കൂത്തുപറമ്പ് വെടിവെപ്പിന്റെ 25-ാം വാര്‍ഷികം; കാലത്തിന് മുന്നില്‍ ത്രസിച്ചു നില്‍ക്കുന്ന വായിച്ചു തീരാത്ത പാഠപുസ്തം; കാല്‍ നൂറ്റാണ്ട് പിന്നിട്ട പുഷ്പന്റെ പ്രതീക്ഷകള്‍; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 04

സികെഎ ജബ്ബാര്‍

(www.kvartha.com 25.11.2019)
കൂത്തുപറമ്പ് വെടിവെപ്പിന്റെ 25-ാം വാര്‍ഷികമാണിന്ന്. കാല്‍ നൂറ്റാണ്ടിനിടയില്‍ സംഭവിച്ച രാഷ്ട്രീയ ഗതിമാറ്റം എന്തായാലും, ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നാം വിസ്മയപ്പെടാതിരിക്കില്ല. യൗവ്വനത്തിന്റെ 25 വര്‍ഷം കിടപ്പറയില്‍ കഴിയുക എന്നതിനോളം പരീക്ഷണം വേറെയില്ല. ഒരു സമര്‍പ്പിത സാക്ഷ്യമാണിത്. കാലത്തിന് മുന്നില്‍ ത്രസിച്ചു നില്‍ക്കുന്ന വായിച്ചു തീരാത്ത പാഠപുസ്തം എന്നും വിശേഷിപ്പിക്കാം. 'നാളെ' എന്നത് പുഷ്പന് മുന്നില്‍ സ്ഥലകാല ബോധമാണ്. നിത്യതയാര്‍ന്ന ഒരു രാഷ്ട്രീയം. സങ്കല്‍പ്പത്തിലെ സമത്വസൗഭാഗ്യമാര്‍ന്ന ഒരു സാമൂഹിക വ്യവസ്ഥ പുലര്‍ന്നു വരാം. അതാണ് പുഷ്പന്റെ 'നാളെ'യെന്ന സ്വപ്നത്തിന്റെ കാതല്‍. മറ്റൊരു ലോകം എന്ന സ്വപ്നം ഭൗതികവാദിക്ക് ഈ ലോകം തന്നെയാണ്. ഈശ്വര വിശ്വാസിക്ക് അത് പാരത്രിക ജീവിതമാവാം. പാരത്രിക ജീവിതത്തിന് വേണ്ടി ഈ ലോകത്തെ സമ്പല്‍സമൃദ്ധമാക്കുക എന്നതും, മറ്റൊരു ലോകം പണിയാന്‍ സാമൂഹിക വ്യവസ്ഥയെ പാകപ്പെടുത്തുക എന്നതും വിപ്ലവ പ്രവര്‍ത്തനമാണ്. രണ്ടിന്റെയും വ്യതിരിക്തത പകല്‍വെളിച്ചം പോലെയുമാണ്.

പുഷ്പന്റെ മറ്റൊരു ലോകം കാല്‍പനികമാണോ, യാഥാര്‍ഥ്യമാണോ എന്നൊന്നും നാം തര്‍ക്കിക്കുന്നില്ല. അന്നുയര്‍ത്തിയ മുദ്രാവാക്യം സഫലമാവുകയാണ് എന്ന് അവകാശപ്പെടാന്‍ പാര്‍ട്ടി കുറേ മുന്നോട്ട് പോയിട്ടുണ്ട്. പുഷ്പന്റെ നിശ്ചയദാര്‍ഡ്യമാണ് ആ ലക്ഷ്യത്തെ പവിത്രമാക്കുന്നത്. അതും ഈശ്വര വിശ്വാസം പോലൊരു ആത്മീയത തന്നെയാണ്. ഈ 'ആത്മീയത 'യായിരുന്നു അന്നത്തെ സമരം. വിദ്യാഭ്യാസത്തെ കച്ചവട വല്‍കരിക്കുന്ന സര്‍ക്കാറിനെതിരായ സമരം ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല. എം വി രാഘവനെ കൂത്തുപറമ്പ് സഹകരണ ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്യാന്‍ അന്ന് അനുവദിച്ചാല്‍ സി.പി.എമ്മിന്റെ കണ്ണൂരിന്റെ സമര പാരമ്പര്യം ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ മുന്നില്‍ മുട്ടുമടക്കലാവുമെന്ന അഭിമാന പ്രശ്‌നമായിരുന്നു.

യുവാക്കള്‍ നിരായുധരായിരുന്നു എന്നത് പോലെ തന്നെ സത്യമായിരുന്നു ഈ വാശിയും. നിറത്തോക്കുകള്‍ ഉതിര്‍ത്ത് അഞ്ച് ചെറുപ്പക്കാര്‍ രക്തസാക്ഷികളായ കൂത്ത്പറമ്പ് വെടിവെപ്പിന് ഇന്ന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ പാശ്ചാത്തലം സുപ്രധാനമാണ്.ജനകീയ സമരങ്ങള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകളുടെ കളങ്കം വഹിച്ച് സിപിഐയെ പോലുള്ള ഘടകകക്ഷികളില്‍ നിന്ന് പോലും ആത്മരോഷം ഏറ്റുവാങ്ങേണ്ടി വന്ന സംസ്ഥാന ഭരണത്തെ സാക്ഷി നിര്‍ത്തിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ ക്രൂരമായ വെടിവെപ്പിനെതിരായ ഓര്‍മ്മ കേരളം ഇന്ന് പുതുക്കുന്നത്. വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടു നിന്നു എന്നതിന്റെ പേരില്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനക്കോഴക്കേസില്‍ നീതി പീഡത്തിന് മുന്നില്‍ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയതുള്‍പ്പെടെ പിണറായി സര്‍ക്കാര്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ മറുപക്ഷ വായനയുടെ വിമര്‍ശന മുനയിലാണ് ഇപ്പോഴുള്ളത്. വിദ്യാഭ്യാസ കച്ചവടത്തില്‍ യുഡിഎഫിനെക്കാള്‍ ഒരല്‍പം മികവുള്ള നിലപാടാണ് ഇടത് മുന്നണി സര്‍ക്കാറിനുള്ളത് എന്നത് ശരിയാണ്.പക്ഷെ, കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം സമ്പൂര്‍ണ്ണമായി ഇനിയും നടപ്പിലായോ എന്ന ചോദ്യം പ്രസക്തമാണ്.

സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയുടെ പണവുമുപയോഗിച്ച് 1993 ല്‍ എം വി രാഘവന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളജ് സ്വകാര്യ സ്ഥാപനമാക്കുന്നതിനെതിരായ സമരത്തിന്റെ തുടര്‍ച്ചയിലായിരുന്നു കൂത്തുപറമ്പ് വെടിവെപ്പിനാധാരമായ സമരം. വിദ്യാഭ്യാസ കച്ചവടത്തിനും സ്വാശ്രയഅഴിമതിക്കുമെതിരായ ഡി.വൈ.എഫ്.ഐ. സമരത്തിന്റെ ഭാഗമായി കൂത്ത്പറമ്പില്‍ സഹകര ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തിയ എം.വി.രാഘവനെ തടയുകയായിരുന്നുവല്ലൊ. 1994 നവമ്പര്‍ 25ന് മന്ത്രിയെ തടഞ്ഞ യുവാക്കള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കെ കെ രാജീവന്‍, ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെടുകയായിരുന്നു. സമരം നയിക്കുന്ന നേതൃത്വം അണികളെ വികാരത്തിന്റെ കുന്തമുനയില്‍ എത്തിക്കുന്നതില്‍ പുലര്‍ത്തേണ്ട സൂക്ഷമതയും ജനകീയ സമരങ്ങളെ നേരിടുന്ന ഭരണകൂടം കടന്നു വന്ന സമര ചരിത്രങ്ങള്‍ മുന്നില്‍ വെച്ച് പാലിക്കേണ്ട സംയമനവും എങ്ങിനെയാവണമെന്ന വലിയ ഗുണപാഠമുള്ള സംഭവമാണ് കൂത്ത്പറമ്പ്.

