Follow KVARTHA on Google news Follow Us!
ad

പ്രവാചകന്‍ എല്ലായിടത്തും നേതാവായിരുന്നു; ഉപചാരങ്ങള്‍ക്കപ്പുറവും അലങ്കാരങ്ങള്‍ക്കപ്പുറം കൃത്യമായി വരച്ചിടാന്‍ പറ്റിയ നേതാവ്; മുഹമ്മദ് നബി ഉത്തമ നായകന്‍

ലീഡര്‍മാരാണ് നാം. വീട്ടില്‍, പാര്‍ട്ടിയില്‍, പള്ളിയില്‍, കളിക്കളത്തില്‍, സ്‌കൂളില്‍ Article, Malayalam, Prophet, Milad-un-Nabi, Leader, Life Threat, malayalam article about prophet muhammad and the book leadership of muhammed
ഹാരിസ് സഖാഫി കൊമ്പോട്

(www.kvartha.com 08.11.2019)

ലീഡര്‍മാരാണ് നാം. വീട്ടില്‍, പാര്‍ട്ടിയില്‍, പള്ളിയില്‍, കളിക്കളത്തില്‍, സ്‌കൂളില്‍, പൊതു നിരത്തില്‍ അങ്ങനെ എല്ലായിടത്തും. സത്യത്തില്‍ ലീഡര്‍ എന്ന നിലയില്‍ നമുക്കെന്ത് യോഗ്യതയാണ് ഉള്ളത്? രാഷ്ടീയത്തിലെ പേരും പെരുമയും ഉള്ള ലീഡര്‍ വീടിന്റെ അരമനയില്‍ പരനാറിയായിരിക്കും. പള്ളിയിലെ മാന്യത പറമ്പിലെത്തിയാല്‍ പമ്പ കടക്കും. വീട്ടിലെ സല്‍പേരുകാര്‍ രാഷ്ടീയത്തില്‍ പെരുങ്കള്ളനായിരിക്കും. വീട്ടില്‍ അകം കെട്ടു നാറുന്ന മാന്യന്‍മാരുടെ കാലമാണ്. അഴിമതിക്കഥകളും മീടു വാര്‍ത്തകളും ഈ സത്യമാണ് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. നമുക്കൊരു ലീഡറുണ്ട്. എല്ലാം തികഞ്ഞ ഒരു ലീഡര്‍. അരങ്ങിലും അടുക്കളയിലും അരമനയിലും മാന്യതയുടെ നേതൃമാതൃകള്‍ കാട്ടിയ നേതാവ്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ), പ്രവാചകന്‍ എല്ലായിടത്തും ലീഡറായിരുന്നു. ഉപചാരങ്ങള്‍ക്കപ്പുറവും അലങ്കാരങ്ങള്‍ക്കപ്പുറം കൃത്യമായി വരച്ചിടാന്‍ പറ്റിയ നേതാവ്.

ലീഡര്‍ഷിപ്പ് സയന്‍സിലെ ആധുനിക പഠനങ്ങളില്‍ വിശദീകരിക്കുന്ന ഒരു നല്ല നേതാവിന്റെ ഗുണനിലവാരങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്ന ജീവിതമായിരുന്നു ലീഡറായിരുന്ന മുഹമ്മദ് നബിയുടേത്. പറയുന്നത് ഒരു മുസ്ലിം പണ്ഡിതനല്ല, ജോണ്‍ എറിക് അഡിയര്‍ ആണ്. അദ്ദേഹത്തിന് മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തെ അപഗ്രഥിച്ചവര്‍ക്കെല്ലാം ബോധ്യപ്പെട്ട വസ്തുതയാണ്. ചരിത്രത്തില്‍ കൂടുതല്‍ സ്വാധീനിക്കപ്പെട്ട നൂറുപേരില്‍ ഒന്നാമനായി മുഹമ്മദ് നബി(സ)യെ തെരഞ്ഞെടുക്കുവാന്‍ മൈക്കിള്‍ എച്ച് ഹാര്‍ട്ടിന് കാരണമായതും നേതൃപാടവത്തിലെ മുഹമ്മദ് നബി(സ)യുടെ ഗുണങ്ങളാണ്.

