Follow KVARTHA on Google news Follow Us!
ad

നടപ്പാതയില്‍ ഇരുന്ന് കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്ത്

നടപ്പാതയില്‍ ഇരുന്ന് കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്നNew Delhi, News, Politics, Congress, Leader, Rahul Gandhi, Video, National,
ന്യൂഡെല്‍ഹി: (www.kvartha.com 23.05.2020) നടപ്പാതയില്‍ ഇരുന്ന് കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ പുറത്ത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹരിയാനയിലെ അംബാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിച്ചത്.

17 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മെയ് പതിനാറിനാണ് ചിത്രീകരിച്ചിരിക്കുന്നത്. നൂറു കിലോമീറ്ററുകള്‍ കാല്‍നടയായി പിന്നിട്ടതിന് ശേഷം റോഡരികില്‍ വിശ്രമിക്കാനിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം നടപ്പാതയില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധിയുടെ സംസാരം.

Congress releases documentary on Rahul Gandhi’s interaction with migrant workers, New Delhi, News, Politics, Congress, Leader, Rahul Gandhi, Video, National

കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും അവര്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങളും തൊഴിലിടത്തില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിനെ കുറിച്ചും രാഹുല്‍ ചോദിച്ചറിഞ്ഞു. കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണ് എന്ന് വീഡിയോയുടെ തുടക്കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ കിലോമീറ്ററുകളാണ് ഇവര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്. എന്നാല്‍ അവര്‍ യാത്ര അവസാനിപ്പിക്കുന്നില്ല, നടത്തം തുടരുകയാണ്. അവരെന്താണ് ചിന്തിക്കുന്നത്, ഭയപ്പെടുന്നത്, സ്വപ്നം കാണുന്നത്, അവരുടെ പ്രതീക്ഷകള്‍ എന്നിവയുടെ ചെറിയൊരു സൂചനയാണ് ഈ വീഡിയോയിലൂടെ നല്‍കുന്നതെന്നും രാഹുല്‍ പറയുന്നു.

തൊഴിലാളികളുമായി സംസാരിച്ചതിന് ശേഷം ഡെല്‍ഹി പൊലീസിനെതിരെ കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. തൊഴിലാളികളെ തടവിലാക്കിയെന്നായിരുന്നു ആരോപണം, എന്നാല്‍ ഡെല്‍ഹി പൊലീസ് കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ചു. 'ഞങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ തടവില്‍ വെച്ചില്ല. രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അണികള്‍ അവരെ വാഹനങ്ങളില്‍ കൊണ്ടുപോയി' എന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍ പി മീണ പറയുന്നു.

തൊഴിലാളികളുടെ അഭ്യര്‍ഥന പ്രകാരം കോണ്‍ഗ്രസ് അവര്‍ക്ക് യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടുചെയ്തിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയ ഇവര്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളനുസരിച്ച് 21 ദിവസത്തെ ക്വാറന്റൈനിലും പ്രവേശിച്ചു.

'ഞങ്ങള്‍ നിസ്സഹായരാണ്. ഞങ്ങള്‍ മറ്റെന്തു ചെയ്യാനാണ്. ഞങ്ങള്‍ക്ക് നടന്നേ മതിയാകൂ'വെന്ന് വീഡിയോയില്‍ കുടിയേറ്റ തൊഴിലാളിയായ മഹേഷ്‌കുമാര്‍ ചോദിക്കുന്നുണ്ട്.

'എന്റെ സഹോദരീ-സഹോദരന്മാരേ, നിങ്ങളാണ് ഈ രാജ്യത്തിന്റെ കരുത്ത്. നിങ്ങള്‍ ചുമലില്‍ രാജ്യത്തിന്റെ ഭാരം ചുമക്കുകയാണ്. രാജ്യം മുഴുവന്‍ നിങ്ങള്‍ക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ കരുത്തിനെ ശാക്തീകരിക്കുക എന്നുള്ളത് ഞങ്ങളുടെ കടമയാണ്' എന്ന രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.


Keywords: Congress releases documentary on Rahul Gandhi’s interaction with migrant workers, New Delhi, News, Politics, Congress, Leader, Rahul Gandhi, Video, National.