» » » » » » » » » കുടുംബ സര്‍വേ എന്ന് പറഞ്ഞ് അങ്കണ്‍വാടി ജീവനക്കാര്‍ വീട്ടില്‍ വന്ന് വിവരങ്ങള്‍ ശേഖരിക്കാറുണ്ടോ? ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറയുന്നത് ശ്രദ്ധിക്കുക

തിരുവനന്തപുരം: (www.kvartha.com 12/01/2020)  രാജ്യത്ത് എന്‍ആര്‍സി, സിഎഎ നിയമവും പ്രക്ഷോഭവും കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ വിവിധ വിവരശേഖരണത്തിനായി ആളുകള്‍ വരുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന അങ്കണവാടി കുടുംബ സര്‍വേയുമായി ബന്ധപ്പെട്ടും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാപക പരാതിയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പലയിടത്തും വിവരം ശേഖരിക്കാനെത്തുന്നവരെ തടയുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍.

അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനം പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഭവനസന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സര്‍വേ നടത്തുന്നത്. ഈ സര്‍വേയുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബ സര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചത്. കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പ്രവര്‍ത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11 രജിസ്റ്ററിലൂടെയാണ് നേരത്തെ വിവരശേഖരം നടത്തിയിരുന്നത്. അതിനാല്‍ തന്നെ ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഒരുതരത്തിലും ഏകോപിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി കൊണ്ടുവന്ന നൂതനമായ ഈ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് കണ്ടിട്ടാണ് അത് നടപ്പിലാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

ആധാര്‍ പ്രകാരമുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്നെ എല്ലായിടത്തും ലഭ്യമാണ്. സമ്പുഷ്ട കേരളം പദ്ധതിക്കായുള്ള കുടുംബ ആരോഗ്യ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തി സ്മാര്‍ട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ യഥാസമയം കുട്ടികളിലെ വളര്‍ച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസിലാക്കാനും ഇത്തരം കുട്ടികള്‍ക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നല്‍കുവാനും സാധിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ സര്‍വേയിലൂടെ സാധിക്കും - മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം വരുന്നതിന് മുമ്പേ ആരംഭിച്ച സര്‍വേയാണിത്. മാര്‍ച്ചിനുള്ളില്‍ തന്നെ ഈ സര്‍വേ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന കുടുംബ സര്‍വേയില്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണെന്നും മന്ത്രി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളമെന്നും മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തതായും മന്ത്രി ഓര്‍മിപ്പിച്ചു.Keywords: Kerala, Thiruvananthapuram, Minister, Health Minister, Survey, Mother, Children, Minister K K Shailaja on Anganwadi worker's survey 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal