തിരുനബിയുടെ ജീവിതം തന്നെയായിരുന്നു അവിടത്തെ സന്ദേശം: സമന്വയ ജീവിതത്തിന്റെ പ്രവാചക മാതൃക

 


സ്വിദ്ദീഖ് നദ് വി ചേരൂര്‍

(www.kvartha.com 08.11.2019)
അന്ത്യപ്രവാചകന്റെ ജീവിതവും സന്ദേശവും സത്യസന്ധമായി വിലയിരുത്തുന്നവരെ വിസ്മയിപ്പിക്കുന്ന രണ്ട് പ്രധാന വശങ്ങളില്‍ ഒന്ന് അവ തമ്മിലുള്ള അത്യപൂര്‍വമായ ചേര്‍ച്ചയും പരസ്പരപൂരണവുമാണ്. തിരു നബിയുടെ ജീവിതം തന്നെയായിരുന്നു, അവിടത്തെ സന്ദേശം. എന്ത് സന്ദേശമാണോ ആ മഹാന്‍ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിച്ചത്, അത് പോലെ ജീവിച്ചു കാണിച്ചു. ജീവിതത്തില്‍ നിന്ന് വേര്‍പ്പെടുത്തി സന്ദേശമോ, സന്ദേശത്തിന് നിരക്കാത്ത ജീവിതമുഹൂര്‍ത്തങ്ങളോ അവിടെ കണ്ടത്താന്‍ കഴിയില്ല. സ്വകാര്യ ജീവിതവും പൊതുജീവിതവും തമ്മില്‍ അന്തരമില്ല. സാധാരണ നേതാക്കളില്‍ കാണാറുള്ള അനുഭവങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു, തിരുനബിയുടെ ജീവിതം. ഒളിപ്പിച്ചു വെക്കേണ്ട സ്വകാര്യതകളൊന്നും അദ്ദേഹം സൂക്ഷിച്ചില്ല. പൊതുജീവിതത്തിന് കളങ്കമാകുന്ന സ്വകാര്യ ജീവിതമില്ല. സ്വകാര്യ ജീവിതത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള പൊതു ജീവിതവുമില്ല. രണ്ടിനും ഇടയില്‍ സമീകൃതമായ സന്തുലിതത്വം കാത്തു സൂക്ഷിക്കുന്നതില്‍ തിരുനബി വിജയിച്ചു.

തിരുനബിയുടെ ജീവിതം തന്നെയായിരുന്നു അവിടത്തെ സന്ദേശം: സമന്വയ ജീവിതത്തിന്റെ പ്രവാചക മാതൃക

ഇത് ഏതെങ്കിലും അനുഭാവിയുടെയോ അനുയായിയുടെയോ അതിഭാവുകത്വം നിറഞ്ഞ വര്‍ണനയോ അതിശയോക്തി കലര്‍ന്ന അവകാശവാദമോ അല്ല. കഴിഞ്ഞ 14 നൂറ്റാണ്ടുകള്‍ക്കിടയില്‍ ശത്രുക്കളും മിത്രങ്ങളമായി, പ്രതിയോഗികളും അനുഗാമികളുമായി, നിക്ഷ്പക്ഷരും ഗവേഷകരുമായി നൂറുകണക്കിന് ബുദ്ധിജീവികളും പണ്ഡിതരും ആ ജീവിതവും സന്ദേശവും പഠനവിധേയമാക്കിയതാണ്. ലോകത്ത് ഒരു വ്യക്തിയെന്ന നിലയില്‍ ഒരാളുടെ സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും ഇത്രയേറെ തലനാരിഴ കീറി പരിശോധനയ്ക്ക് വിധേയമാക്കിയ മറ്റൊളെ കണ്ടെത്തുക സാധ്യമല്ല. പ്രവാചകത്വവുമായി രംഗത്ത് വന്ന ശേഷവും മുമ്പും തിരുനബി എങ്ങനെ ജീവിച്ചുവെന്നതിന് പുതിയ യുഗത്തിലെ ശാസ്ത്രീയമായി അവലംബിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ വച്ചു തന്നെ പരിശോധിക്കാവുന്ന സ്രോതസുകള്‍ ഇന്നും ലഭ്യമാണ്. നിരക്ഷരത വ്യാപകമായിരുന്ന ഒരു യുഗത്തില്‍ പോലും അവിടത്തെ അനുയായികള്‍ ആ ജീവിതം ഒപ്പിയെടുത്തു തലമുറകള്‍ക്ക് കൈമാറുന്നതില്‍ പ്രകടിപ്പിച്ച നിഷ്‌കര്‍ഷയും ശുഷ്‌കാന്തിയും അസാധാരണമായിരുന്നു.


പ്രവാചക ചരിത്രത്തില്‍ അറബി റഫറന്‍സ് കൃതികള്‍ക്ക് പുറമെ ഓറിയന്റലിസ്റ്റുകളുടെ പഠന-ഗവേഷണങ്ങള്‍ കൂടി അവലംബിച്ചു ഏഴ് വാല്യങ്ങളിലായി ബൃഹത്തായ ഗ്രന്ഥം (സീറതുന്നബി-ഉര്‍ദു) രചിച്ച പ്രശസ്ത പണ്ഡിതനും ചരിത്ര ഗവേഷകനുമായ അല്ലാമാ ശിബലി നുഅമാനി (മരണം, ക്രി: 1914) അതിന്റെ മുഖവുരയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഓരോ മതക്കാര്‍ക്കും അവരവരുടെ മതം പ്രിയങ്കരമാണ്. അതിനാല്‍ ഏത് മതാചാര്യനിലാണ് സമഗ്രതയുള്ളതെന്ന് ചോദിച്ചാല്‍ പല ദിക്കുകളില്‍ നിന്ന് വ്യത്യസ്ത മറുപടികള്‍ പ്രതീക്ഷിക്കാം'. എന്നാല്‍ ഈ ചോദ്യം മാറ്റി ഏത് നേതാവിന്റെ ജീവിതമാണ് ഇത്രയും കുറ്റമറ്റ രീതിയില്‍, ഒരു ദൈവിക ഏടിന് പോലും ലഭിക്കാത്തത്ര വ്യവസ്ഥാപിതമായി അവിടത്തെ ഓരോ വാക്കുകളും പ്രവൃത്തികളും രൂപഭാവങ്ങളും ആകൃതിയും രീതിയും ചലനങ്ങളും പ്രകൃതിയും അഭിരുചികളും സംസാരരീതിയും ജീവിത ശൈലിയും സമ്പര്‍ക്ക മര്യാദകളും തിന്നുന്നതും കുടിക്കുന്നതും നടക്കുന്നതും ഇരിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതുമായ ഓരോ ചലനങ്ങളും ഒപ്പിയെടുത്തു രേഖപ്പെടുത്തിയ ഒരാളെ ചൂണ്ടിക്കാണിച്ചു തരൂ എന്നാവശ്യപ്പെട്ടാല്‍ അതിന് ഒരു മറുപടി മാത്രമേ ലോകത്ത് കേള്‍ക്കാന്‍ കഴിയൂ. അത് അറേബ്യയില്‍ പിറന്ന മുഹമ്മദ് നബിയല്ലാതെ മറ്റാരുമല്ല.

തന്റെ കുട്ടിക്കാലം മുതല്‍ പ്രവാചകനെ അടുത്തറിയാന്‍ അവസരം ലഭിച്ച, പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായിയുടെ മകളും തിരുനബിയുടെ ഏറ്റവും പ്രായം കുറഞ്ഞ പത്‌നിയുമായിരുന്ന ആയിശായോട് പ്രവാചകന്റെ സ്വഭാവ ഗുണങ്ങളെ പറ്റി വിവരിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ട അനുയായിക്കള്‍ക്ക് അവര്‍ നല്‍കിയ മറുപടി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനായിരുന്നു അവിടത്തെ ജീവിതമെന്നാണ് അവര്‍ വ്യക്തമാക്കിയത്. ദൈവിക സന്ദേശമായ ഖുര്‍ആന്‍ മനുഷ്യന് എങ്ങനെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കാമെന്നതിന്റെ പ്രായോഗിക മാതൃകയായാണ് തിരുനബിയുടെ ജീവിതമെന്നര്‍ത്ഥം. തിരുനബി മഹത്തായ സ്വഭാവത്തിനുടമയാണെന്ന സാക്ഷ്യപത്രം ഖുര്‍ആന്‍ തന്നെ നല്‍കുന്നുണ്ട് (അല്‍ ഖലം: 4). സല്‍സ്വഭാവങ്ങളുടെ സമ്പൂര്‍ത്തീകരണത്തിനായാണ് താന്‍ നിയുക്തനായതെന്ന കാര്യം പ്രവാചകന്‍ സമ്മതിക്കുന്നുമുണ്ട് (അനസ് ബിന്‍ മാലിക്കില്‍ നിന്ന് നിവേദനം). ഒരു മനുഷ്യന് ജീവിക്കാവുന്നതിന്റെ പരമോന്നത സ്വഭാവങ്ങള്‍ പുലര്‍ത്തിയാണ് തിരുനബി ജീവിച്ചത്. ഇത് ഏതെങ്കിലും ഒരു മേഖലയിലല്ല. 63 വര്‍ഷം നീണ്ട പുരുഷായുസ്സിന്റെ ഏതെങ്കിലും ഏടുകള്‍ ആ മഹോന്നതിക്ക് നിരക്കാത്തതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല.

അവിടത്തെ വാക്കും പ്രവര്‍ത്തിയും അംഗീകാരങ്ങളും അടങ്ങിയതാണല്ലോ നബിവചനങ്ങള്‍. അവ തലമുറകളിലേക്ക് കൈമാറി വന്നത് വലിയൊരു മനുഷ്യ ശൃംഖലയിലൂടെയാണ്. ആ ശൃംഖലയിലെ ഓരോ കണ്ണിയും എത്രമാത്രം വിശ്വസ്തനും അവലംബയോഗ്യനുമാണെന്ന് പരിശോധിക്കാന്‍ മുസ്ലിം പണ്ഡിതര്‍ സംവിധാനമൊരുക്കിയിരുന്നു. അതിന് 'ഇല്‍ മു രിജാലില്‍ ഹദീസ്' (ഹദീസ് വാഹക ജ്ഞാനം ) എന്ന് പറയുന്നു. ഒരു ലക്ഷത്തില്‍ പരം വരുന്ന ഇത്തരം കണ്ണികളെ സൂക്ഷമായി വിലയിരുത്താനും അപഗ്രഥിക്കാനും കഴിയുന്ന ജ്ഞാനശാഖയാണത്. കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന ജര്‍മന്‍കാരന്‍ ഡോ. സ്പ്രിന്‍ഞ്ചര്‍ (പ്രമുഖ മുസ്ലിം പണ്ഡിതന്‍ ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനിയുടെ അല്‍ ഇസ്വാബാ ഫീ ഹയാതി സ്വഹാബ എന്ന കൃതി ഇദ്ദേഹം പരിഷ്‌കരിച്ചു പ്രസാധനം ചെയ്തിട്ടുണ്ട്) ഈ വിഷയത്തില്‍ പഠനം നടത്തിയ ശേഷം വ്യക്തമാക്കിയത് ഹദീസ് വാഹകരായ ഇത്തരം കണ്ണികളുടെ എണ്ണം അഞ്ച് ലക്ഷം വരുമെന്നാണ്. ഒരു വ്യക്തിയേയും അവിടത്തെ വചനങ്ങളെയും കാലുഷ്യ ലേശമില്ലാതെ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാനായി നടത്തിയ നിസ്തുലമായ മനുഷ്യ യജ്ഞത്തിന്റെ കൂടി കഥയാണ് ഈ ജ്ഞാനശാഖ നമ്മോട് പറഞ്ഞു തരുന്നത്.

