Follow KVARTHA on Google news Follow Us!
ad

കുഞ്ഞുപ്രായത്തില്‍ തന്നെ ബോംബ് രാഷ്ട്രീയത്തിനിരയായി ഒരു കാല്‍ മുട്ടിന് താഴെ വെച്ച് നഷ്ടമായി; നിനച്ചിരിക്കാതെ സംഭവിച്ച ദുരന്തത്തില്‍ തളരാതെ പൊരുതി നേടിയ വിജയം; താങ്ങായത് വീട്ടുകാരുടേയും നാട്ടുകാരുടേയും പിന്തുണയും പ്രോത്സാഹനവും; അതെ, അസ്‌ന ഇന്ന് ഒരു ഡോക്ടറാണ്, നിയമനം സ്വന്തം നാട്ടിലും

കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷട്രീയത്തിന്റെ ജീവിക്കുന്നNews, Kannur, Local-News, Education, Doctor, Politics, BJP, Congress, Bomb, Injured, hospital, Treatment, Kerala
കൂത്തുപറമ്പ്: (www.kvartha.com 05.02.2020) കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ അസ്ന ഡോക്ടറായി സ്വന്തം നാട്ടിലെ ആശുപത്രിയില്‍ ചികിത്സയാരംഭിച്ചു. 19 വര്‍ഷം മുന്‍പ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ബോംബേറില്‍ കാലു തകര്‍ന്ന് ചോരയില്‍ കുളിച്ചുകിടന്ന ആറു വയസ്സുകാരി അസ്ന രാഷ്ട്രീയ കേരളത്തിന്റെ മനസിലെ മായാത്ത ചിത്രങ്ങളാലൊന്നാണ്.

സ്വ പ്രയത്‌നത്താല്‍ എം ബി ബി എസ് ബിരുദം നേടിയ അസ്‌ന ബുധനാഴ്ച മുതല്‍ നാട്ടുകാരുടെ സ്വന്തം കൊച്ചു ഡോക്ടറാണ്. വീടിന് സമീപം തന്നെയുള്ള ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായി അസ്ന ബുധനാഴ്ച രാവിലെ ചുമതലയേറ്റു.

Asna, famed child victim of Kannur violence, to helm health centre near home, News, Kannur, Local-News, Education, Doctor, Politics, BJP, Congress, Bomb, Injured, Hospital, Treatment, Kerala

കണ്ണൂരിലെ ബോംബ് രാഷട്രീയത്തിലെ ആദ്യത്തെ കുഞ്ഞ് ഇരയായ അസ്‌ന ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ് ഡോക്‌റെന്ന തന്റെ ജന്മാഭിലാഷം പൂര്‍ത്തീകരിച്ചത. 2000 സെപ്റ്റംബര്‍ 27-ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകരുടെ ബോംബേറിലാണ് അസ്നയ്ക്കു വലതുകാല്‍ നഷ്ടപ്പെട്ടത്.

മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രി കിടക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം വളര്‍ത്തിയത്. ചെറുവാഞ്ചേരി പൂവ്വത്തൂര്‍ യു പി സ്‌കൂളില്‍ പോളിംഗിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തട്ടിയെടുത്ത് ഓടുന്നതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

ഇതേ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് ബോംബേറ് നടന്നത്. സ്‌കൂളിന് സമീപം തന്നെയാണ് അസ്‌നയുടെ വീട്. വീടിന് ചേര്‍ന്നാണ് പിതാവ് നാണു ചായക്കട നടത്തിയിരുന്നത്. ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ അസ്‌നയെ ആദ്യം തലശ്ശേരി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലുമെത്തിക്കുകയായിരുന്നു.

മാരകമായ ബോംബിന്റെ ഷെല്ലുകള്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് പിഞ്ചു കാല്‍ മുട്ടിന് താഴെ വെച്ച് മുറിച്ച് നീക്കിയെങ്കിലും വെടിമരുന്ന് കൊണ്ടുണ്ടായ മുറിവ് പൂര്‍ണമായി ഉണങ്ങാന്‍ വര്‍ഷങ്ങളെടുത്തു. പ്രായം കൂടുന്തോറും കൃത്രിമ കാല്‍ ഇടക്കിടെ മാറ്റിവെച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

ഇന്ന് കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റായ അഴീക്കോടന്‍ അശോകന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അസ്‌ന കേസിലെ പ്രതിപട്ടികയിലുണ്ടായിരുന്നത്. ബി ജെ പി നേതാവ് ഒ കെ വാസു മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ബി ജെ പി പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക് ചേക്കേറിയപ്പോവാണ് അശോകനും ബി ജെ പി വിട്ടിരുന്നത്.

അസ്‌നയുടെ ഡോക്ടറാവണമെന്ന ആഗ്രഹം പൂവണിയാന്‍ നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. മകളെ നോക്കാന്‍ അച്ഛന്‍ നാണു താന്‍ നടത്തിയിരുന്ന ചായക്കട നിര്‍ത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് അച്ഛന്‍ ഒരു കാല്‍ നഷ്ടപ്പെട്ട പ്രിയ പുത്രിയെ സ്‌കൂളിലെത്തിച്ചത്. കൃത്രിമ കാല്‍ ലഭിച്ചതോടെ, വിജയത്തിന്റെ പടവുകള്‍ ഓരോന്നായി അസ്ന കീഴടക്കുന്നതാണ് പിന്നീട് കണ്ടത്.

ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എം ബി ബി എസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് അവള്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയായിരുന്നു. കണ്ണൂരിലെ കെ എസ് യു നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന്, 38 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ കോളജില്‍ അസ്‌നക്ക് വേണ്ടി ലിഫ്റ്റ് സ്ഥാപിച്ചു.

പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. പാവപ്പെട്ട ഈ കുടുംബത്തിന് കണ്ണൂര്‍ ഡി സി സി നേതൃത്വം വീട് നിര്‍മിച്ചു നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു.

അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്നയ്ക്കു നിയമനം നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇതോടെ അസ്‌ന നാട്ടുകാരുടെ സ്വന്തം ഡോക്ടറായി സേവനം ആരംഭിച്ചിരിക്കയാണ്. ജീവിതത്തിന്റെ പ്രകാശമാര്‍ന്ന മറ്റൊരു അധ്യായം തുടങ്ങാനായി.

Keywords: Asna, famed child victim of Kannur violence, to helm health centre near home, News, Kannur, Local-News, Education, Doctor, Politics, BJP, Congress, Bomb, Injured, Hospital, Treatment, Kerala.