കോവിഡ് രോഗി മരിക്കുന്നതിന് മുമ്പ് പിതാവിനയച്ച സന്ദേശം; ഓക്സിജൻ നിഷേധിക്കപ്പെട്ടെന്ന് പരാതി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തെലങ്കാന: (KVARTHA) ഹൈദരാബാദിൽ അസുഖം ബാധിച്ച മുപ്പത്തിനാലുകാരന് പത്ത് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചു. എന്നാൽ അവിടെ നിന്ന് ആവശ്യമായ ചികിത്സകൾ ലഭിച്ചില്ലെന്ന് യുവാവ് പിതാവിനയച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു.
‘എനിക്ക് ശ്വസിക്കാനാവുന്നില്ലച്ഛാ... മൂന്ന് മണിക്കൂറായി അവർ എനിക്ക് ഓക്‌സിജൻ തരുന്നത് നിർത്തിയിട്ട്, ഞാൻ കുറേ പറഞ്ഞു നോക്കി, എൻ്റെ ഹൃദയം നിലച്ച പോലെ…’ എന്നായിരുന്നു ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ്, മരിക്കുന്നതിന് മുമ്പ് അച്ഛനയച്ച വീഡിയോ സന്ദേശത്തിലെ പ്രധാന വിവരങ്ങൾ.
സന്ദേശമയച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹം മരിച്ച് തൊട്ടടുത്ത ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മകൻ്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് മകൻ അയച്ച വീഡിയോ കാണാനിടയായതെന്ന് അച്ഛൻ പറഞ്ഞു.
മകന് സഹായം ആവശ്യപ്പെട്ടിട്ടും അത് നൽകാൻ സാധിച്ചില്ലെന്നും, ഈ അവസ്ഥ മറ്റൊരാൾക്ക് ഉണ്ടാകാനിടയാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മകന് എന്തു കൊണ്ടാണ് ഓക്‌സിജൻ നിഷേധിച്ചതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റേതെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി തൻ്റെ മകന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം നിഷേധിക്കപ്പെട്ടതാണോ എന്ന കാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡാണ് യുവാവിൻ്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവരുമായി യുവാവ് സമ്പർക്കത്തിലായിരുന്ന കാര്യം കുടുംബാംഗങ്ങളെ കൂടുതൽ വിഷമാവസ്ഥയിലാക്കിയിരിക്കുകയാണ്. ഇവർക്ക് ഇതുവരെ കോവിഡ് പരിശോധന നടത്തിയിട്ടില്ല. യുവാവിന് മതിയായ ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
