'മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു, എനിക്ക് വിശന്നിട്ട് വയ്യ, മുത്തച്ഛന്‍ ഒന്ന് വേഗം വരൂ'; മകളുടെ വീട്ടിലെ വിശേഷങ്ങളറിയാന്‍ ഫോണ്‍ വിളിച്ച പിതാവ് മൂന്നുവയസ്സുകാരി പേരക്കുട്ടിയുടെ മറുപടി കേട്ട് ഞെട്ടി; ഇരുവരുടേയും മൃതദേഹങ്ങള്‍ക്കൊപ്പം കുഞ്ഞ് കഴിഞ്ഞത് 11മണിക്കൂര്‍

ഭോപ്പാല്‍: (www.kvartha.com 27.11.2019) 'മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു, എനിക്ക് വിശന്നിട്ട് വയ്യ, മുത്തച്ഛന്‍ ഒന്ന് വേഗം വരൂ'... മകളുടെ വീട്ടിലെ വിശേഷങ്ങളറിയാന്‍ ഫോണ്‍ വിളിച്ച പിതാവ് മൂന്നുവയസ്സുകാരി പേരക്കുട്ടിയുടെ മറുപടി കേട്ട് ഞെട്ടി. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തപ്പോള്‍ എല്ലാത്തിനും സാക്ഷിയായത് ഇവരുടെ മൂന്നു വയസ്സുള്ള മകള്‍ മാത്രം.

മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്കൊപ്പം ഈ കൊച്ചുപെണ്‍കുട്ടി കഴിഞ്ഞത് 11 മണിക്കൂര്‍ ആണ്. വിശന്ന് വലഞ്ഞ കുഞ്ഞ് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ ഇരിക്കുമ്പോഴാണ് മുത്തച്ഛന്റെ പതിവ് വിളിയെത്തിയത്. ഫോണ്‍ എടുത്തയുടന്‍ അവള്‍ പറഞ്ഞതും വിശപ്പിന്റെ കാര്യമായിരുന്നു.

‘Mom and dad are dead, I’m hungry’: 3-year-old to grandpa after spending 11 hours with corpses,Bhoppal, News, Local-News, Murder, Criminal Case, Crime, Phone call, Dead Body, Police, National

മധ്യപ്രദേശിലെ ഭോപ്പാലിലാണ് നടുക്കുന്ന സംഭവം. സത്യേന്ദ്ര ഭഡോരിയ, ഭാര്യ അന്‍ഷു എന്നിവരാണ് മരിച്ചത്. ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സത്യേന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊച്ചുമകള്‍ നല്‍കിയ വിവരമനുസരിച്ച് പോലീസിനെയും കൂട്ടി വീട്ടിലെത്തിയ മുത്തച്ഛന്‍ കാണുന്നത് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയേയും കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന മകളേയും മരുമകനേയുമാണ്. മമ്മിയും ഡാഡിയും തമ്മില്‍ വഴക്കുണ്ടായെന്നും ഡാഡി മ്മിയെ വെടിവച്ചുവെന്നുമാണ് കുഞ്ഞ് ബന്ധുക്കളോട് പറയുന്നത്. എന്നാല്‍ ദമ്പതികള്‍ തമ്മില്‍ മുന്‍പ് വഴക്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വാദം.

മാതാപിതാക്കള്‍ക്കൊപ്പമാണ് സത്യേന്ദ്രയും കുടുംബവും കഴിഞ്ഞിരുന്നത്. ഇയാളുടെ പിതാവ് വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. രണ്ട് സഹോദരന്മാരും സൈന്യത്തിലാണ്. സത്യേന്ദ്രയ്ക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ല. അടുത്തിടെ പിതാവ് ഇയാള്‍ക്ക് ഒരു വീടും സ്ഥലവും കാറും വാങ്ങി നല്‍കിയിരുന്നു. പുതിയ വീട്ടിലേക്ക് ഇവര്‍ താമസം മാറ്റുകയും ചെയ്തിരുന്നു. വരുമാനമൊന്നുമില്ലാത്ത സത്യേന്ദ്ര സഹോദരന്മാരുടെ എ ടി എം കാര്‍ഡുപയോഗിച്ചാണ് പണമെടുത്തിരുന്നത്.

അകന്ന ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനെ ചൊല്ലി സത്യേന്ദ്ര ഭാര്യയുമായി വഴക്കിട്ടുവെന്നാണ് സൂചന. വിവാഹത്തിന് ക്ഷണിച്ച രീതി ശരിയായില്ലെന്നും അതിനാല്‍ പോകേണ്ടെന്നുമാണ് സത്യേന്ദ്രയുടെ നിലപാട്. ഇത് ഭാര്യ അംഗീകരിക്കാതിരുന്നതാണ് വഴക്കിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ബന്ധുക്കളുടെ സംശയം.

ഇവരുടെ വീട് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നതിനാല്‍ സംഭവം പുറംലോകമറിഞ്ഞില്ലെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അന്‍ഷുവിന്റെ പിതാവ് അഭയ് സിംഗ് ഭഡോരിയ ഫോണ്‍വിളിക്കുന്നത്. അതുവരെ കുട്ടി മൃതദേഹങ്ങള്‍ക്കൊപ്പം വിശന്നിരിക്കുകയായിരുന്നു.

ഫോണ്‍ എടുത്തയുടന്‍ മുത്തച്ഛാ, അമ്മ മരിച്ചുകിടക്കുകയാണെന്നാണ് അവള്‍ മറുപടി പറഞ്ഞത്. ഞെട്ടിപ്പോയ അഭയ് സിംഗ് ഫോണ്‍ ഡാഡിക്ക് കൊടുക്കാന്‍ പറഞ്ഞു. ഡാഡിയും മരിച്ചുകിടക്കുകയാണ്. എനിക്ക് വിശന്നിട്ട് വയ്യ, മുത്തച്ഛന്‍ ഒന്ന് വേഗം വരുമോ? എന്നാണ് അവള്‍ ചോദിച്ചത്.

രണ്ട് കിലോമീറ്റര്‍ അകലെയാണ് അഭയ് സിംഗ് താമസിക്കുന്നത്. പോലീസിനെയും ബന്ധുക്കളെയും കൂട്ടി ഇയാള്‍ ഉടന്‍ തന്നെ സത്യേന്ദ്രയുടെ വീട്ടിലെത്തുമ്പോള്‍ കണ്ട കാഴ്ച ഹാളില്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന കൊച്ചുമകളെയാണ് . മാതാപിതാക്കള്‍ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘Mom and dad are dead, I’m hungry’: 3-year-old to grandpa after spending 11 hours with corpses,Bhoppal, News, Local-News, Murder, Criminal Case, Crime, Phone call, Dead Body, Police, National.
Previous Post Next Post