മറ്റൊരു വശം ആത്മീയതയും ഭൗതികതയും തമ്മിലെ സമന്വയമാണ്. സാധാരണ ഗതിയില്‍ മതാചാര്യന്‍മാരായി അറിയപ്പെടുന്നവര്‍ ഭൗതിതജീവിതത്തോട് വിരക്തരും വിദൂര ബന്ധം പുലര്‍ത്തുന്നവരുമായിരിക്കും. സന്യാസവും ബ്രഹ്മചര്യയുമായി ആദ്ധ്യാത്മിക ലോകത്ത് വിഹരിക്കുന്നവര്‍ ഭൗതിക ജീവിതത്തോട് നിസ്സംഗതയോടെയും നിര്‍വികാരതയോടും പ്രതികരിക്കുന്നതായാണനുഭവം. അവരുടെ ആദ്ധ്യാത്മിക ജീവിതം മാതൃകായോഗ്യമായിരിക്കാം. എന്നാല്‍ ഭൗതിക വിഷയങ്ങളില്‍ കൂടി അനുകരണീയനായി ജീവിച്ചു വെന്നത് അന്ത്യപ്രവാചകന് മാത്രം അവകാശപ്പെട്ടതാണ്. ഭാര്യമാരുടെ മുന്നില്‍ അദ്ദേഹം സ്‌നേഹസമ്പന്നനായ ഭര്‍ത്താവായിരുന്നു. മക്കള്‍ക്കിടയില്‍ വാല്‍സല്യനിധിയായ പിതാവ്. ബന്ധുക്കള്‍ക്കിടയില്‍ കുടുംബ ബന്ധം ചേര്‍ക്കുന്നതില്‍ കണിശത പുലര്‍ത്തുന്ന കുടുംബക്കാരന്‍. യുദ്ധഭൂമിയില്‍ ധീരതയും യുദ്ധതന്ത്രവും വിവേകവും ഒത്തിണങ്ങിയ സൈനിക മേധാവി. അയല്‍വാസികള്‍ക്കിടയില്‍ അയല്‍ ബന്ധത്തിന് വലിയ വില കല്‍പ്പിക്കുന്ന അയല്‍ക്കാരന്‍. സ്വയം പ്രവര്‍ത്തിച്ചു മാത്രം മറ്റുള്ളവരെ ഉപദേശിക്കുന്നതില്‍ ഔചിത്യം കണ്ടെത്തുന്ന ഉപദേശി. ആളും അര്‍ത്ഥവും സന്ദര്‍ഭവും നോക്കി ഏറ്റവും ഫലപ്രദമായ രീതിയില്‍ വിഷയം സംസാരിക്കാനറിയുന്ന വാഗ്മി. ജന്തുക്കളോടും പറവകളോടും പോലും ദയവും കരുണയും പ്രകടിപ്പിക്കാന്‍ പഠിപ്പിച്ച കരുണാമയന്‍. ഏത് പ്രകോപനത്തിന് മുന്നിലും കൈമോശം വരാത്ത സമചിത്തതയും എത് പ്രതികൂല സാഹചര്യത്തിലും പതറാത്ത ആത്മവിശ്വാസവും. ഇതെല്ലാം കേവലം ഭംഗിവാക്കുകളല്ല. ഓരോന്നിനും ഉപോല്‍ബലതമായ തെളിവുകള്‍ ഹദീസ് - ചരിത്ര കൃതികളുമായി ബന്ധമുള്ളവര്‍ക്ക് കണ്ടെത്താവുന്നതേയുള്ളൂ. എല്ലാം കൂടി സമഗ്രമായ ഒരു ജീവിത മാതൃക ഉപേക്ഷിച്ചാണ് അന്ത്യപ്രവാചകന്‍ വിടവാങ്ങിയത്. സിദ്ധാന്തവും പ്രയോഗവും ഒന്നാകുന്ന ജീവിതം. പരലോക ചിന്തയില്‍ ഇഹലോകം കയ്യൊഴിയാന്‍ പഠിപ്പിക്കുന്നില്ല. ഇഹലോകത്തിന്റെ മായിക ഭ്രമത്തില്‍ പരലോകം കൈമോശം വരികയും ചെയ്യരുത്. ഇതാണ് അന്ത്യപ്രവാചക മാതൃകയുടെ കാതല്‍.

ഒരിക്കല്‍ മൂന്ന് പ്രവാചക സഖാക്കള്‍ പത്‌നിമാരുടെ വീട്ടിലെത്തി തിരുനബിയുടെ ദൈനംദിന ജീവിതം നേരില്‍ മനസിലാക്കാന്‍ ആഗ്രഹിച്ചു. അവരുടെ വിവരണം കേട്ടപ്പോള്‍ അത്രയേ ഉള്ളൂ എന്ന തോന്നല്‍. അവരില്‍ ഒരാള്‍ പറഞ്ഞു - ഞാന്‍ ഇനി പകലുകള്‍ മുഴുവന്‍ നോമ്പെടുക്കും. രണ്ടാമന്‍: ഞാന്‍ രാത്രികള്‍ മുഴുവന്‍ നമസ്‌കാരത്തില്‍ കഴിച്ചുകൂട്ടും. മൂന്നാമന്‍: വിവാഹം കഴിക്കില്ല ( ജീവിതം മുഴുക്കെ ആരാധനയില്‍ കഴിയും). ഇത് കേട്ട പ്രവാചകന്‍ ദേഷ്യപ്പട്ടു. 'ഞാന്‍ നോമ്പ് നോല്‍ക്കുന്നു, ഒഴിവാക്കുന്നു. രാത്രി നമസ്‌കരിക്കുന്നു, ഉറങ്ങുന്നു. ദാമ്പത്യ ജീവിതം നയിക്കുന്നു. ഇതാണെന്റെ ചര്യ. എന്റെ ചര്യ പിന്‍പറ്റാത്തവര്‍ എന്റെ വൃത്തത്തില്‍ പെട്ടവരല്ല.'( ബുഖാരി: 5063 ). അപ്പോള്‍ ഇതാണ് പ്രവാചക ജീവിതം. സമന്വയവും സന്തുലിതത്വവുമാണാ ജീവിതത്തിന്റെ മുഖമുദ്ര. സന്ദേശത്തിന്റെയും. ഒരു വിഷയത്തിലും തീവ്രതയ്‌ക്കോ അലംഭാവത്തിനോ അവിടെ സ്ഥാനമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Prophet, Milad-un-Nabi, Life Threat, Arabic, Muslim, Religion, Malayalam, muhammad nabi s life as a message; article about prophet muhammad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia