Follow KVARTHA on Google news Follow Us!
ad

കൊറോണ പ്രതിരോധം: ദുരന്ത നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ്‌, ആവശ്യമില്ലാതെ ആളുകൾ പുറത്തിറങ്ങരുത്, അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി

സംസ്ഥാനത്ത് ഒമ്പതുപേർ കൂടി രോഗബാധിതർ, 12 പേർ രോഗമുക്തരായി
തിരുവനന്തപുരം: (www.kvartha.com 25.03.2020) 
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  ദുരന്ത നിയന്ത്രണത്തിന് ഓർഡിനൻസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം. ഇതനുസരിച്ച്‌ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം, സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡം കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.


Kerala Chief Minister

പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി വാഹനങ്ങൾ തടയും. അതിന്റെ പേരിലുള്ള പ്രതിഷേധം വക വെക്കില്ല. നിലവിലെ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഉണ്ടാക്കണം. സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ് തലത്തില്‍ വിന്യസിക്കും. പോലീസ് കടുത്ത നടപടികള്‍ സ്വീകരിക്കും. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഫോണില്‍ വിളിക്കാം. അനാവശ്യമായി ആരും പുറത്തിറങ്ങേണ്ട. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. ചൊവ്വാഴ്ച സംസാരിച്ചതില്‍ നിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ചൊവ്വാഴ്ച രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കി. നമ്മള്‍ അതിനു മുന്‍പ് തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാക്കുന്നത്. സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു പോകേണ്ടതുണ്ട്. ജനങ്ങള്‍ക്കു ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം ഭദ്രമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി ഒമ്പതു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആണ്.
76542 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 76010 പേർ വീടുകളിലും 532 പേർ ആശുപതികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതുവരെ 12 പേർക്ക് രോഗം ഭേദമായി. ബുധനാഴ്ച ആറു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Summary: Coronavirus: 9 new cases repoterdin kerala: Chief Minister Pinarayi Vijayan