ജീവിതത്തിന്റെ നിഖില മേഖലകളെയും അനാവരണം ചെയ്യുന്ന നേതൃഗുണങ്ങള്‍ പ്രവാചകനി(സ)ല്‍ സമ്മേളിച്ചതുകൊണ്ടാണ് അദ്ദേഹത്തില്‍ ഉത്തമമായ മാതൃകയുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയത്. 'ഒരു പ്രത്യേകലക്ഷ്യത്തിലേക്കായി വ്യക്തമായ കാഴ്ചപ്പാടോടെ തന്റെ ആശയങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും സ്വാധീനിക്കുന്നവാനും കഴിയുന്നവരാണോ അവരെയാണ് നേതൃശാസ്ത്രത്തില്‍ ഒരു നല്ല നേതാവായി പരിഗണിക്കുന്നത്. പ്രസ്തുത നേതൃപാടവത്തെ വളരെ സമര്‍ഥമായി അവതരിപ്പിക്കുകയാണ് തന്റെ ലീഡര്‍ഷിപ്പ് ഓഫ് മുഹമ്മദ് എന്ന പുസ്തകത്തിലൂടെ. തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്, (33:21) എന്ന സൂക്തത്തെ ഓര്‍മിപ്പിച്ചു കൊണ്ടുള്ള ജോണ്‍ അഡിയറുടെ വിവരണങ്ങള്‍ ഏറെ ശ്രദ്ധേയം.


ഏറ്റവും കൂടുതല്‍ രചനകള്‍ക്ക് വിധേയമായ ജീവിതമാണ് നബിയുടേത്. മുഹമ്മദ് നബിയുടെ നേതൃഗുണങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ കുറെയുണ്ട്. അമുസ്ലിംകള്‍ രചിച്ചവ അടക്കം. ആധുനിക കാലത്ത് സജീവമായ ലീഡര്‍ഷിപ്പ് സയന്‍സിലെ പുതിയ സമവാക്യങ്ങള്‍ തുന്നിചേര്‍ത്ത് പഠനങ്ങള്‍ കുറവാണ്. 2010ല്‍ ജോണ്‍ അഡയര്‍ എഴുതിയ 'മുഹമ്മദിന്റെ നേതൃത്വം' (The Leadership of Muhammad, Kogan Page Ltd, 117 pages) പുസ്തകം ഈ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പാണ്. മുസ്ലിമല്ലാത്ത അഡയര്‍ പുസ്തകത്തില്‍ മുഹമ്മദ് നബിയെന്ന മത-ആത്മീയ നായകന്‍ എന്ന രീതിയിലുള്ള പഠനവുമല്ല നടത്തിയത്. മറിച്ച് മുഹമ്മദ് നബിയിലൂടെ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വേണ്ടി നേതൃഗുണങ്ങളെക്കുറിച്ച് ആധുനിക തത്വങ്ങളുടെ പ്രായോഗിക ആവിഷ്‌കാരം അവതരിപ്പിക്കുകയാണ്. അതായത് അഡയറുടെ ഈ വിലയിരുത്തല്‍ മാനേജ്മെന്റ് ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ചുള്ളതും, തികച്ചും ബഹുസ്വരതയാര്‍ന്നതുമാണ്.

മുഹമ്മദ് നബി(സ) ചെറുപ്രായത്തില്‍ തന്നെ ലീഡറായിരുന്നു. ശൈശവ കാലത്ത് തന്നെ ഒരുപാട് നേതൃഗുണങ്ങള്‍ മുഹമ്മദിന് ലഭിച്ചിരുന്നു. ഇത്തരം നേതൃഗുണങ്ങള്‍ സിദ്ധിക്കാന്‍ കാരണം അറബി ഗോത്ര പാരമ്പര്യത്തിലുള്ള ദത്തടുക്കല്‍ സാംസ്‌കാരമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ബന്ധുക്കളുടെ കൂടെ കുറെകാലം കഴിഞ്ഞപ്പോള്‍ കിട്ടിയതാണ് നേതൃപാഠവം എന്ന് അദ്ദേഹം പറയുന്നത്, ബന്ധുക്കളുടെ സമൂഹത്തില്‍ ജീവിച്ചതിന്റെ നേരനുഭവങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ടാണ്. ജോര്‍ദാനില്‍ ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞകാലത്താണ് അഡയര്‍, ഇസ്ലാമിനെയും പ്രവാചകനെയും കൂടുതല്‍ മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം ധാരാളം അറബിപദങ്ങളും പഴമൊഴികളും വിവരിക്കുന്നുമുണ്ട്.

