Follow KVARTHA on Google news Follow Us!
ad

ശ്രമിക് ട്രെയിനുകളിലെ യാത്ര ദുരിതം നിറഞ്ഞത്; മണിക്കൂറുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിടുന്നു; നല്‍കുന്നത് പഴകിയ ഭക്ഷണങ്ങള്‍; ടിക്കറ്റിന് ഈടാക്കിയത് 1500 രൂപ; മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ട്രാക്കിലിറങ്ങി മുദ്രാവാക്യം വിളിച്ച് അതിഥി തൊഴിലാളികള്‍

അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ശ്രമിക് ട്രെയിനുകളിലെ യാത്ര News, Trending, Train, Allegation, Passengers, Food, Drinking Water, National,
ലക്നൗ: (www.kvartha.com 23.05.2020) അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ശ്രമിക് ട്രെയിനുകളിലെ യാത്ര ദുരിതം നിറഞ്ഞതെന്ന് യാത്രക്കാരുടെ ആരോപണം. മണിക്കൂറുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിടുന്നുവെന്നും പഴകിയ ഭക്ഷണങ്ങളാണ് നല്‍കുന്നതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. 1500 രൂപയാണ് ടിക്കറ്റിന് ഈടാക്കിയത്. ഇതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ട്രാക്കിലിറങ്ങി അതിഥി തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചു.

കോവിഡ് ഭയന്ന് സ്വന്തം നാട്ടിലേക്കു മടങ്ങുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ക്കാണ് ട്രെയിനില്‍ ദുരിതം പേറേണ്ടി വന്നത്. കിഴക്കന്‍ യുപിയിലേക്കും ബിഹാറിലേക്കും യാത്ര ചെയ്ത തൊഴിലാളികളാണ് ട്രെയിനുകള്‍ മണിക്കൂറുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിടുന്നുവെന്നും പഴകിയ ആഹാരമാണു നല്‍കുന്നതെന്നും ആരോപിച്ച് ട്രാക്ക് ഉപരോധിച്ചത്.

Migrants Out On Tracks As Trains Run Late By 10 Hours With No Food, Water, News, Trending, Train, Allegation, Passengers, Food, Drinking Water, Video, National

വിശാഖപട്ടണത്തില്‍ നിന്ന് ബിഹാറിലേക്കു പോയ തൊഴിലാളികളാണ് ട്രാക്കിലിറങ്ങി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചത്. ബിഹാര്‍ അതിര്‍ത്തിക്കടുത്തുള്ള ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനില്‍ പത്തു മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിട്ടതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കഴിഞ്ഞ രാത്രി 11 മണിക്കാണ് ട്രെയിന്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ശനിയാഴ്ച രാവിലെ വരെ ട്രെയിന്‍ അനങ്ങിയിട്ടില്ല. രണ്ടു ദിവസമായി ആഹാരമൊന്നും ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. 1,500 രൂപയാണ് യാത്രയ്ക്കായി വാങ്ങിയതെന്നും അവര്‍ പറഞ്ഞു.

മുംബൈ പന്‍വേലില്‍നിന്ന് ഉത്തര്‍പ്രദേശിലെ ജാന്‍പുരിലേക്കുള്ള ട്രെയിന്‍ വാരാണസിയിലാണ് പത്തു മണിക്കൂര്‍ നിര്‍ത്തിയിട്ടത്. ഇവിടെ ട്രാക്കിലിറങ്ങിയ തൊഴിലാളികള്‍ മറ്റു ട്രെയിനുകള്‍ തടഞ്ഞു. ഒടുവില്‍ റെയില്‍വേ പൊലീസെത്തി ആഹാരം നല്‍കാമെന്നു സമ്മതിച്ചതോടെയാണു പ്രതിഷേധം അടങ്ങിയത്. 'മഹാരാഷ്ട്രയില്‍ ആഹാരം ലഭിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഒന്നും കഴിക്കാന്‍ ലഭിച്ചില്ല'- തൊഴിലാളികള്‍ പരാതിപ്പെട്ടു. കാശിയില്‍ ഏഴു മണിക്കൂര്‍ പിടിച്ചിട്ട ട്രെയിന്‍ കുറച്ചു ദൂരം ചെന്നശേഷം വീണ്ടും രണ്ടു മണിക്കൂര്‍ കൂടി നിര്‍ത്തിയിട്ടെന്നും യാത്രക്കാര്‍ പറഞ്ഞു.

ഗുജറാത്തില്‍ നിന്നു ബിഹാറിലേക്കു പോയ തൊഴിലാളികള്‍ തങ്ങള്‍ക്കു ലഭിച്ച ആഹാരം പഴകിയതാണെന്ന് ആരോപിച്ച് എറിഞ്ഞുകളഞ്ഞു. അതിഥി തൊഴിലാളികളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നത് എന്തുകൊണ്ടാണെന്നു യാത്രക്കാര്‍ ചോദിച്ചു. ശുചിമുറികളില്‍ വെള്ളമില്ല, കുടിക്കാനും വെള്ളമില്ല. പൂരി തന്നത് അഞ്ചോ ആറോ ദിവസം മുന്‍പ് ഉണ്ടാക്കിയതാണ്. അതുകൊണ്ടാണ് എറിഞ്ഞുകളയേണ്ടി വന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.

വെള്ളവും ഭക്ഷണവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍നിന്നു ബിഹാറിലേക്കു പോയ തൊഴിലാളികള്‍ ട്രെയിനിന്റെ ജനാലകള്‍ തകര്‍ത്തു. ഉന്നാവ് സ്റ്റേഷനില്‍ അകാരണമായി ട്രെയിന്‍ മണിക്കൂറുകള്‍ പിടിച്ചിട്ടതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. 930 ശ്രമിക് ട്രെയിനുകളിലായി 12.33 ലക്ഷം ആളുകളാണ് യുപിയിലേക്കു മടങ്ങിയതെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.

മുംബൈയില്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലേക്കു പോകേണ്ടവര്‍ മൂന്നു ദിവസമായി വഡാല മേഖലയിലെ ഫുട്പാത്തിലും റോഡിലുമാണ് അന്തിയുറങ്ങുന്നത്. യാതൊരു നിയന്ത്രണ നിര്‍ദേശങ്ങളും പാലിക്കാന്‍ കഴിയാതെ ദുരിതത്തിലാണിവര്‍. പ്രത്യേക ട്രെയിന്‍ ഉണ്ടെന്നു പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളാണ് എത്തിയത്. എന്നാല്‍ ട്രെയിന്‍ റദ്ദാക്കിയതോടെ യാത്ര ചെയ്യനാവാതെ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം കുടങ്ങിക്കിടക്കുകയാണ്.

ജോലി നഷ്ടപ്പെട്ട പലരും വാടകവീടുകള്‍ ഒഴിഞ്ഞാണ് കൈയ്യിലുള്ളതെല്ലാം കെട്ടിപ്പെറുക്കി സ്വന്തം ഗ്രാമത്തിലേക്കു മടങ്ങാനായി എത്തിയത്. എന്നാല്‍ പിന്നീടാണ് ട്രെയിന്‍ റദ്ദാക്കിയ വിവരം ഇവരെ അറിയിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ മൂന്നു ദിവസമായി ഫുട്പാത്തില്‍ പൊരിവെയിലത്ത് കഴിയേണ്ട അവസ്ഥയാണുള്ളത്. കൈയ്യില്‍ നയാപൈസ ഇല്ലെന്നും വാടകവീടുകളിലേക്കു തിരികെ പോകാന്‍ കഴിയില്ലെന്നും യാത്രയ്ക്കെത്തിയവര്‍ പറഞ്ഞു. വീണ്ടും ട്രെയിന്‍ സര്‍വീസ് ഒരുക്കുന്നതും കാത്തു കഴിയുകയാണിവര്‍.

Keywords: Migrants Out On Tracks As Trains Run Late By 10 Hours With No Food, Water, News, Trending, Train, Allegation, Passengers, Food, Drinking Water, Video, National.