സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

 


തിരുവനന്തപുരം: (www.kvartha.com 09.07.2020) സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചത്.

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 15 ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നു. ആ ദിവസങ്ങളും ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ വഴിയാണ് കിറ്റുകള്‍ വീട്ടില്‍ എത്തിക്കുക. കേന്ദ്ര വിഹിതമുള്‍പ്പെടെ 81.37 കോടി രൂപയാണ് ഇതിന് ചെലവ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഭക്ഷ്യകിറ്റുകളും ഇതേ രീതിയില്‍ വിതരണം ചെയ്യും.

സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വിജയപ്രദമായി നടപ്പാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കി. അക്കാര്യത്തില്‍ നാടും നാട്ടുകാരും സ്ഥാപനങ്ങളും വ്യക്തികളും നല്ലനിലയില്‍ സഹായിച്ചു.

ഓണ്‍ലൈന്‍ സൗകര്യം ലഭിക്കാതെ ഏതെങ്കിലും കുട്ടികള്‍ ഇനിയും ഉണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ അടിയന്തര പരിഹാരം ഉണ്ടാക്കും. കുട്ടികള്‍ കളിച്ചും പഠിച്ചും വളരുന്നവരാണ്. ക്ലാസുമുറിയുടെയോ സ്‌കൂളിന്റെയോ അന്തരീക്ഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലഭിക്കില്ല. ഇത് ഒരു താല്‍കാലിക സംവിധാനമാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ സജ്ജമായാല്‍ ഒരു നിമിഷം താമസിയാതെ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഡയറക്ടര്‍ ജീവന്‍ബാബു, കെ, സിവില്‍ സപ്ലൈസ് വകുപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി അശോക് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Keywords:  Chief Minister inaugurated the function of distributing food packets for school children, Thiruvananthapuram, News, Chief Minister, Inauguration, school, Children, Food, Pinarayi vijayan, Kerala, Education.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia