കാസര്‍കോട് കളക്ടര്‍ക്ക് കൊമ്പുണ്ടോ? മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളെ പോലും കലക്ടര്‍ മറികടക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട് കളക്ടര്‍ക്ക് കൊമ്പുണ്ടോ? മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളെ പോലും കലക്ടര്‍ മറികടക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട്: (www.kvartha.com 20.05.2020) മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ പോലും വില കല്‍പ്പിക്കാത്ത തരത്തിലാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ആരോപിച്ചു. വിദ്യാനഗര്‍ ഡി.സി.സി. ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് കോ വിഡ് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ തലപ്പാടി അതിര്‍ത്തി അടച്ചിട്ട പശ്ചാത്തലത്തില്‍ മരണം വിലക്കു വാങ്ങാന്‍ തയ്യാറല്ലെന്ന കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയുടെ അതേ നിലപാടാണ് ജില്ലാ കലക്ടര്‍ സ്വീകരിച്ചത്.

മറുനാടുകളില്‍ കഴിയുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് കലക്ടര്‍ പാസ് അനുവദിക്കുന്നില്ല. ഓട്ടോ തൊഴിലാളികളോടും മറ്റു തൊഴിലാളികളോടുമില്ലാത്ത സ്‌നേഹമാണ് കലക്ടര്‍ക്ക് ക്വാറി-മണല്‍ സംഘത്തോട്. അവിഹിതമായ ചട്ടലംഘനമാണ് കലക്ടര്‍ നടത്തുന്നത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന പേരില്‍ ജില്ലയിലെ രണ്ട് എം.എല്‍.എമാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കലക്ടര്‍ ദിവസങ്ങള്‍ മാത്രമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. മറ്റു സംസ്ഥനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പാസ് നല്‍കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാസര്‍കോട് കലക്ടര്‍ ഇത്തരം പാസുകള്‍ നല്‍കുന്നില്ല.
ജില്ലയില്‍ ആവശ്യമായ ക്വാറന്റൈന്‍ ഒരുക്കാത്തതാണ് ഇങ്ങനെ പാസ് നിഷേധിക്കാന്‍ കാരണം. ഒരു മലയാളിയെ പോലും മരണത്തിന് വിട്ടുകൊടുക്കില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെ നിലപാട്. എന്നാല്‍ കലക്ടര്‍ മറുനാടന്‍ മലയാളികളെ തീരാദുരിതത്തിലാക്കുകയാണ്. ജനപ്രതിനിധികള്‍ വിളിച്ചാല്‍ പോലും കലക്ടര്‍ ഫോണ്‍ എടുക്കുന്നില്ല. റോഡില്‍ കിടന്ന് ഷോ കാട്ടുകയാണ് കലക്ടര്‍ ചെയ്യുന്നത്. ലോക് ഡൗണ്‍പ്രഖ്യാപിച്ച 57 ദിവസമായി. ആരൊക്കെ എവിടെയൊക്കേയാണ് അവിടെ നിന്നാല്‍ മതിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നിലച്ചു. ഇത് പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. ജില്ലയില്‍ രോഗം നിയന്ത്രിക്കാനായത് ജനങ്ങളുടെ സഹകരണം കൊണ്ടാണ്. നാലാം ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിദേശത്ത് നിന്ന് ജീവന് വേണ്ടി കേഴുന്ന പ്രവാസികളെയാണ് കാണുന്നത്. ജില്ലയില്‍ ആവശ്യമായ ക്വാറന്റൈന്‍ സംവിധാനമില്ല.

ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ 14 ദിവസത്തേക്ക് ഒരുക്കണം. അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തണം. ഇതിന് കേരള സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പണമില്ലാത്തവര്‍ക്കും നാട്ടിലെത്താന്‍ കേരള സര്‍ക്കാര്‍ ടിക്കറ്റ് നല്‍കണം. പ്രധാനമന്ത്രി മനുഷ്യത്വം കാണിക്കണം. തലപ്പാടി അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് 14 പേര്‍ക്ക് വിദഗ്ദ്ധ ചികിത്സ കിട്ടാതെ ജീവന്‍ നഷ്ടപ്പെട്ട് ഒരാളുടെ എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വൈരനിര്യാതനബുദ്ധിയോടെയാണ് കലകള്‍ പെരുമാറുന്നത്. സി.പി.എം.നേതാവിന്റെ ബന്ധുവിനെ കടത്തിവിടുകയാണ് കലക്ടര്‍ ചെയ്തത്. എല്ലാ ദിവസവും വൈകീട്ട് തലപ്പാടിയില്‍ കലക്ടര്‍ പോകുന്നത് പാസില്ലാതെ വന്നവരെ കടത്തിവിടാനാണ്. സി.പി.എം.നേതാവ് മനുഷ്യകടത്ത് നടത്തിയത് കലക്ടറുടെ ഒത്താശയോടെയാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.


Keywords: Kasaragod, Kerala, News, District Collector, Rajmohan Unnithan MP against Kasaragod collector
ad