16-ാം നൂറ്റാണ്ടിലെ ഭഗവത് ഗീത, ജൂതന്മാരുടെ ബൈബിള്‍, മഹാഭാരതത്തിന്റെ താളിയോല, പുരാതന ഖുര്‍ആന്‍ പതിപ്പ്; 30 ലക്ഷം രൂപ ചിലവില്‍ തുറന്ന ഡിജിറ്റല്‍ ലൈബ്രറി കാസര്‍കോട്ടെ ജനങ്ങളെ മാടിവിളിക്കുന്നു

 എരിയാല്‍ ഷരീഫ്‌

(www.kvartha.com 22.01.2020)
30 ലക്ഷം രൂപ മുടക്കി ഡിജിറ്റല്‍ ലൈബ്രറിയും റഫറന്‍സ് സെന്ററും പണിത വായനയെ മനസില്‍ കുടിയിരുത്തി താലോലിക്കുന്ന ഒരു അക്ഷര സ്‌നേഹി. കാസര്‍കോട് നഗരസഭയുടെ ആദ്യകാല ലൈബ്രേറിയനായ പിതാവിന്റെ പേരില്‍ ആധുനിക സംവിധാനത്തോടുകൂടിയ ഒരു ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിച്ച മകന്‍. നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ 40 വര്‍ഷം മുമ്പ് ലണ്ടനില്‍ നിന്ന് സ്വന്തമാക്കിയ ഭഗവത് ഗീതയുടെ പേര്‍ഷ്യന്‍ കൈയ്യെഴുത്ത് കൃതിയുടെ ശേഖരം റഫറന്‍സിനായി ലൈബ്രറിക്ക് നല്‍കിയ പ്രവാസി.

കാസര്‍കോട് നഗരസഭ നല്‍കിയ സ്ഥലത്ത് 1990 ല്‍ അന്നത്തെ നഗരസഭ ചെയര്‍മാനായ ഹമീദലി ഷംനാടിന്റെ നിര്‍ബന്ധം കൊണ്ട് തെക്കില്‍ പുതിയ മാളിക മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ റഫറന്‍സ് സെന്റര്‍ കാസര്‍കോട് നഗരസഭയുടെ പിന്തുണയോടെ സമ്മാനിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ടി പി അഹ് മദലിയെ ഇങ്ങനെയും ഒരാളിലൂടെ കെവാര്‍ത്ത പരിചയപ്പെടുത്തുന്നു.


1930 ല്‍ കാസര്‍കോട് താലൂക്ക് ബോര്‍ഡ് ലൈബ്രറിയായി ആരംഭിക്കുകയും പിന്നീട് 1990 ഒക്ടോബര്‍ 27ന് റഫറന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ഓഫ് ദി മഹാത്മാ ഗാന്ധി സെന്റിനറി മെമോറിയല്‍ മുനിസിപ്പല്‍ ലൈബ്രറിയായി മാറുകയും ചെയ്ത മുനിസിപ്പല്‍ ലൈബ്രറിയില്‍ സ്ഥാപക ലൈബ്രേറിയനായ തെക്കില്‍ മാളിക മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ രണ്ടാം നിലയില്‍ റഫറന്‍സിനായാണ് ഡിജിറ്റല്‍ ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്. ജസ്റ്റിസ് യു എല്‍ ഭട്ട് അന്നത്തെ നഗരസഭ ചെയര്‍മാന്‍ ഹമീദലി ഷംനാടിന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ച റഫറന്‍സ് സെന്റര്‍ നഗരസഭ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ കാലത്തിന്റെ ഉള്‍കാഴ്ചയും താത്പര്യവും കണ്ടറിഞ്ഞ് പുതുക്കി മുനിസിപ്പല്‍ ലൈബ്രറി മെമ്പര്‍മാര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥി സമൂഹത്തിനും പഠനങ്ങള്‍ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഡോ. ടി പി അഹ് മദലിയുടെ സ്വപ്‌ന സാക്ഷാത്കാരമാണിത്. അക്ഷരങ്ങള്‍ പേനയോടും കടലാസിനോടും വിട പറഞ്ഞ് വായന സ്‌ക്രീനിലേക്ക് വഴിമാറിയ കാലത്ത് കടലാസ് അക്ഷരങ്ങള്‍ക്കപ്പുറം കാഴ്ചയുടെ അറിവിനായി കാത്തിരിക്കുന്ന പുതിയ തലമുറയ്ക്കായി നൂതന സംവിധാനങ്ങളോടുകൂടിയ ഒരു ഡിജിറ്റല്‍ ലൈബ്രറി എന്ന സ്വപ്‌നം. പത്തോളം ഇരിപ്പിടങ്ങളിലായി ഒരുക്കിയിരിക്കുന്ന കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍. 6,000 കോടി പുസ്തകങ്ങള്‍ സെര്‍ച്ചിലൂടെ വായനക്കായി ക്രമീകരിച്ചിരിക്കുന്നു. ഡോ. ടി പി അഹ് മദലിയുടെ സ്വന്തം പേരില്‍ രൂപമെടുത്ത തെക്കില്‍ പി അഹ് മദലി ഫൗണ്ടേഷനാണ് കാസര്‍കോട് നഗരസഭയുടെ പിന്തുണയോടെ 30 ലക്ഷം രൂപ ചിലവില്‍ നവീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ ഡിജിറ്റല്‍ ലൈബ്രറി വായന ഇഷ്ടപ്പെടുന്ന സഹൃദയമനസിനെ മനംകുളിര്‍പ്പിക്കുന്ന ഒന്നാണ്.

