Follow KVARTHA on Google news Follow Us!
ad

മന്ത്രഘോഷങ്ങള്‍ക്കിടെ സോണിയയുടെ കൈ സുമിത് റായിയുടെ കൈയ്യോട് അയാള്‍ ചേര്‍ത്തുവെച്ചു; ജാലവിദ്യക്കാരനായ ഗോപിനാഥ് മുതുകാട് അസംകാരിയുടെ 'അച്ഛനായി'

കൊല്‍ക്കത്ത കാളീഘട്ട് ക്ഷേത്രത്തിനടുത്ത് മുഷിഞ്ഞ ചുമരുകളുള്ള കുടുസ്സുമുറിയില്‍ വെച്ച് വധു സോണിയ ഥാപ്പയുടെ കൈ സുമിത് റായിയുടെ കൈയ്യോട് അയാള്‍ News, National, India, Kolkata, Marriage, Father, Magician, Gopinath Muthukad, The Magician Gopinath Muthukad as a 'Father'
കൊല്‍ക്കത്ത: (www.kvartha.com 16.01.2020) കൊല്‍ക്കത്ത കാളീഘട്ട് ക്ഷേത്രത്തിനടുത്ത് മുഷിഞ്ഞ ചുമരുകളുള്ള കുടുസ്സുമുറിയില്‍ വെച്ച് വധു സോണിയ ഥാപ്പയുടെ കൈ സുമിത് റായിയുടെ കൈയ്യോട് അയാള്‍ ചേര്‍ത്തുവെച്ചു. മന്ത്രഘോഷങ്ങള്‍ക്കിടെ സുമിത് റായി അവളുടെ കൈത്തണ്ടയില്‍ ചരടുകള്‍ കെട്ടി കഴുത്തില്‍ താലിചാര്‍ത്തുമ്പോള്‍ സാക്ഷികളായി മലയാളത്തിന്റെ ജാലവിദ്യക്കാരന്‍ ഗോപിനാഥ് മുതുകാടും കൂടെ 14 പേരും മാത്രം.

അസംകാരിയോട് പുരോഹിതന്‍ ചോദിച്ചു: 'അച്ഛന്റെ പേര്?' അവള്‍ മറുപടി പറഞ്ഞു: 'ഗോപിനാഥ് മുതുകാട്.' 'അമ്മയുടെ പേര്?' : 'കവിത.'

News, National, India, Kolkata, Marriage, Father, Magician, Gopinath Muthukad, The Magician Gopinath Muthukad as a 'Father'

നാലുവര്‍ഷം മുമ്പ് സര്‍ക്കസ് തമ്പുകളില്‍നിന്നു തമ്പുകളിലേക്കുള്ള അലച്ചിലിനിടയിലാണ് സോണിയ ഥാപ്പ തിരുവനന്തപുരത്തെത്തിയത്. ഏഴാം വയസ്സുമുതല്‍ സര്‍ക്കസ് കൂടാരത്തിലെത്തിയതാണവള്‍. വിശപ്പുമാറ്റാന്‍ ജീവന്‍ പണയംവെച്ച് അഭ്യാസങ്ങള്‍ നടത്തി. ഏതൊക്കെയോ ദേശങ്ങളില്‍ അനാഥയായി ജീവിച്ചു.

തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റില്‍ സര്‍ക്കസ് കലാകാരന്മാരെ സഹായിക്കാനായി 'മാജിക് കാസില്‍' തുടങ്ങിയപ്പോള്‍ മുതുകാട് സോണിയയെയും അതില്‍ അംഗമാക്കി. അവിടെയുള്ള ആര്‍ട്ടിസ്റ്റ് വില്ലേജില്‍ വീടുവെച്ചുകൊടുത്തു. മുതുകാടിനെ അവള്‍ പപ്പാ എന്നുവിളിച്ചു, അദ്ദേഹത്തിന്റെ ഭാര്യ കവിതയെ മമ്മീ എന്നും.

നിയോഗംകൊണ്ടെന്നപോലെ താന്‍ അച്ഛനായി നില്‍ക്കേണ്ടിവന്ന കല്യാണത്തെക്കുറിച്ച് നഗരംവിടും മുമ്പ് മുതുകാട് പറഞ്ഞു: 'എനിക്ക് ഒരു മകനാണ്. മകളുടെ കല്യാണത്തിന് അച്ഛന്റെ സ്ഥാനത്തുനില്‍ക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ല. ഈ ചരിത്രനഗരത്തില്‍വെച്ച് അതും സംഭവിച്ചു. ജീവിതം തന്നെയാണ് ഏറ്റവും വലിയ മാന്ത്രികന്‍ എന്നു ഞാനിപ്പോള്‍ തിരിച്ചറിയുന്നു.'

സര്‍ക്കസ് കൂടാരത്തില്‍ നിന്നുതന്നെയാണ് സോണിയ സുമിതിനെ കണ്ടെത്തിയത്. സുമിതിന്റെ ബന്ധുക്കളെല്ലാം കൊല്‍ക്കത്തയിലാണ്. സോണിയയ്ക്ക് ബന്ധുക്കളാരും വരാനില്ലായിരുന്നു. മുതുകാട് കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ പരിപാടിക്കെത്തുന്നതിനനുസരിച്ചാണ് വിവാഹം നിശ്ചയിച്ചത്.

കൈരളിസമാജത്തിന്റെ പ്രവര്‍ത്തകരായ ടി.കെ. ഗോപാലന്‍, പി. വേണുഗോപാലന്‍, അജയന്‍ എന്നിവരും സുമിതിന്റെ ബന്ധുക്കളും മംഗളകര്‍മത്തിനു സാക്ഷികളായി. സോണിയയുടെ ഭാഗത്തുനിന്ന് 'അച്ഛ'നായ മുതുകാട് മാത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Kolkata, Marriage, Father, Magician, Gopinath Muthukad, The Magician Gopinath Muthukad as a 'Father'