ആറുകോടിയുടെ ലോട്ടറിയടിച്ച രത്‌നാകരന്‍ പിള്ളയ്ക്ക് വീണ്ടുമൊരു ബംബര്‍ കൂടി; മണ്ണിളക്കുന്നതിനിടെ പുരയിടത്തില്‍ നിന്ന് നിധിശേഖരം

ആറുകോടിയുടെ ലോട്ടറിയടിച്ച രത്‌നാകരന്‍ പിള്ളയ്ക്ക് വീണ്ടുമൊരു ബംബര്‍ കൂടി; മണ്ണിളക്കുന്നതിനിടെ പുരയിടത്തില്‍ നിന്ന് നിധിശേഖരം

തിരുവനന്തപുരം; (www.kvartha.com 04.12.2019) കിളിമാനൂര്‍ കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ കൃഷി ആവശ്യത്തിനായി മണ്ണിളക്കുന്നതിനിടെ കര്‍ഷകന് പുരാതന നാണയങ്ങളടങ്ങിയ കുടം ലഭിച്ചു. നാണയം പുരാവസ്തു വകുപ്പിനു കൈമാറി.

തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിതെന്ന് പുരാവസ്തു വകുപ്പ് ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര്‍ രാജേഷ് കുമാര്‍ പറഞ്ഞു. നഗരൂര്‍ പഞ്ചായത്ത് മുന്‍ അംഗവും വെള്ളല്ലൂര്‍ രാജേഷ് ഭവനില്‍ ബി രത്‌നാകരന്‍ പിള്ളയുടെ പുരയിടത്തില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെ മണ്ണിളക്കുന്നതിനിടയില്‍ തൊഴിലാളികള്‍ കുടം കണ്ടെത്തിയത്. രത്‌നാകരന്‍പിള്ള വിവരം കിളിമാനൂര്‍ പോലീസിലും പുരാവസ്തു വകുപ്പിലും അറിയിച്ചു.

Kerala, News, Thiruvananthapuram, Lottery, Farmers, Police,Got Archaeological Coins from Farmer Territory

20.4 കിലോഗ്രാം തൂക്കം വരുന്ന 2600 നാണയങ്ങള്‍ കുടത്തിലുണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ, റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ എന്നിവരുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 1885 മുതലുള്ള നാല് കാശ്, എട്ട് കാശ്, ഒരു ചക്രം എന്നിങ്ങനെയുള്ളതാണ് കണ്ടെത്തിയതില്‍ വ്യക്തമായി അറിയാന്‍ കഴിയുന്ന നാണയങ്ങള്‍.

എന്നാല്‍, നാണയത്തിലെ ക്ലാവ് നീക്കം ചെയ്താല്‍ മാത്രമേ പഴക്കം, മൂല്യം എന്നിവയെന്ന സംബന്ധിച്ച് കൂടുതല്‍ വ്യക്തമാവുകയുള്ളുവെന്ന് പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് ആതിര പിള്ള പറഞ്ഞു. കുടം ലഭിച്ച ഭൂമിയുടെ ഉടമ ബി രത്‌നാകര പിള്ളയ്ക്ക് 2018ലെ കേരള ലോട്ടറിയുടെ ക്രിസ്മസ് - ന്യൂ ഇയര്‍ ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ ആറു കോടിലഭിച്ചിട്ടുണ്ട്. നിധിശേഖരത്തിന്റെ മൂല്യം കണക്കാക്കി നിശ്ചിത തുക രത്‌നാകരപിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Lottery, Farmers, Police,Got Archaeological Coins from Farmer Territory
ad