Follow KVARTHA on Google news Follow Us!
ad

കുളിച്ചു മാറി ധരിക്കാന്‍ കോട്ടണ്‍ വസ്ത്രവും ഭക്ഷണവും പ്രാര്‍ത്ഥിക്കാന്‍ 10 മിനിട്ട് സമയവും നല്‍കി; 4.45ഓടെ ശാരീരികക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി; ചട്ടപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം പ്രതികളെ കഴുമരത്തിലേക്ക്

ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞ് അവസാനം ഒരു പകലും രാത്രിയും നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നിര്‍ഭയ കേസ് പ്രതികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. News, National, India, New Delhi, Verdict, Court, Law, Justice, Crime, Capital Punishment, Four Men Convicted of Gang Murdering hanged 7 years after brutal crime
ന്യൂഡെല്‍ഹി: (www.kvartha.com 20.03.2020) ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞ് അവസാനം ഒരു പകലും രാത്രിയും നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നിര്‍ഭയ കേസ് പ്രതികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ രാത്രി ഒമ്പത് മണിക്ക് ഡല്‍ഹി ഹൈകോടതിയിലും പുലര്‍ച്ചെ 2.30ന് സുപ്രീകോടതിയിലും പ്രതികളുടെ അഭിഭാഷകന്‍ ഹരജി നല്‍കിയിരുന്നു. ഈ ഹര്‍ജികളില്‍ അന്തിമ വിധി പുറപ്പെടുവിച്ചതോടെ വധശിക്ഷ നടപ്പാക്കാനുള്ള തുടര്‍നടപടികള്‍ തീഹാര്‍ ജയിലില്‍ ആരംഭിച്ചു.

 News, National, India, New Delhi, Verdict, Court, Law, Justice, Crime, Capital Punishment, Four Men Convicted of Gang Murdering hanged 7 years after brutal crime

ജയില്‍ ഉദ്യോഗസ്ഥരും ആരാച്ചാര്‍ പവന്‍ ജല്ലാദും പങ്കെടുത്ത യോഗം ശിക്ഷ നടപ്പാക്കാനുള്ള അവസാനവട്ട വിലയിരുത്തലുകള്‍ നടത്തി. ജയിലിന് പുറത്ത് സുരക്ഷ മുന്‍നിര്‍ത്തി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. നാലു മണിയോടെ സുപ്രീംകോടതി ഹരജി തള്ളിയെന്നും വധശിക്ഷ നടപ്പാക്കുകയാണെന്നും പ്രതികളെ ജയില്‍ അധികൃതര്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ജയില്‍ സൂപ്രണ്ടന്റ്, ഡെപ്യൂട്ടി സൂപ്രണ്ടന്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പുരോഗമിച്ചത്.

പ്രതികളോട് കുളിച്ചു തയാറാകാന്‍ നിര്‍ദേശിച്ച ശേഷം മാറി ധരിക്കാന്‍ കോട്ടണ്‍ വസ്ത്രവും കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണവും നല്‍കി. പുലര്‍ച്ചെ 4.45ഓടെ പ്രതികളുടെ ശാരീരികക്ഷമത തൃപ്തികരമാണെന്ന് ജയിലിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് 10 മിനിട്ട് പ്രാര്‍ഥന നടത്താന്‍ അനുവദിച്ചു. ഇതിനിടെ, പ്രതി അക്ഷയ് താക്കൂറിനെ അവസാനമായി കാണണമെന്ന ആഗ്രഹവുമായി ജയിലിലെത്തിയ കുടുംബത്തിന്റെ ആവശ്യം ജയില്‍ ചട്ടപ്രകാരം അധികൃതര്‍ അനുവദിച്ചില്ല.

പ്രാര്‍ഥനക്ക് ശേഷം അഞ്ച് മണിയോടെ ഡെപ്യൂട്ടി സൂപ്രണ്ട് പ്രതികളെ സെല്ലില്‍ നിന്ന് പുറത്തിറക്കി കഴുമരത്തിലേക്ക് കൊണ്ടുപോയി. കഴുമരത്തിന് സമീപത്ത് എത്തുന്നതിന് മുമ്പ് കറുത്ത തുണി കൊണ്ട് പ്രതികളുടെ മുഖം മറച്ച് കയറു കൊണ്ട് കൈകള്‍ പിന്നിലേക്ക് കെട്ടി. തുടര്‍ന്ന് അവസാനവട്ട പരിശോധന ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പൂര്‍ത്തിയാക്കി. പ്രതികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യമില്ലെന്നും മജിസ്‌ട്രേറ്റിനെ അറിയിച്ചു.

5.29ഓടെ നാല് പ്രതികളുടെയും മരണവാറണ്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് ശേഷം ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ സഹായികള്‍ കാലുകള്‍ ബന്ധിച്ചു. ശേഷം നാലു പേരുടെയും കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയതോടെ ആരാച്ചാര്‍ കഴുമരത്തിന് താഴെയുള്ള തട്ട് മാറ്റുന്ന ലിവര്‍ വലിച്ചു.

തട്ട് നീങ്ങിയതോടെ കൃത്യം 5.30ന് പ്രതികളായ അക്ഷയ് ഠാകുര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), മുകേഷ് സിങ് (32) എന്നിവരുടെ വധശിക്ഷ നടപ്പാക്കി. 5.31ന് വധശിക്ഷ നടപ്പാക്കിയ വിവരം തീഹാര്‍ ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ, തീഹാര്‍ ജയിലിന് മുന്നിലെത്തിയവര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി.

മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടി തൂക്കിലേറ്റിയ നാലു പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അര മണിക്കൂര്‍ കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. തുടര്‍ന്ന് ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ച് നിലത്ത് കിടത്തി. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

2012 ല്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തില്‍ ആറു പ്രതികളാണ് പിടിയിലായത്. ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. പ്രതികളില്‍ ഒരാളായ രാംസിങ് ജയില്‍വാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ മൂന്നു വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചിതനായി. മറ്റു നാലു പ്രതികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബസില്‍ കയറി. ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ സംഘം പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.

ക്രൂരബലാല്‍സംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി ഡിസംബര്‍ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തില്‍ രാജ്യമെമ്ബാടും ശക്തമായ പ്രതിഷേധമുയര്‍ന്നു. പിടിയിലായ പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതീക്ഷിച്ചതുപോലെ അവര്‍ക്കു വധശിക്ഷതന്നെ വിധിച്ചു.

ശിക്ഷ വിധിച്ച് ഏഴു വര്‍ഷത്തിനു ശേഷമാണ് അതു നടപ്പായത്. ഇതിനിടെ പ്രതികള്‍ നിയമം അനുവദിക്കുന്ന വഴികളെല്ലാം പരീക്ഷിച്ചു. പ്രതികള്‍ ഓരോരുത്തരും രാഷ്ട്രപതിക്കു ദയാഹര്‍ജി അടക്കം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇത്തരത്തില്‍ നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂര്‍വ സംഭവമാണ്. ജോഷി-അഭയങ്കാര്‍ കൊലക്കേസുകളില്‍, 1983 ഒക്ടോബര്‍ 25ന് പുണെ യര്‍വാഡ ജയിലില്‍ കൊടുംകുറ്റവാളി സംഘത്തിലെ നാലു പേരെ തൂക്കിലേറ്റിയിരുന്നു. സംസ്‌കൃതപണ്ഡിതന്‍ കാശിനാഥ് ശാസ്ത്രി അഭയങ്കറും കുടുംബവും വിജയനഗറിലെ ജോഷിയും കുടുംബവും ഉള്‍പ്പടെ 1976-77 കാലഘട്ടത്തില്‍ പുണെ നഗരത്തില്‍ ഉണ്ടായ 10 കൊലപാതകങ്ങളുടെ പേരില്‍ സംഘത്തലവന്‍ രാജേന്ദ്ര യെല്ലപ്പ ജക്കല്‍, ദിലീപ് സുതാര്‍, ശാന്താറാം ജഗ്താപ്, മുനാവര്‍ ഹരുണ്‍ഷാ എന്നിവരെയാണ് അന്നു തൂക്കിലേറ്റിയത്.

Keywords: News, National, India, New Delhi, Verdict, Court, Law, Justice, Crime, Capital Punishment, Four Men Convicted of Gang Murdering hanged 7 years after brutal crime