കണ്ണൂര്‍ സര്‍വകലാശാല കലോത്സവം; കാസര്‍കോട് മുന്നേറുന്നു

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം; കാസര്‍കോട് മുന്നേറുന്നു

പയ്യന്നൂര്‍: (www.kvartha.com 16.01.2020) കലയുടെ കേളി കൊട്ടുണര്‍ത്തി പയ്യന്നൂര്‍ കോളജില്‍ നടന്നുവരുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ 47 പോയിന്റുമായി കണ്ണൂര്‍ യൂനിവേഴ്സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ കാസര്‍കോട് മുന്നേറുന്നു. 46 പോയിന്റുമായി ഗവ. കോളജ് കാസര്‍കോടാണ് രണ്ടാമത്. തലശ്ശേരി ബ്രണ്ണന്‍ കോളജ് 44 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ പയ്യന്നൂര്‍ കോളജ് 38 പോയിന്റുമായി നാലാമതാണ്.

രണ്ടു ദിനങ്ങളിലായി നടന്ന സ്റ്റേജിതര മത്സരങ്ങളുടെ ഒടുവിലത്തെ ഫലം വന്നപ്പോഴാണ് ആതിഥേയരായ പയ്യന്നൂരിനെ പിന്നിലാക്കി മൂന്ന് കോളജുകളും മുന്നിലെത്തിയത്. സ്റ്റേജിതര മത്സരങ്ങളില്‍ ഡിബേറ്റ് (ഇംഗ്ലീഷ്, മലയാളം), കാവ്യകേളി, അക്ഷര ശ്ലോകം, സിനിമാ നിരൂപണം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി), പ്രസംഗം ഹിന്ദി, കവിതാലാപനം ഹിന്ദി, രംഗോലി, വാട്ടര്‍ കളര്‍, പോസ്റ്റര്‍ രചന, ചാര്‍ക്കോള്‍ ഡ്രോയിംഗ്, കൊളാഷ്, പെന്‍സില്‍ ഡ്രോയിംഗ്, ഫോട്ടോഗ്രഫി, കമ്പ്യൂട്ടര്‍ ഡിസൈനിംഗ് എന്നീ മത്സരങ്ങള്‍ നടന്നുവെങ്കിലും ഇതുവരെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

ആദ്യദിനം നടന്ന പ്രബന്ധരചന മലയാള വിഭാഗത്തില്‍ സെന്റ് പയസ് കോളജ് രാജപുരത്തിന്റെ കെ വി ശില്‍പ ഒന്നാം സ്ഥാനവും കാസര്‍കോട് ഗവ. കോളജിലെ എം അഞ്ജലി രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം മഹാത്മാ കോളജ് ഓഫ് എജൂക്കേഷന്‍ പാണ്ടിക്കോട്ടിലെ വി ജെ ധന്യയും കണ്ണൂര്‍ യൂണിവേഴ്സിറ്റി കാംപസ് മാങ്ങാട്ടുപറമ്പിലെ ശബ്ന ശശിയും പങ്കിട്ടു. സ്റ്റേജ് മത്സരങ്ങള്‍ വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുക. രാവിലെ 10ന് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, Payyannur, University, kasaragod, News, Thalassery, Kannur University: Kasargod first in point table 

ad