» » » » » » » » » » » മകളുടെ മരണം കൊലപാതകം; പരാതിയെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; ഹര്‍ജി നല്‍കിയപ്പോള്‍ കേസില്‍ വിധി പറഞ്ഞ കോടതിയിലെ ജഡ്ജിക്ക് പത്തുദിവസത്തിനുള്ളില്‍ സ്ഥലം മാറ്റം; ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ


ചെന്നൈ: (www.kvartha.com 29.01.2020) ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന തന്റെ മകളുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശിയായ വീട്ടമ്മ.

തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഝാന്‍സി റാണിയാണ് ഗുരുതര ആരോപണവുമായി രംഗത്ത്. കര്‍ണാടക പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ സി ബി ഐ അന്വേഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ആത്മീയതില്‍ ആകൃഷ്ടയായ ഝാന്‍സി റാണിയുടെ മകള്‍ സംഗീത അര്‍ജുനന്‍ 2008 ലാണ് നിത്യാനന്ദയുടെ ബെംഗളൂരുവിലെ ആശ്രമത്തില്‍ എത്തുന്നത്.

സന്യാസജീവിതം സ്വീകരിച്ച മകളെ നിരവധി തവണ തിരികെ കൊണ്ടുവരാന്‍ ഝാന്‍സിറാണി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആശ്രമത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത് ഇവരുടെ മകളായിരുന്നു. പിന്നീട് മകളുടെ ജീവിതത്തില്‍ പല സംഭവങ്ങളുമുണ്ടായെന്ന് ഇവര്‍ പറയുന്നു.

News, National, chennai, Mother, Death, Police, Case, Judge, Crime, Daughter's Death is Murder

2014 ഡിസംബര്‍ 28-നായിരുന്നു മകളുടെ മരണം. ഹൃദയാഘാതം കാരണം മരണപ്പെട്ടെന്നായിരുന്നു ആശ്രമം അധികൃതരുടെ വിശദീകരണം. പക്ഷേ, ഇതിനിടെ മകള്‍ ആശ്രമത്തില്‍നിന്ന് തിരികെവരാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചില്ലെന്ന് ഝാന്‍സി റാണി ഇന്ത്യടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ആശ്രമത്തില്‍നിന്ന് തിരികെ വരാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അവളെ അവര്‍ ബന്ദിയാക്കുകയായിരുന്നു. ഒരിക്കല്‍ അവള്‍ വീട്ടില്‍ വന്നതിന് പിന്നാലെ ആശ്രമത്തില്‍നിന്ന് നാലുപേര്‍ വീട്ടിലേക്ക് വന്നു. മകളെ തിരികെ കൊണ്ടുപോകാനായിരുന്നു അവര്‍ വന്നത്. മകള്‍ ആശ്രമത്തില്‍ മോഷണം നടത്തിയെന്നും തിരികെ വന്നില്ലെങ്കില്‍ പോലീസില്‍ കേസ് നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ആശ്രമത്തില്‍ പോയാലും മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല. തനിക്ക് ആശ്രമത്തിലേക്കുള്ള പ്രവേശനം വിലക്കി. പോയാല്‍തന്നെ മണിക്കൂറുകളോളം ഗേറ്റിന് മുന്നില്‍ തടഞ്ഞുവെച്ചു. ഫോണില്‍പോലും മകളോട് സംസാരിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല- ഝാന്‍സി റാണി പറഞ്ഞു. മകളെ താന്‍ പിന്നീട് ജീവനോടെ കണ്ടിട്ടില്ലെന്നും അവര്‍ വിതുമ്പി.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സംഗീത മരിച്ചതെന്നാണ് ആശ്രമം അധികൃതരുടെ വിശദീകരണം. ഇതിനുതെളിവായി സംഗീത കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് ഡോക്ടര്‍ നല്‍കിയ വിശദീകരണവും പ്രസിദ്ധീകരിച്ചു. എന്നാല്‍ മകളുടേത് കൊലപാതകം തന്നെയാണെന്ന് ഝാന്‍സി റാണി തറപ്പിച്ചുപറയുന്നു.

മകള്‍ക്ക് പാരമ്പര്യമായി ഹൃദ്രോഗമുണ്ടെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതൊന്നും ശരിയല്ല. മകളുടെ മൃതദേഹം തങ്ങള്‍ക്ക് വിട്ടുനല്‍കാതെ ആശ്രമത്തില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു അവരുടെ തീരുമാനം. പോസ്റ്റുമോര്‍ട്ടത്തിലും പിഴവുകളുണ്ടായി. പിന്നീട് മൃതദേഹം വിട്ടുകിട്ടിയപ്പോള്‍ മകളുടെ കാലുകളില്‍ മുറിവുകള്‍ കണ്ടിരുന്നു. ഇതോടെയാണ് ബെംഗളൂരുവിലെ രാംനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്- അവര്‍ വിശദീകരിച്ചു.

ഝാന്‍സിറാണിയുടെ പരാതിയെ തുടര്‍ന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പ്രധാന ആന്തരികാവയവങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിനുപിന്നാലെ കേസില്‍ വേറെ നടപടികളൊന്നും ഉണ്ടായില്ല. കര്‍ണാടക കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ കേസ് സിബിഐ വിടേണ്ടിവരുമെന്ന് ജഡ്ജി നിരീക്ഷിച്ചിരുന്നു. പക്ഷേ, പത്തുദിവസത്തിനുള്ളില്‍ ഈ ജഡ്ജിക്ക് സ്ഥലംമാറ്റം ലഭിച്ചെന്നും ഇവര്‍ പറയുന്നു.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയതിന് പിന്നാലെയാണ് നിത്യാനന്ദയ്ക്കെതിരേ സംഗീതയുടെ മരണത്തെചൊല്ലിയും വിവാദങ്ങളുയരുന്നത്. ഒളിവില്‍പോയ നിത്യാനന്ദയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

Keywords: News, National, chennai, Mother, Death, Police, Case, Judge, Crime, Daughter's Death is Murder

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal