» » » » » » » » ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ കേരള ആര്‍ടിസി നഷ്ടത്തിലോടുമ്പോള്‍ മലയാളി യുവാവിന്റെ ഒരു വര്‍ഷത്തെ ബംഗളൂരു യാത്രയില്‍ കര്‍ണാടക ആര്‍ ടി സി ക്ക് ലഭിച്ചത് 1.8 ലക്ഷം രൂപ; ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള പെര്‍മിറ്റ് കേരള ആര്‍ടിസിക്ക് ഉണ്ടെന്നിരിക്കെ, ലാഭകരമായ ആ സര്‍വീസുകള്‍ വേണ്ടെന്നു വയ്ക്കുന്ന തീരുമാനം ശരിക്കും ആരെ സഹായിക്കാനാണെന്ന് ചോദ്യം


ബെംഗളൂരു: (www.kvartha.com 13.02.2020) പൊതുഗതാഗത സംവിധാനത്തില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് വളരെ വലുതാണ്. സ്വകാര്യ ബസ് ഓട്ടോ തൊഴിലാളികള്‍ പണി മുടക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ശരണം കെഎസ്ആര്‍ടിസി തന്നെ. എന്നാല്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ വന്‍കടമാണ് ഇന്ന് കേരളത്തിലെ ആര്‍ടിസി സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത്.

ഈ കടം വീട്ടാന്‍ ആര്‍ടിസി സ്വന്തമായി തുക കൂടി കണ്ടെത്തേണ്ട അവസ്ഥയാണ്. കേരളമൊഴിച്ച് രാജ്യത്ത് ഒരിടത്തും ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ സ്വന്തം ഫണ്ടില്‍ നിന്ന് ഒരു ആര്‍ടിസിയും നല്‍കുന്നില്ല. മാത്രമല്ല ലാഭം കിട്ടുന്ന സൂപ്പര്‍ക്ലാസ് സര്‍വീസുകളുടെ കാര്യത്തില്‍പ്പോലും പ്രതികൂലമായ നയങ്ങളാണ് സ്വീകരിക്കുന്നത്.

News, Karnataka, Bangalore, KSRTC, Travel & Tourism, Transport, Kerala RTC and Karnataka RTC

ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്ന് ലാഭം നേടാന്‍ സാഹചര്യമുണ്ടെന്നിരിക്കെ ഹൈക്കോടതി നിര്‍ദ്ദേശം ലഭിച്ചിട്ടുപോലും അതിനുള്ള നടപടിയും കൈക്കൊള്ളുന്നില്ല. ഇത്തരം സര്‍വീസുകള്‍ നടത്താനുള്ള ഒഴിവ് കഴിവ് ബുദ്ധിമുട്ടുകളാണ് പറയുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള പെര്‍മിറ്റ് ആര്‍ടിസിക്ക് ഉണ്ടെന്നിരിക്കെ, ലാഭകരമായ ആ സര്‍വീസുകള്‍ വേണ്ടെന്നു വയ്ക്കുന്ന തീരുമാനവും ശരിക്കും സ്വകാര്യ സര്‍വ്വീസുകള്‍ക്ക് സഹായമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കേരള ആര്‍ടിസിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ മനസിലാവുന്നത് സംരക്ഷിക്കാനല്ല, നശിപ്പിക്കാനാണെന്ന് തോന്നും.

ഇവിടെയാണ് കര്‍ണാടക ആര്‍ടിസിയും കേരള ആര്‍ടിസിയും തമ്മിലുള്ള അന്തരം മനസിലാവുന്നത്. കേരള ആര്‍ടിസി നഷ്ടത്തിലോടുമ്പോള്‍ കര്‍ണാടക ആര്‍ടിസിയുടെ കാര്യം നേരെ മറിച്ചാണ്. അത്തരത്തില്‍ പുറത്തു വരുന്നതാണ് അവിടത്തെ ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കണക്കുകള്‍.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി ടെക്കി സ്വദേശമായ എറണാകുളത്തേക്ക് വന്നുപോകുന്നതിനായി ഒരുവര്‍ഷം കര്‍ണാടക ആര്‍ടിസിയില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത് 148 ടിക്കറ്റുകള്‍. കര്‍ണാടക ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കണക്കുകള്‍ പ്രകാരം എറണാകുളം സ്വദേശിയായ സഗിന്‍ സെബാസ്റ്റ്യന്‍ 148 ടിക്കറ്റുകള്‍ക്കായി ഒരു വര്‍ഷം ചെലവിട്ടത് 1.8 ലക്ഷം രൂപയാണ്. 'കഴിഞ്ഞ മൂന്നു വര്‍ഷമായി എല്ലാ ആഴ്ചയും എറണാകുളത്തെ വീട്ടിലെത്താറുണ്ട്. ആദ്യമൊക്കെ ട്രെയിന്‍ യാത്രയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ണാടക ആര്‍ടിസി ബസുകളിലാണ് യാത്ര'- സഗിന്‍ പറയുന്നു.

സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ അപേക്ഷിച്ച് കൂടുതല്‍ വിശ്വാസ്യത കര്‍ണാടക ആര്‍ടിസിക്കാണെന്നും സഗിന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഗതാഗതക്കുരുക്കില്‍പ്പെട്ട ചില അവസരങ്ങളില്‍ തനിക്കായി ബസ് ജീവനക്കാര്‍ കാത്ത് നില്‍ക്കാന്‍ തയാറായെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ 30 ദിവസം മുന്‍പേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും കര്‍ണാടക ആര്‍ടിസി നല്‍കുന്നുണ്ട്.

വെബ്‌സൈറ്റ് വഴി കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ കോര്‍പറേഷന്‍ ശേഖരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത രണ്ടാമത്തെയാള്‍ എസ് ധ്രുവരാജ് ആണ്. 137 ടിക്കറ്റുകളാണ് 2019ല്‍ അദ്ദേഹം ബുക്ക് ചെയ്തത്. ബംഗളൂരു- എറണാകുളം റൂട്ടില്‍ തന്നെയാണ് ധ്രുവരാജിന്റെയും യാത്ര. പ്രതിവര്‍ഷം ചെലവിട്ടതാകട്ടെ 1.5 ലക്ഷം രൂപ. 134 ടിക്കറ്റുമായി കെ നവനീത ഗോപാലകൃഷ്ണന്‍ ആണ് മൂന്നാം സ്ഥാനത്ത്. ബംഗളൂരു- പുതുച്ചേരി റൂട്ടിലെ യാത്രക്കായി ഒരു വര്‍ഷം ചെലവിട്ടത് ഒരു ലക്ഷം രൂപയാണ്.

കഴിഞ്ഞ വര്‍ഷം 12 അന്തര്‍ സംസ്ഥാന യാത്രക്കാര്‍ നൂറിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എറണാകുളം, ചെന്നൈ, വിജയവാഡ, ഹൈദരാബാദ്, തൃശൂര്‍, പനാജി, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള പതിവ് യാത്രക്കാരാണ് ഇവര്‍. ksrtc.in എന്ന കോര്‍പറേഷന്റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത യാത്രികരുടെ വിവരങ്ങളാണിത്. നേരിട്ട് ടിക്കറ്റെടുത്തവരുടെ വിവരങ്ങള്‍ കോര്‍പറേഷന്റെ കൈവശമില്ല.

ഏകദേശം 30 ലക്ഷത്തോളം ഓണ്‍ലൈന്‍ ഉപഭോക്താക്കളാണുള്ളതെന്ന് കര്‍ണാടക ആര്‍ടിസി അധികൃതര്‍ പറയുന്നു. ഇതില്‍ 15 ലക്ഷം രജിസ്‌ട്രേഡ് ഉപഭോക്താക്കളാണ്. ആകെ ടിക്കറ്റുകളില്‍ 20 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് വിറ്റഴിക്കുന്നത്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം ഗതാഗതസംവിധാനത്തില്‍ അവിടുത്തെ ആര്‍ടിസികള്‍ക്ക് ആധിപത്യമുണ്ടെങ്കില്‍ കേരളത്തിലതല്ല സ്ഥിതി. പൊതു നിരത്ത് മുക്കാല്‍ ഭാഗവും സ്വകാര്യസര്‍വീസുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന് ഒരു പരിഹാരം കാണാതെ കേരള ആര്‍ടിസിയുടെ നടുനിവരുമെന്ന് തോന്നുന്നില്ല. ഒപ്പം കേരള ആര്‍ടിസിജീവനക്കാരുടെ മനോഭാവവും മാറേണ്ടതുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകള്‍ കൈ കാണിച്ചിടങ്ങളിലെല്ലാം നിര്‍ത്തുകയും സ്റ്റാന്‍ഡുകളിലും മറ്റും ആളെ വിളിച്ച് കയറ്റുകയും ചെയ്യുമ്പോള്‍ ഉള്ള സ്‌റ്റോപ്പുകളില്‍ പോലും നിര്‍ത്താതെയാണ് ചില ബസുകളെങ്കിലും ഓടുന്നത്. ദേശസാല്‍കൃത സ്‌റ്റോപ്പുകളില്‍ പോലും പുതിയ ബസുകള്‍ അനുവദിക്കാനോ ഏറെ മുറവിളികള്‍ക്കൊടുവില്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇപപെടലുകളെ തുടര്‍ന്ന് അനുവദിക്കപ്പെട്ട സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും ചില ജീവനക്കാര്‍ക്ക് മടിയാണ്. ഉള്ള സ്‌റ്റോപ്പുകള്‍ പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളാണ് ഇത്തരക്കാര്‍ നടത്തുന്നത്. ഏതായാലും കേരള ആര്‍ടിസിയെ സംരക്ഷിക്കാനും ലാഭകരമായി മുന്നോട്ട് കൊണ്ടു പോകുവാനും ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പൊതുജനാവിശ്യം.

Keywords: News, Karnataka, Bangalore, KSRTC, Travel & Tourism, Transport, Kerala RTC and Karnataka RTC

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal