അണ്‍ലോക്ക് 1 ; 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും അനാവശ്യമായി വീടിന് പുറത്തേയ്ക്കിറങ്ങരുത്; ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

ന്യൂഡെല്‍ഹി: (www.kvartha.com 31.05.2020) കൊറോണ പ്രതിരോധത്തിനും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരും. അണ്‍ലോക്ക് 1 എന്നു പേരിട്ട നിലവിലെ ഘട്ടം സാമ്പത്തിക മേഖലയില്‍ ശ്രദ്ധയൂന്നിയുള്ളതാണ്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

News, National, India, New Delhi, Lockdown, school, Cinema, Railway, Politics, Precaution, Lock Down: The Center has released a new Guideline effective June 1

2020 മാര്‍ച്ച് 24 നാണ് രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കാര്യങ്ങളും നിരോധിച്ചു.

പിന്നീട് കോവിഡ് വ്യാപനം കണക്കിലെടുത്തു തന്നെ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളാകും ഈ മേഖലകള്‍ നിര്‍ണയിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയും അവശ്യകാര്യങ്ങള്‍ മാത്രം അനുവദിക്കുകയും ചെയ്യും.

നേരത്തെ നിരോധിച്ച എല്ലാ പ്രവൃത്തികളും കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടം ഘട്ടമായി അനുവദിക്കും. അതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച അംഗീകൃത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (എസ്ഒപി) ഇവയാണ് :

ആദ്യഘട്ടം (2020 ജൂണ്‍ 8 മുതല്‍ തുറക്കാന്‍ അനുമതി)

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, മുതലായവ.

ഇവിടങ്ങളില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും കൊറോണ വ്യാപനം തടയുന്നതിനുമായി, മന്ത്രാലയങ്ങളും വകുപ്പുകളും ബന്ധപ്പെട്ട മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തന നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കും.

രണ്ടാം ഘട്ടം

സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചര്‍ച്ച ചെയ്ത ശേഷം തുറക്കും. ഓരോ സ്ഥാപനങ്ങളിലും രക്ഷിതാക്കളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും കൂടിയാലോചന നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് രണ്ടാംഘട്ട ഇളവുകളില്‍ തീരുമാനമെടുക്കും.

പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍, ഈ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ ജൂലൈയില്‍ തീരുമാനമെടുക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തന നടപടി ക്രമങ്ങള്‍ തയ്യാറാക്കും.

അന്താരാഷ്ട്ര വിമാനയാത്ര മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാശാല, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, വിനോദ മേഖലകള്‍, തിയേറ്ററുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും, സമ്മേളന ഹാളുകള്‍ പോലുള്ളവയ്ക്ക് അനുമതിയില്ല,

സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, മതപരമായ പരിപാടികളും വലിയ തോതിലുള്ള മറ്റു കൂടിച്ചേരലുകള്‍ക്കും അനുമതിയില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം മൂന്നാംഘട്ടത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

സംസ്ഥാനങ്ങള്‍ക്കുള്ളിലും പുറത്തും ആള്‍നീക്കത്തിനും ചരക്കുനീക്കത്തിനും നിയന്ത്രണമില്ല. ഇതിനായി പ്രത്യേക അനുമതിയോ അംഗീകാരമോ ഇ പെര്‍മിറ്റോ ആവശ്യമില്ല.

എങ്കിലും, പൊതു ആരോഗ്യസ്ഥിതിയും സാഹചര്യങ്ങളും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആള്‍നീക്കം നിയന്ത്രിക്കാം. എന്നാല്‍, അതിനായി ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചു മുന്‍കൂട്ടി വിപുലമായ അറിയിപ്പു നല്‍കുകയും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പിന്തുടരുകയും വേണം.

അവശ്യകാര്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ തുടരും. കര്‍ഫ്യൂവിന്റെ സമയം രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയായി പുതുക്കിയിട്ടുണ്ട്.

സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന്, കൊറോണ നിയന്ത്രണത്തിനുള്ള കേന്ദ്ര നിര്‍ദേശങ്ങള്‍ രാജ്യമെമ്പാടും പാലിക്കും. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള ചില പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയോ അവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാം.

എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, അതായത് 65 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അവശ്യകാര്യങ്ങള്‍ക്കും ആരോഗ്യ ആവശ്യങ്ങള്‍ക്കും ഒഴികെ വീടുകളില്‍ നിന്നു പുറത്തിറങ്ങരുത്.

Keywords: News, National, India, New Delhi, Lockdown, school, Cinema, Railway, Politics, Precaution, Lock Down: The Center has released a new Guideline effective June 1
Previous Post Next Post