നിർമല സീതാരാമനും പീയുഷ് ഗോയലും തെറിക്കും, കൂറുമാറി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കിയേക്കും, ഒന്നാം വാർഷികത്തിനുപിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണിക്കൊരുങ്ങി നരേന്ദ്രമോഡി

ന്യൂഡെൽഹി: (www.kvartha.com 31.05.2020) രണ്ടാം നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനുപിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങി പ്രധാനമന്ത്രി. കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യതയേറിയതായി വിവിധ വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിനൊപ്പം കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുക എന്നാണ് റിപ്പോർട്ട്. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന വിധത്തിലാകും മന്ത്രിസഭാ പുനസംഘടനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമമനെ മാറ്റിയേക്കുമെന്നാണ് സൂചന. ഒപ്പം റെയിൽ മന്ത്രി പിയൂഷ് ഗോയൽ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, മാനവ വിഭശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ എന്നിവരെയും മാറ്റുമെന്ന് അഭ്യൂഹമുണ്ട്. നിലവിലെ മന്ത്രിമാരായ ഏതാനും പേരെ പാര്‍ട്ടി ചുമതലകളിലേക്ക് നിയോഗിക്കുമെന്നാണ് സൂചന.


Nirmala SeethaRaman Central Finance Minister

ധനവകുപ്പിന്റെ ചുമതലയിലേക്ക് സാമ്പത്തിക വിദഗ്ധനായ ഒരാളെ കൊണ്ടുവരാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ബ്രിക്‌സ് ബാങ്ക് ചെയര്‍മാന്‍ കെ വി കാമത്തിന്‍റെ പേരാണ് ധനമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. ഇദ്ദേഹത്തിനുപുറമെ നന്ദന്‍ നിലേഖനി, മോഹന്‍ദാസ് പൈ,സുരേഷ് ഗോപി,സയ്യിദ് അക്ബറുദ്ദീന്‍ എന്നീ പേരുകളും പറഞ്ഞു കേള്‍ക്കുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്തിച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ, മുന്‍കേന്ദ്രമന്ത്രി സുരേഷ് പ്രഭു എന്നിവരെയും ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം നല്‍കിയേക്കും.


Narendra Modi Prime Minister India

നിര്‍മ്മല സീതാരാമനെ ധനമന്ത്രിയാക്കുക എന്ന അരുണ്‍ ജയ്റ്റ്ലിയുടെ നിര്‍ദ്ദേശമാണ് ഒരു വര്‍ഷം മുമ്പ് മോഡി സ്വീകരിച്ചത്. എന്നാൽ നിർമ്മലയുടെ പ്രകടനത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയിലും പ്രധാനമന്ത്രി അസംതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് ഇളക്കിപ്രതിഷ്ഠക്ക് മോഡിയെ പ്രേരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള വന്‍ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്ക്കാരത്തിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍, നിയമഭേദഗതിയും എന്നിവയെല്ലാം ഇതിന് അനിവാര്യമാണ്. ഇത് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക.

ചില മന്ത്രിമാരെ പാര്‍ട്ടി പദവികളിലേക്ക് കൊണ്ടുവന്നേക്കും. കേരളം, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മാറ്റങ്ങളും പ്രതീക്ഷിക്കാം. ഇതിനുപുറമെ രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

Summary: Narendra Modi ready for cabinet reshuffle, Jyotiraditya Scindia may get cabinet post
Previous Post Next Post