ഡോ. ടി പി അഹ് മദലി 1970 മുതല്‍ 87 വരെ ദുബൈയിലെ ഗല്‍ദാരി ബ്രദേര്‍സ് എന്ന സ്ഥാപനത്തിലും ദുബൈയില്‍ നിന്നും മടങ്ങി വന്നതിനു ശേഷം 99 വരെ ദില്ലിയിലും ജോലിയിലായിരുന്നു. ഇപ്പോള്‍ കര്‍ണാടകയിലെ മംഗളൂരുവിനടുത്ത് ദേര്‍ലകട്ടെ മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം വിശ്രമജീവിതം നയിക്കുന്നു. തളങ്കര മുസ്ലിം ഗവ. ഹൈസ്‌കൂളിലായിരുന്നു എസ് എസ് എല്‍ സി പഠനം. തുടര്‍ന്ന് ഗവ. കോളജിലെ ആദ്യത്തെ ബാച്ചായിരുന്നു. അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം.

1990 ല്‍ തുടങ്ങിയ ലൈബ്രറി സെന്റര്‍ 29 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു വര്‍ഷം മുമ്പ് വായനക്കാര്‍ക്കായി പുതിയ കെട്ടിലും മട്ടിലുമായി നഗരസഭയുടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. വിശാലമായ കോണ്‍ഫറന്‍സ് ഹാളും റഫറന്‍സിനു വേണ്ടിയുള്ള നിരവധി പുസ്തകങ്ങള്‍ നിറഞ്ഞ അലമാരകളും അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ചിരിക്കുന്നത് കാണാന്‍ നല്ല ചന്തമാണ്.

ഡോക്ടറുടെ ഒരേയൊരു മകളായ ഹഫീഫ അലി ഇപ്പോള്‍ ചെന്നൈയില്‍ ഭര്‍ത്താവിന്റെ കൂടെയാണ്. ജിയോളജിയില്‍ ബിരുദമുള്ള ആഇശയാണ് ഭാര്യ. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കുടുംബത്തില്‍ പിറന്നതിലുള്ള സന്തോഷവും പൊതുസമൂഹത്തിന് ശിഷ്ടമുള്ള ജീവിതം നന്മയ്ക്കായി മുന്നോട്ട് നീക്കിയും ജീവിതം ആസ്വദിച്ചു കഴിയുന്ന ഡോക്ടര്‍ അഹ് മദലിക്ക് സമൂഹത്തിന് നല്‍കാനുള്ള സന്ദേശം വിദ്യാഭ്യാസവും ഉയര്‍ന്ന വായനാശീലവും പഠിക്കാനുള്ള മനസും പാകപ്പെടുത്തിയുള്ള തന്റെ ജീവിതമാണ്.

ലോകത്തിലെ മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ച ഡോക്ടര്‍ 40 വര്‍ഷം മുമ്പ് ലണ്ടനില്‍ നിന്ന് സ്വന്തമാക്കിയ 16ാം നൂറ്റാണ്ടില്‍ മുകള്‍ ചക്രവര്‍ത്തി അക്ബറിന്റെ കാലത്ത് എഴുതപ്പെട്ടെന്ന് കരുതുന്ന അക്ബറിന്റെ കൊട്ടാരത്തിലെ പണ്ഡിതനായിരുന്ന ഷെയ്ഖ് അബൂ അല്‍ ഫൈസി രചിച്ച ഭഗവത് ഗീതയുടെ 840 ഓളം പേജുള്ള പേര്‍ഷ്യന്‍ കൈയ്യെഴുത്ത് കൃതി ലൈബ്രറിയിലെത്തുന്നവര്‍ക്ക് കൗതുക കാഴ്ച നല്‍കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറു മണി വരെ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു.

അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ പ്രണയിച്ച ഒരാള്‍ ശിഷ്ടജീവിതം ജീവകാരുണ്യവും സേവന താത്പര്യവും പ്രവര്‍ത്തനങ്ങളിലൂടെ കൊണ്ടുനടക്കുന്ന ഡോ. ടി പി അഹ് മദലി പ്രായം 79 ലും ഇന്നും സഞ്ചരിക്കുന്ന ഒരു ലൈബ്രറിയായി യാത്ര തുടരുന്നു നമുക്കിടയില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Article, kasaragod, Book, Inganeyum Oral, Library, Digital Library. 
Previous Post Next Post