» » » » » » » » » » » നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച് കത്തെഴുതി വെച്ച് രക്ഷപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ പിതാവായ 21കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി, യുവാവുമായി പരിചയത്തിലായത് കരിപ്പൂരിലെ കെഎഫ്‌സിയില്‍ ജോലി ചെയ്യുന്നതിനിടെ, വീട്ടുകാര്‍ വയര്‍ കാണാതിരിക്കാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു; പ്രസവം അടുത്തതോടെ ബെംഗളൂരുവിലേക്ക് പോയി; മാതാവ് അറസ്റ്റിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: (www.kvartha.com 04/11/2019) നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച് കത്തെഴുതി വെച്ച് രക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ കുഞ്ഞിന്റെ പിതാവായ 21കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി. കുഞ്ഞിന്റെ മാതാവ് തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസുകാരിയെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇവര്‍ക്കെതിരെ ഐ.പി.സി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവം നടത്തിയ ശേഷം കോഴിക്കോടെത്തി കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ മലപ്പുറം സ്വദേശിയായ 21 കാരനായ സുഹൃത്താണ് നവജാത ശിശുവിന്റെ അച്ഛനെന്ന് പോലീസിന് വ്യക്തമായി. കോഴിക്കോട് എത്തിയ ഇവര്‍ യുവാവിന്റെ ബുള്ളറ്റ് ബൈക്കില്‍ വന്നാണ് തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്ക് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് മടങ്ങിയ യുവാവ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് പന്നിയങ്കര സിഐ രമേശന്‍ പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയ ശേഷം ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.


കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവാവും യുവതിയും പരിചയത്തിലായത്. തുടര്‍ന്ന് കൂടുതല്‍ അടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വയര്‍ കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ പലതവണ ചോദിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയും അയഞ്ഞ വസ്ത്രങ്ങളും മറ്റും ധരിച്ച് ഒന്നുമില്ലാത്ത ഭാവത്തില്‍ പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രസവം അടുത്തതോടെ ബെംഗളൂരുവിലേക്ക് പോയി അവിടെ ഒരു ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനും ഒമ്പതിനുമിടയിലാണ് തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് കുട്ടികള്‍ മദ്രസയിലേക്ക് വരുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ന് പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് ഓട്ടോയില്‍ വന്ന പ്രൈമറി വിദ്യാര്‍ത്ഥികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്. കുഞ്ഞിനെ പൊതിഞ്ഞ പുതപ്പിനകത്ത് വെള്ളക്കടലാസില്‍ എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു.

'ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അല്ലാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അല്ലാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം'. എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 25-10-2019 ആണ് കുഞ്ഞിന്റെ ജനനതീയതി എന്നും കുറിപ്പിലുണ്ടായിരുന്നു.തുടര്‍ന്ന് പള്ളി കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും തടിച്ചുകൂടി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ പോലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി. 2.7 കിലോ ഗ്രാം ഭാരമുള്ള ആരോഗ്യത്തോടെയായിരുന്നു പെണ്‍കുഞ്ഞെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിള്‍ കൊടിയില്‍ ടാഗ് കെട്ടിയതിനാല്‍ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സംഭവദിവസം രാവിലെ മുതല്‍ അതുവഴി കടന്നുപോയ വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും പോലീസ് പരിശോധിച്ചു. കടകളിലും വീടുകളിലും ഉള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. നഗരത്തിലെയും മറ്റും ആശുപത്രികളില്‍ പ്രസവിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സിഐ വി രമേശന്‍, എസ്ഐമാരായ സദാനന്ദന്‍, സുഭാഷ് ചന്ദ്രന്‍, എഎസ്ഐമാരായ മനോജ്, സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Kerala, Kozhikode, News, Baby, Masjid, Arrest, Father, Mother, Case, New born baby Abandoned near Masjid; More details released after mother's arrest 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal