കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി: കെഎസ്ആര്‍ടിസി ഓര്‍മയാകും, സ്വകാര്യ കുത്തക കമ്പനികള്‍ നിരത്തുകള്‍ കയ്യടക്കും, നികുതിനിരക്ക് കൂടുതലായത് സംസ്ഥാനസര്‍ക്കാരിന് ഗുണം ചെയ്യുമെങ്കിലും യാത്രക്കാരുടെ കീശ കാലിയാകും

 


ന്യൂഡല്‍ഹി: (www.kvartha.com 14.01.2020) കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം നിലവില്‍ വന്നാല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖല ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് വെല്ലുവിളിയാകും. ദീര്‍ഘദൂര അന്തര്‍ സംസ്ഥാന പാതകളടക്കം സ്വകാര്യ കുത്തക കമ്പനികള്‍ കയ്യടക്കിത്തുടങ്ങിയാല്‍ കെഎസ്ആര്‍ടിസിയെ കാര്യമമായി തന്നെ ബാധിക്കും.

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനായി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ ഫ്‌ളീറ്റ് ഓണര്‍ നിയമത്തെയും പുതിയ ഭേദഗതിയിലൂടെ സ്വകാര്യകുത്തകകള്‍ക്ക് മറിടക്കാന്‍ സാധിക്കും. സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കണമെങ്കില്‍ നിശ്ചിത കിലോമീറ്ററുകള്‍ക്കുള്ളില്‍ ബസ് സ്റ്റാന്‍ഡും യാത്രക്കാര്‍ക്ക് വിശ്രമസൗകര്യവും വേണമെന്ന് സംസ്ഥാനത്ത് നിയമമുണ്ട്. ഇതിന് കെഎസ്ആര്‍ടിസിക്ക് മാത്രമാണ് കഴിയുക.

കെഎസ്ആര്‍ടിസിക്ക് മാത്രമായി ഓടാന്‍ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും ഭേദഗതി നിയമം വിനയാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നല്‍കുന്നത് 1,200 ദീര്‍ഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാല്‍ വന്‍ തിരിച്ചടിയാകും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നേരിടുക.

സ്വകാര്യ കുത്തക കമ്പനികള്‍ക്കാണ് പുതിയ നിയമത്തിന്റെ നേട്ടം ലഭിക്കുക. അന്തര്‍ സംസ്ഥാന പാതകളില്‍ ഓടുന്ന സ്വകാര്യബസുകള്‍ക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകുമെന്നതാണ് പുതിയ സ്ഥിതി. എ സി ബസുകള്‍ക്ക് മാത്രമേ ഇതിന് സാധിക്കൂ എന്ന നിബന്ധനയുള്ളതിനാല്‍ സംസ്ഥാനത്തെ സാധാരണ സ്വകാര്യ സ്റ്റേജ് ക്യാരേജുകള്‍ക്ക് പ്രയോജനപ്പെടില്ല. ബസ് ബോഡി കോഡിലെ മാനദണ്ഡം നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ മിനി ബസുകള്‍ക്കും ട്രാവലറുകള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ വമ്പന്‍ ബസ് കുത്തകകള്‍ക്ക് മാത്രം കേന്ദ്രം കൊണ്ടുവരുന്ന നിയമ ഭേദഗതി ഗുണം ചെയ്യും.

ലക്ഷ്വറി ബസുകള്‍ക്ക് നികുതിനിരക്ക് കൂടുതലായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് നികുതിയിനത്തില്‍ നേട്ടമുണ്ടാക്കാനാകുമെങ്കിലും സ്വകാര്യ കുത്തകകള്‍ കയ്യടക്കുന്ന പല റൂട്ടുകളിലും കെ എസ് ആര്‍ ടി സി ഓര്‍മയാകും. ലക്ഷ്വറി ബസുകളില്‍ മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുമെന്നതാണ് യാത്രക്കാര്‍ക്കുള്ള നേട്ടം. എന്നാല്‍, അതിനനുസരിച്ച് യാത്രക്കാരുടെ കീശയും കാലിയാകും.

കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി: കെഎസ്ആര്‍ടിസി ഓര്‍മയാകും, സ്വകാര്യ കുത്തക കമ്പനികള്‍ നിരത്തുകള്‍ കയ്യടക്കും, നികുതിനിരക്ക് കൂടുതലായത് സംസ്ഥാനസര്‍ക്കാരിന് ഗുണം ചെയ്യുമെങ്കിലും യാത്രക്കാരുടെ കീശ കാലിയാകും

Keywords:  India, National, News, Kerala, KSRTC, bus, New Delhi, Motor vehicle amendment act will be affect public transport 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia