ഈ ലോകം സ്വന്തം വീടായി തോന്നും സ്‌നേഹ കൂടാരം, ഈ ദൂരം നമ്മെ ഒന്നായി മാറ്റും സഞ്ചാരം..., ലോകം കൊറോണയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ലോകയാത്രകളിലെ മറക്കാനാവാത്ത തന്റെ സഹചാരികളില്‍ ചിലരെ ഓര്‍ക്കുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര

കൊച്ചി: (www.kvartha.com 25.03.2020) അറിയപ്പെടാത്തതും നമുക്ക് എത്തിപെടാന്‍ സാധിക്കാത്തതുമായ രാജ്യങ്ങളിലെ കൗതുകങ്ങളും പ്രതേകതകളും കാഴ്ചകള്‍ക്കുമപ്പുറം മനുഷ്യജീവനുകളിലൂടെ കാണിച്ചുതന്ന സന്തോഷ് ജോര്‍ജ് കുളങ്ങര അവരില്‍ ചിലരെ ഓര്‍ക്കുകയാണ്. ഓരോ സ്ഥലത്തും അദ്ദേഹത്തിന്റെ കൂടെ ആ നാട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു സഹചാരിയുണ്ടാകും. സഞ്ചാരത്തിന്റെ പല എപ്പിസോഡുകളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച, അദ്ഭുതപ്പെടുത്തിയ, കണ്ണുനനയിച്ച ഒത്തിരിയൊത്തിരിപ്പേര്‍.

News, Kerala, Travel, China, Kochi, Italy, Santhosh George Kulangara is remembering some of his most memorable teammates

കൊറോണയുടെ പിടിയില്‍ ലോകം വീര്‍പ്പുമുട്ടുമ്പോള്‍ ആ മുഖങ്ങളില്‍ പലതും സന്തോഷിന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു. മാര്‍ച്ച് 11-ന് ലാറ്റിനമേരിക്കന്‍ സഞ്ചാരം പൂര്‍ത്തിയാക്കി പാലായിലെ വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം യാത്രകള്‍ക്ക് അര്‍ധവിരാമമിട്ട് വിശ്രമത്തിലാണ്. ലോകയാത്രകളിലെ തന്റെ സഹചാരികളെ ഓര്‍ക്കുകയാണ് അദ്ദേഹം.

മോണ്ടിനെഗ്രോയിലെ ടാക്‌സിഡ്രൈവര്‍

ലോകസഞ്ചാരത്തില്‍ എനിക്ക് ഏറ്റവും അടുപ്പമുണ്ടായിട്ടുള്ള ആളുകളിലൊരാളാണ് മോണ്ടിനെഗ്രോയിലെ ടാക്സി ഡ്രൈവറായ ലക്കി. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സഞ്ചാരത്തില്‍ അവതരിപ്പിച്ചിരുന്നു. ദൃശ്യങ്ങളിലൂടെ ലഭിച്ച ലക്കിടാക്സി എന്ന വെബ്സൈറ്റ് നോക്കി പ്രേക്ഷകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. ആദ്യം വിശേഷം തിരക്കി, പിന്നാലെ മോണ്ടിനെഗ്രോയിലേക്ക് കൊണ്ടുപോകുമോ എന്ന് ചോദിച്ചുതുടങ്ങി. ഒടുവില്‍ ശല്യം സഹിക്കാതെ ലക്കി എന്നെ വിളിച്ചു. തന്നെ വിളിക്കരുതെന്ന് പ്രേക്ഷകരോട് ചാനലിലൂടെ അറിയിക്കണം എന്നഭ്യര്‍ഥിച്ചു.

News, Kerala, Travel, China, Kochi, Italy, Santhosh George Kulangara is remembering some of his most memorable teammates

കഴിഞ്ഞ ദിവസം ഞാന്‍ ലക്കിയെ വിളിച്ചിരുന്നു. മോണ്ടിനെഗ്രോയിലേക്ക് യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും ടൂറിസ്റ്റുകള്‍ ഒഴുകേണ്ട സമയമാണിപ്പോള്‍. എന്നാല്‍, വിനോദസഞ്ചാരികള്‍ ആരും വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിലാണ്. മകള്‍ ഉന്നതബിരുദത്തിന് പഠിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന ജോലിയുടെ പെന്‍ഷനാണ് ഇപ്പോള്‍ ഏക ആശ്രയം. പൊതുവേ സ്വന്തം ദാരിദ്ര്യത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കാത്തവരാണ് പാശ്ചാത്യര്‍. അങ്ങനെയുള്ളവര്‍ കഷ്ടത പറയുന്നത് എത്രത്തോളം മോശമാണ് അവിടത്തെ സാഹചര്യമെന്നു വ്യക്തമാക്കുന്നു.

ചൈനയിലെ ഗൈഡ്

ടി എന്‍ ഗോപകുമാറും നികേഷ് കുമാറും ഒപ്പമുണ്ടായിരുന്ന 2010-ലെ ചൈന യാത്രയില്‍ ഗൈഡായി കൂടെയുണ്ടായിരുന്നത് ഡേവിഡ് എന്ന ചെറുപ്പക്കാരനാണ്. ബെയ്ജിങ്, ഷാങ്ഹായ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ചൈനീസ് ആതിഥേയത്വവും വരുന്ന ടൂറിസ്റ്റുകളെ കാണേണ്ടതു മാത്രം കാണിച്ച് വിടാനും സര്‍ക്കാര്‍ അവരെ കൃത്യമായി പരിശീലിപ്പിച്ചിട്ടുണ്ട്.

വ്യത്യസ്ത ചൈനീസ് വിഭവങ്ങള്‍ വിളമ്പി നിര്‍ബന്ധപൂര്‍വം ഞങ്ങളെ കഴിപ്പിച്ചിരുന്ന ഡേവിഡിനെ ഇപ്പോഴും ഓര്‍ക്കുന്നു. ഗോപകുമാര്‍ അധികം ഭക്ഷണം കഴിക്കില്ല. എന്നാല്‍, ഡേവിഡ് നിര്‍ബന്ധപൂര്‍വം വിളമ്പും. കഴിച്ചേ പറ്റൂ എന്നു ശാസിക്കും. നിര്‍ദേശങ്ങളോട് കുറച്ചെങ്കിലും നീതിപുലര്‍ത്തിയത് ഞാനാണ്. ആദ്യകാലങ്ങളില്‍ ഫോണിലൂടെയും മെയിലിലൂടെയും ബന്ധപ്പെടുമായിരുന്നു. കൊറോണ പ്രശ്നത്തിനുശേഷം ഡേവിഡിനെ വിളിച്ചുനോക്കിയെങ്കിലും നമ്പര്‍ നിലവിലില്ല.

വെനീസിലെ വള്ളക്കാരന്‍

ഇറ്റലിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് വെനീസ്. ജലപാതകളും പാലങ്ങളും മാത്രമുള്ള ഒരു കാല്പനിക ലോകം. അഞ്ചുവര്‍ഷം മുമ്പ് അവിടെ പോയപ്പോള്‍ പരിചയപ്പെട്ടതാണ്, വെനീസിലെ ജലപാതകളിലൂടെ അവിടത്തെ പരമ്പരാഗത വള്ളമായ ഗോണ്ടോള തുഴഞ്ഞിരുന്ന സ്ലാവിയോയെ.

News, Kerala, Travel, China, Kochi, Italy, Santhosh George Kulangara is remembering some of his most memorable teammates

സ്ലാവിയോ ഗംഭീരമായി ഇംഗ്ലീഷ് സംസാരിക്കും. ഇന്ത്യയുടെ ചരിത്രംപോലും നന്നായി അറിയാം. അത്രയ്ക്കു വിദഗ്ധമായ പരിശീലനം ലഭിച്ചവരാണവര്‍. വെനീസിലെ ഏറ്റവും ആഢ്യത്തമുള്ള തൊഴിലാണ് ഗോണ്ടോള തുഴച്ചില്‍. പാരമ്ബര്യവും വിദ്യാഭ്യാസവും വിനോദസഞ്ചാര വകുപ്പിന്റെ പരീക്ഷയുമെല്ലാം മാനദണ്ഡമാക്കിയാണ് ജോലിക്കു തിരഞ്ഞെടുക്കുന്നത്. മണിക്കൂറിന് 100 ഡോളറിലധികമാണ് കൂലി.

എന്നാല്‍ ഒരു മനുഷ്യനുമില്ലാതെ, മീനുകള്‍ തുടിക്കുന്ന വെനീസിലെ കനാലുകളുടെ ദൃശ്യം കഴിഞ്ഞദിവസം വാര്‍ത്തയില്‍ കണ്ടു. ലക്ഷക്കണക്കിന് ആളുകള്‍ എത്തിയിരുന്ന ആ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇപ്പോള്‍ ഒരു വള്ളംപോലുമില്ല.

സഞ്ചാരത്തിന്റെ വെനീസ് എപ്പിസോഡിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോള്‍ പരിശോധിക്കാനായി സ്ലാവിയോയ്ക്ക് മെയിലയക്കുമായിരുന്നു. പിന്നീട് ബന്ധമില്ലാതായി. ഇപ്പോള്‍ ഏകദേശം 50 വയസ്സു കാണും. സ്ലാവിയോയും ഇപ്പോള്‍ വീട്ടിലിരിക്കുകയായിരിക്കും.

വീണ്ടും കാണണം, ആ പഴയ മുഖങ്ങള്‍

സഞ്ചാരത്തിലെ സഹയാത്രികര്‍ വേറെയുമുണ്ട്. ആഴത്തിലുള്ള ബന്ധമില്ലാത്ത ഒട്ടേറെപ്പേര്‍. മറ്റുള്ള സഞ്ചാരികള്‍ യാത്ര അവസാനിക്കുന്നതോടെ ആ മുഖങ്ങള്‍ മറന്നുതുടങ്ങുമെങ്കിലും സഞ്ചാരത്തിലൂടെ എന്നിലേക്ക് ആ വ്യക്തികളുടെ ജീവിതം വീണ്ടും കടന്നുവരുന്നു. സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോഴും പിന്നീട് സഞ്ചാരിയുടെ ഡയറിക്കുറിപ്പില്‍ അവരെക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോഴുമെല്ലാം.

കൊറോണബാധ വ്യാപകമായ മിലാനിലെ റെയില്‍വേ സ്റ്റേഷനില്‍ ഒരു രാത്രി കഴിഞ്ഞതിന്റെ ഓര്‍മ മനസ്സിലേക്കു വരുന്നു. പുലര്‍ച്ചെയുള്ള തീവണ്ടിക്കു പോകാന്‍ ഞാനും കൂടെയുള്ള മലയാളിസുഹൃത്തുക്കളും കാത്തിരിക്കുകയായിരുന്നു. കൂടെയുള്ളയാള്‍ക്ക് സുഖമില്ലാതെ വന്നു. മുറിയെടുത്ത് വിശ്രമിക്കേണ്ട സാഹചര്യമായി. എന്നാല്‍, യൂറോപ്പില്‍ ബുക്ക് ചെയ്യാതെ ഹോട്ടലുകളില്‍ മുറി കിട്ടാറില്ല. ഞങ്ങള്‍ സ്റ്റേഷന് എതിര്‍വശത്തുള്ള ഒരു ഹോട്ടലില്‍ ചെന്നു. മുറി തരാം, എന്നാല്‍ സ്യൂട്ട് റൂമിന്റെ വാടക തരണമെന്ന് അവിടത്തെ പയ്യന്‍ ആവശ്യപ്പെട്ടു. മാത്രവുമല്ല, പുലര്‍ച്ചെ അഞ്ചിന് ഇറങ്ങുകയും വേണം.

രാവിലെവരെ ഒഴിവുള്ള ഒരു മുറിനല്‍കി പണം സ്വന്തം കീശയിലേക്ക് എടുക്കാനുള്ള ശ്രമമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായെങ്കിലും ഞങ്ങള്‍ അവിടെ മുറിയെടുത്തു. പിറ്റേന്ന് ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ സ്‌ക്വയറില്‍ സുന്ദരിമാരായ അഭിസാരികകളെ കാണാമായിരുന്നു. ആ സുന്ദരിമാരുടെയും ആ പയ്യന്റെയും ജീവിതം ഈ വൈറസിന്റെ കാലത്ത് എങ്ങനെയായിരിക്കും? ഇനി അതുവഴി പോകുമ്പോള്‍ ആ ഹോട്ടലിലേക്ക് എത്തിനോക്കണം, ആ പഴയ മുഖങ്ങള്‍ അവിടെയുണ്ടോ എന്നറിയാന്‍.

അനുഭവങ്ങളില്‍ അടുത്തറിഞ്ഞവരുടെ സുഖവിവരങ്ങള്‍ അറിയാതെ അവര്‍ക്ക് എന്ത് സംഭവിച്ചിരിക്കാം എന്നോര്‍ക്കുകയാണ് കൊറോണകാലത്ത് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര.

Keywords: News, Kerala, Travel, China, Kochi, Italy, Santhosh George Kulangara is remembering some of his most memorable teammates 
Previous Post Next Post