എങ്ങു നിന്നോ വഴിതെറ്റി വന്നതാണെന്നറിയാം; എങ്കിലും മഴയെ അത്രയേറെ ഇഷ്ടമാണ്

അസ്ലം മാവിലെ

(www.kvartha.com 02.12.2019)
ആകാശം ഇരുണ്ടത് ഇന്നലെ ഉച്ചകഴിഞ്ഞ്. വടക്കു പടിഞ്ഞാറ് മാനം മുഴുവന്‍ കാര്‍മേഘങ്ങള്‍ കുമിഞ്ഞു കൂടിക്കൊണ്ടേയിരുന്നു. മൂന്നു മണിക്ക് മുമ്പു തന്നെ ഇരുട്ടെമ്പാടും പടര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ വര്‍ഷിച്ചത് ഇടിയോടു കൂടിയുള്ള മഴ. മുറ്റം നിറയുവോളം മഴ. കുഞ്ഞുതോടുകള്‍ വിണ്ടും ചാലിട്ടൊഴുകി . മടക്കി തട്ടിന്മേല്‍ വെച്ച കുട വീണ്ടും പുറത്തേക്ക്. പുറത്തേക്കിറങ്ങിയതും, അങ്ങാടി കയറിയതും എല്ലാം കുടചൂടി തന്നെ.

അല്‍പസമയത്തിനകം നില്‍ക്കും എന്ന മട്ടില്‍ മഴ. പക്ഷെ, അത് പെയ്തുകൊണ്ടേയിരുന്നു. പെട്ടെന്നു തന്നെ കറണ്ടു പോയി, ഒരു കാരണവുമില്ലാതെ. മഴ പിന്നെയും പെയ്തു കൊണ്ടേയിരുന്നു. മുറ്റത്ത് കെട്ടിയ വെള്ളമൊലിച്ചു പോകാന്‍ തോടു കീറലായി. പുല്ലു മുളച്ച ചാലു വൃത്തിയാക്കാന്‍ പിള്ളേരും കൂടെയുണ്ടായിരുന്നു.


സന്ധ്യകഴിഞ്ഞു, പള്ളിമിനാരത്തില്‍ മഗ് രിബ് നിസ്‌ക്കാരമറിയിച്ചു ബാങ്കൊലി. കുടചൂടി തിരിച്ചു വരുമ്പോള്‍ മിന്നലിനല്‍പം ശമനം, മഴ അപ്പോഴും പെയ്യുന്നുണ്ട്. കറണ്ടു തിരിച്ചു വന്നിരിക്കുന്നു. കുട്ടികള്‍ വീണ്ടും കലോത്സവ വിശേഷം കാണാന്‍ ടിവിക്കു മുന്നില്‍ ചെന്നിരുന്നു. മഴ നിന്നോന്ന് സംശയം, ഇല്ല പെയ്യുന്നുണ്ട്. തളം കെട്ടി നിര്‍ത്തിയ നീരാവിയില്‍ തീര്‍ത്ത കാര്‍വര്‍ണ്ണമേഘങ്ങള്‍ മുഴുവന്‍ പെയ്തു തന്നേ നിര്‍ത്തൂ എന്ന് ആകാശത്തിനും വാശി പോലെ.

ഇപ്പോള്‍ രാവിലെ എട്ടു മണിയോടടുക്കുന്നു. മഴ നിര്‍ത്തിയിട്ടില്ല. എന്നാല്‍ മഴയുമല്ല, തെങ്ങോലയില്‍ മഴത്തുള്ളികള്‍ പെയ്യുന്നത് നേര്‍ത്ത സംഗീതം പോലെ കേള്‍ക്കാം. അത് സ്വരുക്കൂട്ടി വലിയ തുള്ളിയായി ഇടക്കിടക്ക് ഓലത്തുമ്പില്‍ നിന്നും ഇടവിട്ടിടവിട്ട് നിലത്തിറ്റു വീഴുന്നുമുണ്ട്. ഈ പ്രഭാതത്തിന് നല്ല തണുപ്പാണ്. ഇന്നത്തെ പ്രഭാത നിസ്‌ക്കാര വരികളല്‍പ്പം മെലിഞ്ഞതുമായിരുന്നു.

ഇടവപ്പാതി എന്നു പഴമക്കാര്‍ പറയാറുണ്ട്. ഇതിപ്പം വൃശ്ചികപ്പാതിയാണാവോ? എനിക്കോര്‍മ്മയില്ലാത്ത മഴനാള്‍. എങ്ങു നിന്നോ വഴിതെറ്റി വന്ന ചിന്നമഴ. മഴയെ എനിക്കിഷ്ടാണ്! ഇനിയുമിങ്ങനെ ഇടയ്ക്കിടയ്ക്ക് ഇടവേളകളില്‍ നീ വഴിതെറ്റി വന്നിരുന്നെങ്കില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Rain, Article, Aslam Mavilae, Electricity, Water, Feelings about Rain; Malayalam Article by Aslam Mavile
Previous Post Next Post