Follow KVARTHA on Google news Follow Us!
ad

കൊറോണ; ചൈനയില്‍ മരണം 1523 ആയി; വൈറസ് ബാധ സ്ഥിരീകരിച്ചത് 66,492പേര്‍ക്ക്

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയിBeijing, News, Health, Health & Fitness, hospital, Treatment, Doctor, Dead, Patient, America, Allegation, China, World
ബെയ്ജിങ്: (www.kvartha.com 15.02.2020) ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ഒട്ടാകെ 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ, വൈറസുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിവരങ്ങളും ചൈന പുറത്തുവിടുന്നില്ലെന്ന് ആരോപിച്ച് യു എസ് രംഗത്തെത്തി. വൈറസിനെതിരെ ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിന് അവസരം ലഭിക്കുന്നില്ല. വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചൈന പുറത്തുവിടുന്നതില്‍ സുതാര്യതയില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ ലാറി കുഡ്‌ലോ ആരോപിച്ചു.

Corona: Death toll rises to 1500, hospitals full of patients and without equipment, Beijing, News, Health, Health & Fitness, hospital, Treatment, Doctor, Dead, Patient, America, Allegation, China, World

എന്നാല്‍, ആരോപണങ്ങള്‍ ചൈന തള്ളി. ഉയര്‍ന്ന ഉത്തരവാദിത്വത്തോടെ തുറന്ന സമീപനമാണ് ചൈന ഇക്കാര്യത്തില്‍ പുലര്‍ത്തുന്നതെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷ്വാങ് പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ 15 അംഗ വിദഗ്ധസംഘം ഇപ്പോള്‍ ചൈനയിലുണ്ട്.

ചൈനയില്‍ കഴിഞ്ഞദിവസം മരിച്ചത് 121 പേരാണ്. ഹുബൈ പ്രവിശ്യയില്‍മാത്രം 116 പേര്‍ മരിച്ചു. 4823 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. നഗരത്തില്‍ 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധയേറ്റതെന്ന് ദേശീയ ആരോഗ്യകമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷെങ് യിഷിന്‍ പറഞ്ഞു. മറ്റുള്ളവര്‍ ഹുബൈ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ളവരാണ്.

രോഗികള്‍ നിറഞ്ഞ ആശുപത്രികളില്‍ മതിയായ തോതില്‍ സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഒരിക്കല്‍മാത്രം ഉപയോഗിക്കാനുള്ള മുഖാവരണംപോലുള്ളവ ഡോക്ടര്‍മാര്‍ക്കടക്കം ആവര്‍ത്തിച്ച് ഉപയോഗിക്കേണ്ടിവരുന്നു. താനടക്കം കുറഞ്ഞത് 16 പേര്‍ക്കെങ്കിലും വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി വുഹാനിലെ ആരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടര്‍ എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

താന്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ 500 ജീവനക്കാരുള്ളതില്‍ 150 ഓളം പേര്‍ക്ക് വൈറസ് പിടിപെട്ടതായി വുഹാനിലെ മറ്റൊരു ആശുപത്രിയിലെ നഴ്സ് നിങ് ഷു വും പറഞ്ഞു. വുഹാനിലെയും ഹുബൈ പ്രവിശ്യയിലെയും ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമംമൂലം സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തില്‍നിന്നുള്ള രണ്ടായിരത്തോളം പേരെക്കൂടി കഴിഞ്ഞദിവസം നിയമിച്ചിരുന്നു.

വുഹാനില്‍ 398 ആശുപത്രികളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. പതിനായിരക്കണക്കിന് കമ്യൂണിറ്റി ഹെല്‍ത്ത് ക്ലിനിക്കുകളുമുണ്ട്. അതില്‍ മൂന്നിലൊന്ന് ആശുപത്രികളില്‍മാത്രമാണ് കൊറോണ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിക്കുന്നുള്ളൂ.

അതേസമയം ചൈനയ്ക്കു പുറത്തും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ വരെ ചൈനയ്ക്കു പുറത്ത് 505 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.  അതിനിടെ ജപ്പാനിലും കോവിഡ് 19 ബാധിച്ച് 80കാരി മരിച്ചു. നേരത്തെ ഹോങ്കോംഗ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചിരുന്നു. വൈറസ് സ്ഥിരീകരിച്ച കേസുകള്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനിടെ കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തില്‍ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം കെയ്‌റോ വിമാനത്താവളം വഴി എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ജപ്പാന്‍ ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കോവിഡ് 19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചിരുന്നു. ഇയാളെ ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ കപ്പലിലെ രോഗബാധിതരുടെ എണ്ണം 175 പിന്നിട്ടു.138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പലാണ് കടലില്‍ പിടിച്ചിട്ടിരിക്കുന്നത്.

Keywords: Corona: Death toll rises to 1500, hospitals full of patients and without equipment, Beijing, News, Health, Health & Fitness, hospital, Treatment, Doctor, Dead, Patient, America, Allegation, China, World.