വിദ്യഭ്യാസ കച്ചവടമെന്നതിനപ്പുറമുള്ള എം.വി.രാഘവനോടുള്ള വിരോധത്താല്‍ കത്തി ജ്വലിച്ച വിട്ടുവീഴ്ചയില്ലാത്ത സമരവീര്യവും സി.പി.എമ്മിനെതിരായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് ഒരു മന്ത്രി കാണിച്ച ധാര്‍ഷ്ട്യവും ഒരു പോലെ കൂത്ത്പറമ്പ് വെടിവെപ്പിന്റെ പിന്നിലുണ്ടായിരുന്നു. വിദ്യാഭ്യാസക്കച്ചവടവും അഴിമതിയും സാര്‍വത്രികമായെന്നാരോപിച്ചാണ് സി.പി എം വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പ്രതിഷേധവുമായി തെരുവിലിറക്കിയത്. വര്‍ഗ ശത്രുവായ രാഘവന്‍ പരിയാരത്ത് തങ്ങളെ വെല്ലുവിളിച്ച് വലിയൊരു സ്ഥാപനം തുടങ്ങിയ രാഷ്ട്രീയ നീറ്റല്‍ കൂടി ഇതോടൊപ്പമുണ്ടായിരുന്നു.രാഘവനാവട്ടെ യു.ഡി.എഫ്. പിന്തുണയോടെ സി.പി.എമ്മിന്റെ രാഷ്ട്രീയ തട്ടകമായ സഹകരണ മേഖലയെ വിറപ്പിക്കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയിലെ പണവും ഉപയോഗിച്ച് ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജാവട്ടെ സ്വകാര്യ സ്വാശ്രയ സ്ഥാപനത്തേക്കാള്‍ വലിയ കച്ചവടകേന്ദ്രമാക്കി എം വി രാഘവന്‍ മാറ്റി. സുപ്രീം കോടതി വിലക്കിയ തലവരിപ്പണംപോലും പരിയാരത്ത് വാങ്ങി. സസഹകരണ മേഖലയിലെ ഒരു മെഡിക്കല്‍ കോളേജായിരിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തന്നെ നയപ്രഖ്യാപനത്തിലെയും ബഡ്ജറ്റ് പ്രസംഗത്തിലെയും വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുകയായിരുന്നു.. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. അതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സമരം നയിച്ചഎ പി അബ്ദുള്ളക്കുട്ടിയെ ഉടുമുണ്ടഴിച്ച് നഗ്‌നനാക്കി പൊലീസ് ക്യാമ്പസിലൂടെ നടത്തിച്ചു. ഈ രംഗം കണ്ട് ആസ്വദിക്കുന്ന എം വി രാഘവന്റെ ചിത്രം പത്രങ്ങളില്‍ വന്നു. ഇതോടെ രാഘവനെതിരായ സമരം സി.പി.എം. ശക്തി പ്പെടുത്തി. അതായിരുന്നു കൂത്ത്പറമ്പ് സമരം.

അഞ്ച് പേര്‍ രക്തസാക്ഷികളായ വെടിവെപ്പ് പിന്നെ കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച വിവാദമായി. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കോളിളക്കമുണ്ടാക്കുന്ന മാറിമറിഞ്ഞ നിയമ നടപടികളാണ് പിന്നെയുണ്ടായത്. വെടിവെച്ച പോലീസുകാര്‍ക്കെതിരേ 1995-ല്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് കേസെടുക്കാനുള്ള നടപടി സേനയില്‍ വിവാദമായി. എസ്.പി. രവത ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു. ഇടതുമുന്നണി സര്‍ക്കാര്‍ നിയമിച്ച പത്മനാഭന്‍ കമ്മീഷന്‍ 1997-ല്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് എം.വി. രാഘവന്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.ടി. ആന്റണി, ഡി.വൈ.എസ്.പി. അബ്ദുള്‍ ഹക്കീം ബത്തേരി, എസ്.പി. രവത ചന്ദ്രശേഖര്‍ എന്നിവരും കുറ്റക്കാരായി പ്രഖ്യാപിച്ചു. ഇവരെ പ്രതി ചേര്‍ത്ത് പുതിയൊരു എഫ്.ഐ.ആര്‍. ഫയല്‍ ചെയ്ത് അറസ്റ്റ് ചെയ്തു.ഈ കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രതികളുടെ ഹര്‍ജിയെത്തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവായി.


ഈ കേസില്‍ പ്രതിയാക്കപ്പെട്ട എം.വി.രാഘവന്റെ എസ്‌കോര്‍ട്ട് ടീമിനെ നയിച്ച ഡി.വൈ.എസ്. ഹക്കിം ബത്തേരിയെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കി. പക്ഷെ വകുപ്പുതല അന്വേഷണത്തത്തെുടര്‍ന്ന് ഇദ്ദേഹത്തെ ഇടത് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആനുകൂല്യമില്ലാതെ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു. എന്നാല്‍ അന്നത്തെ മറ്റ് ഉദ്യോസ്ഥരായ പത്മകുമാറും രവത ചന്ദ്രശേഖരും നിയമപോരാട്ടങ്ങള്‍ നേരിട്ട് കേരള സര്‍വീസില്‍ പ്രമോഷന്‍ പടി കയറി ഉയര്‍ന്നു. സമരത്തിനാധാരമായ സ്വാശയ വിദ്യാഭ്യാസ വിഷയത്തില്‍ പിന്നെയും മുട്ടിലിഴഞ്ഞാണ് ഇടത് സര്‍ക്കാരും മുന്നോട്ട് പോയത്. കൂത്ത്പറമ്പ് രകത സാക്ഷ്യം എന്തിനായിരുന്നു എന്ന് പല കോണുകളില്‍ നിന്നും ചോദ്യ മുയര്‍ന്നു.

പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ 1995-ല്‍സ്ഥാപനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലേക്ക് മാറുമെന്ന പ്രഖ്യാപനം നായനാര്‍, വി.എസ് സര്‍ക്കാറുകള്‍ വന്നിട്ടും നടപ്പിലാക്കാനായില്ല. എം.വി. രാഘവന്‍ സഹകരണ സൊസൈറ്റിക്ക് മുകളില്‍ ഉണ്ടാക്കിയ ചാരിറ്റബിള്‍ ട്രസ്റ്റ് പിന്നീട് പിടിച്ചെടുത്ത് സി.പി.എം. അതേ പാതയില്‍ ഭരണം തുടര്‍ന്നു. തലവരിയും മെഡിക്കല്‍ സീറ്റ് കച്ചവടവും തുടര്‍ന്നു. പരിയാരത്ത് ഭരണം മാറി എന്ന മാറ്റമേ ഉണ്ടായിട്ടുള്ളൂ. വര്‍ഗ്ഗ ശത്രു എന്ന് മുദ്രകുത്തി നേരിട്ട രാഘവന്‍ രോഗാസന്നനായപ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തി. രാഘവന്റെ ധാര്‍ഷ്ട്യത്തിന് വേണ്ടി വെടിവെപ്പും അഞ്ച് യുവാക്കളുടെ രക്തസാക്ഷ്യവും അഭിമുഖീകരിച്ച പാര്‍ട്ടി രാഘവന്റെ പാര്‍ട്ടിയില്‍ ഒരു ഗ്രൂപ്പിനെ രാഘവന്റെ പിതൃത്വം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി സി.പി.എം. കൂട്ടികെട്ടി. അതിന്റെ മറവില്‍ രാഘവന്റെ മകനെ സ്വന്തം തട്ടകത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയാക്കി.

കഴിഞ്ഞ ഏപ്രിലില്‍ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളജ് പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തത് എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാനായിരുന്നു. ഏറ്റെടുമ്പോള്‍ ആര്‍സിസി മാതൃകയില്‍ പ്രത്യേക സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പോലെ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് കൊണ്ടു വരുന്നതാണ് കൂടുതല്‍ ഗുണകരമാവുകയെന്ന നിലപാടിലാണ് നടപടി ഉണ്ടായത്. ഇത്തവണ പ്രവേശനവും മറ്റ് നടപടികളും മെറിറ്റ് അടിസ്ഥാനത്തിലാക്കി പരിയാരത്ത് സര്‍ക്കാര്‍ വാക്ക് പാലിച്ചു.അതായത് കൂത്ത്പറമ്പില്‍ സമരം നടന്ന് കൃത്യമായ കാല്‍നൂറ്റാണ്ടായപ്പോഴാണ് പരിയാരത്തെ വിദ്യാഭ്യാസ കച്ചവടത്തിന് അറുതിയായത്. പക്ഷെ ജീവനക്കാരുടെ വിന്യാസമുള്‍പ്പെടെ കടമ്പകള്‍ ഇനിയുമുണ്ട്. കൂത്തുപറമ്പില്‍ നടന്നത് ജനകീയ സമരമാണെന്നും അതിനെ ചോരയില്‍ മുക്കി കൊന്നുവെന്നും ഇന്ന് അനുസ്മരിക്കപ്പെടുമ്പോള്‍ ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാറിന്റെ സമീപനത്തോട് അത് ചേര്‍ത്ത് പറയാന്‍ കേരളത്തിന് കഴിയുമോ എന്നതാണ് ചോദ്യം.

(തുടരും...)

Related Articles:  കൂത്തുപറമ്പ് വെടിവെപ്പ് ദൃക്‌സാക്ഷ്യം; പങ്കിടാനും പഠിക്കാനും ഏറെ; സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെ അനുഭവം

വെടിയൊച്ചകള്‍ക്കിടയില്‍ 'വീര കൃത്യം'; കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 2

കൂത്തുപറമ്പ് വെടിവെപ്പ് തത്സമയം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ അനുഭവം - 3

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, CKA-Jabbar, Kannur, Firing, Media, DYFI, Congress, Police, Case, Memmories of Koothuparambu Firing; part 04
Previous Post Next Post