» » » » » » » » » മഹാറാലി പലകടലായി ഒഴുകി

കണ്ണൂര്‍: (www.kvartha.com 15.02.2020) പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് കണ്ണൂരില്‍ കഴിഞ്ഞദിവസം ഒഴുകിയെത്തിയ പതിനായിരങ്ങള്‍ അലകടലായി ഒഴുകി. കണ്ണൂര്‍ ദര്‍ശിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ജനമുന്നേറ്റമായി അത് മാറുകയായിരുന്നു.

കണ്ണൂരില്‍ നടക്കുന്ന എല്ലാ റാലികളും തുടങ്ങാറുള്ള സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന മഹാറാലി പട്ടാളം കാവല്‍ നിന്നതിനാല്‍ വിവാദമായിരുന്നു.


റാലി തുടങ്ങുന്നത് സംഘാടകര്‍ സ്വാതന്ത്ര്യ സമരസ്മരണയുള്ള വിളക്കുംതറക്ക് സമീപത്തേക്ക് മാറ്റുകയായിരുന്നു. ആശുപത്രി ഭാഗത്തുനിന്ന് റാലി തുടങ്ങുമ്പോഴേക്കും നഗരത്തിലേക്ക് പ്രവേശിക്കാനാവാതെ നൂറുക്കണക്കിന് വാഹനങ്ങള്‍ പലവഴികളില്‍ കുടുങ്ങി. പക്ഷെ, സമരത്തിന്റെ നിശ്ചയദാര്‍ഢ്യവുമായി കിലോമീറ്ററുകള്‍ക്കപ്പുറം ജനം ബസിറങ്ങി സ്വയംറാലിയായി കലക്ടറേറ്റ് മൈതാനിയിലേക്ക് പ്രവഹിക്കുകയായിരുന്നു.

തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗത്ത് നിന്നുവന്ന വാഹനങ്ങള്‍ ചാലാട് വരെയും കുടുങ്ങിയിരുന്നു. അവിടങ്ങളില്‍ ബസിറങ്ങി ശ്രീനാരായണ പാര്‍ക്ക് വഴി ഒഴുകിയ ജനം മുനീശ്വരംകോവില്‍ വരെ മറ്റൊരു റാലിയായി മാറി. ഇരിട്ടി മട്ടന്നൂര്‍ മേഖലയില്‍ നിന്ന് വന്ന വാഹനങ്ങളിലെ ജനങ്ങള്‍ താണ മേഖലയില്‍ ഇറങ്ങി കാല്‍ടെക്‌സ് വഴി കലക്ടറേറ്റ് മൈതാനിയിലേക്ക് ഒഴുകിയപ്പോള്‍ കണ്ണൂരിന്റെ എല്ലാ വീഥികളും പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ കയ്യിലമര്‍ന്ന് നഗരം സ്തംഭിച്ചു.

പല സംഘടനകളും നേതാക്കളും അണിനിരന്നിട്ടും റാലിയുടെ മുന്‍നിരയുടെ ഒത്തൊരുമ ശ്രദ്ധേയമായിരുന്നു. റാലിയുടെ മുന്‍നിരയില്‍ കേറിപ്പറ്റാന്‍ സാധാരണ നടക്കാറുള്ള ഉന്തും തള്ളുമില്ലാതെ നിശ്ചയിച്ച ലിസ്റ്റനുസരിച്ച് നേതാക്കള്‍ വരിയായി അവസാനം വരെയും റാലിയെ നയിച്ചു. ഭരണഘടനാ സംരക്ഷണ സമിതിയുടെ 41 നേതാക്കള്‍ 41 ദേശീയ പതാകയേന്തിയാണ് റാലി നയിച്ചത്.

മുസ്ലീം കോ ഓഡിനേഷന്‍ കമ്മിറ്റിയിലെ മുസ്ലീംലീഗ്, സമസ്ത ഇ കെ എ പി ഗ്രൂപ്പുകള്‍, ജമാ അത്തെ ഇസ്ലാമി, കെ എന്‍ എം, മര്‍ക്കസ്സുദ്ദഅ്വ, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്നിവയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ പി പി ഉമ്മര്‍ മുസ്ലിയാര്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, മാണിയൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, പഴശ്ശി അബ്ദുല്‍ ലത്തീഫ് സഅദി, പി കെ ഇബ്രാഹിം ഹാജി, യു പി സിദ്ദീഖ് മാസ്റ്റര്‍, മുഹമ്മദ് സാജിദ് നദ് വി, അബ്ദുനാസര്‍ സ്വലാഹി, ശംസുദ്ദീന്‍ പാലക്കോട്, വി പി വമ്പന്‍, ഡോ.എ എ ബഷീര്‍, അബ്ദുല്‍ ലത്തീഫ് എടവച്ചാല്‍ ,ശക്കീര്‍ ഫാറൂഖി, എം കെ ഹമീദ് മാസ്റ്റര്‍, പി കെ സുബൈര്‍, കെ എം മഖ്ബൂല്‍, സി കെ എ ജബ്ബാര്‍, സമീര്‍ തലശ്ശേരി, കെ പി അബ്ദുല്‍ അസീസ്, സി പി ഹാരിസ് തുങ്ങിയവര്‍ റാലിയെ നയിച്ചു.

പട്ടാളം ഗ്രൗണ്ട് നിഷേധിച്ചത് വിവാദമായി

കണ്ണൂര്‍: ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂരില്‍ നടത്തിയ മഹാറാലി പുറപ്പെടേണ്ടിയിരുന്ന കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് പട്ടാളം കാവല്‍ നിന്നത് വിവാദമായി. റാലി തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നിടത്ത് പട്ടാളം നില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജില്ലാ ആശുപത്രി ഭാഗത്തേക്ക് മാറണമെന്ന് സംഘാടകര്‍ അനൗണ്‍സ്‌മെന്റ് ചെയ്ത് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.


കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന്റെ മുന്നിലുള്ള ഗ്രൗണ്ട് കണ്ടോണ്‍മെന്റ് അധീനതയിലുള്ളതാണ്. കണ്ണൂര്‍ പട്ടാള കേന്ദ്രത്തിന്റെ കൂടി മേല്‍നോട്ടമുള്ളതാണ് ഈ ഗ്രൗണ്ട്. എല്ലാ സംഘടനകളും ഇവിടെ നിന്നാണ് റാലികള്‍ ആരംഭിക്കാറ്. സ്‌കൂള്‍ മുറ്റം കൂടിയായതിനാല്‍ പൊതുജനം ഉപയോഗിച്ചു വരുന്ന ഗ്രൗണ്ട് പട്ടാളത്തിന്റെ മറ്റ് സംവിധാനങ്ങള്‍ക്കൊന്നും തടസമില്ലാത്ത പൊതു ഇടവുമാണ്.

ഇവിടം റാലികളുടെയും മറ്റും കേന്ദ്രമാവുന്നതിനെതിരെ തങ്ങള്‍ പൊലീസിന് വിവരം നല്‍കിയിരുന്നുവത്രെ. എന്നാല്‍, വാര്‍ത്താ സമ്മേളനം നടത്തി നേരത്തെ റാലി പ്രഖ്യാപിക്കുകയും പിന്നീട് റാലിയുടെ റൂട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ രേഖാമൂലം നല്‍കി കണ്ണൂര്‍ ഡി വൈ എസ് പിയുമായി നേരിട്ട് സംസരിച്ചപ്പോഴൊന്നും ഈ വിലക്കുള്ള കാര്യം തങ്ങളെ അറിയിച്ചിരുന്നില്ല എന്ന് സംഘാടകര്‍ വിശദീകരിക്കുന്നു.

ക്രമസമാധാന പ്രശ്‌നം പൊലീസിന്റെ ചുമതലയായതിനാല്‍ പൊതുജനം ഉപയോഗിക്കുന്ന ഗ്രൗണ്ടിലെ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ അത് പൊലീസാണ് കൈകാര്യം ചെയ്യേണ്ടത്. പക്ഷെ, പട്ടാളം ഗ്രൗണ്ടിന് ചുറ്റും അണിനിരക്കുകയായിരുന്നു.

Keywords: Kerala, News, Kannur, Trending, Rally, Soldiers, Army, Why army block CAA protest rally in Kannur
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal