കും പുല്ലുവിളയ്ക്കും വിളിപ്പാട് അകലെയാണ്. നഗരത്തിലെ ജനസംഖ്യ പത്ത്‌ ലക്ഷത്തിലധികമാണ്. സമൂഹവ്യാപനം സംഭവിച്ച സ്ഥലങ്ങളില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകും. പൂന്തുറയിലടക്കം ജോലിയിലുള്ള പൊലീസുകാരും കമാന്‍ഡോകളും ആരോഗ്യപ്രവര്‍ത്തകരും ജീവന്‍ പണയം വെച്ചാണ് കഴിയുന്നത്. അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വനിതകള്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചുപൂട്ടിയിരുന്നു. 

കോവിഡ് പരിശോധനാ ഫലം വരാന്‍ വൈകുന്നത് പലരേയും മാനസികസംഘര്‍ഷത്തിലേക്ക് നയിക്കുന്നുണ്ട്. തലസ്ഥാനത്തെ ഒരു മാധ്യമപ്രവര്‍ത്തകന്റെ കോവിഡ് പരിശോധനാഫലം ഒന്‍പത് ദിവസം പിന്നിട്ടിട്ടും ലഭ്യമായിട്ടില്ല. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പ്രായമായവരും കുട്ടികളും നാല് മാസത്തിലധികമായി വീടിനകത്ത് തന്നെ കഴിയുകയാണ്. രാവിലെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വയോധികര്‍. ഇവരൊക്കെ കടുത്തമാനസിക സംഘര്‍ഷത്തിലാണ്. പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാധാരണക്കാര്‍ക്ക് ജോലി ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. ചാല, പാളയം മാര്‍ക്കറ്റുകളും അടച്ചു. മറ്റ് സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെയാണ് തുറക്കുന്നത്. രാമചന്ദ്ര ഹൈപ്പര്‍മാര്‍ക്കറ്റിലെ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോലും അങ്ങനെ ഇറങ്ങാറില്ല. ലോക്ഡൗണിന് ശേഷം മെച്ചപ്പെട്ട് വന്ന കച്ചവടം പോലും ഇല്ലാതായി. 

പൂന്തറ, പുല്ലുവിള അതിനോട് ചേര്‍ന്ന മറ്റ് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിഗണന സര്‍ക്കാര്‍ നല്‍കും. റേഷന്‍ അടക്കമുള്ള സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും വിപണനം നടത്തിയിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും രോഗവ്യാപനം തടയുക ഏറെ ശ്രമകരമാണ്. പാലക്കാട് രോഗവ്യാപനം കഴിഞ്ഞമാസം കൂടുതലായിരുന്നു. ജനങ്ങളുടെ ജാഗ്രതയും പ്രതിരോധപ്രവര്‍ത്തനവും അവിടുത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും ആ മാതൃക എല്ലാവര്‍ക്കും പിന്തുടരാവുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Keywords: Health workers and hospitals are facing big crisis, Community spread, Poonthura, Trivandrum Medical College, RCC, COVID, Hypermarket, Chala Market, Palayam market, Lockdown, Ration.