1934 ലാണ് പ്രൊഫസര്‍ ജോണ്‍ എറിക് അഡയര്‍ ജനിച്ചത്. ബ്രിട്ടീഷുകാരനായ അദ്ദേഹം യുവാവായിരിക്കെ സ്‌കോട്സ് ഗാര്‍ഡ്സ് എന്ന സൈനിക യൂനിറ്റിന്റെ പ്ലറ്റൂണ്‍ കമാന്ററായി ഈജിപ്തില്‍ സേവനമനുഷ്ഠിച്ചു. അതിനിടെ, അറബ് ലീജനില്‍ സേവനം ചെയ്യാന്‍ അവസരം ആവശ്യപ്പെട്ടു. അതില്‍ ബഡൂയിന്‍ റജിമെന്റിന്റെ നായകനായി. പിന്നെ കുറച്ചുകാലം ജറൂസലമില്‍ പോര്‍നിരയില്‍ പ്രവര്‍ത്തിച്ചു. നാവികസേനാ കോളേജില്‍ പഠിച്ച ശേഷം ഐസ്ലന്റില്‍ ആര്‍ട്ടിക് ട്രോളറില്‍ ജോലി ചെയ്തു. കപ്പല്‍ ജീവനക്കാരനായും ആശുപത്രി ഓര്‍ഡര്‍ലിയായും ജോലി ചെയ്തു. പിന്നെ ഔപചാരിക വിദ്യാഭ്യാസം തുടര്‍ന്ന അദ്ദേഹം ഡോക്ടറേറ്റടക്കം അനേകം ബിരുദങ്ങള്‍ നേടി. ആറു വര്‍ഷം മിലിറ്ററി അക്കാദമിയില്‍ സീനിയര്‍ ലക്ചററായിരുന്നു. 1979 ല്‍ സറെ യൂനിവേഴ്സിറ്റിയില്‍ നേതൃത്വ വിജ്ഞാനീയ (Leadership Studies) വകുപ്പിന്റെ പ്രഥമ പ്രൊഫസറായി. പിന്നീട് എക്സിറ്റര്‍ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍, വിന്‍സര്‍ ലീഡര്‍ഷിപ്പ് ട്രസ്റ്റിന്റെ എമറിറ്റസ് ഫെലോ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. നേതൃശേഷി, നേതൃശേഷി വികസനം, വ്യത്യസ്ത മേഖലകളിലേക്കുള്ള പ്രത്യേക നേതൃഗുണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ആധികാരിക പണ്ഡിതനായി അഡയര്‍ അറിയപ്പെടുന്നു. 2006 ല്‍ അദ്ദേഹം പുദോങിലെ ചൈന എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് അക്കാദമിയില്‍ ലീഡര്‍ഷിപ്പില്‍ ഓണററി പ്രൊഫസറായി. ടൂറിനില്‍ യുഎസ് സിസ്റ്റം സ്റ്റാഫ് കോളേജില്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ മേധാവിയായി അദ്ദേഹം 2009 മുതല്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാനം വഹിച്ചിട്ടുള്ള ഏക വ്യക്തി. അഡയര്‍ സംഘടിപ്പിക്കുന്ന നേതൃശേഷി വികസന പരിപാടികളില്‍ ലോകമെങ്ങുമുള്ള പത്തു ലക്ഷത്തിലധികം മാനേജര്‍മാര്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. ജോണ്‍ ഹാര്‍വി ജോണ്‍സുമായി ചേര്‍ന്ന് അദ്ദേഹം നല്‍കിയ മാനേജ്മെന്റ് ക്ലാസുകളാണത്രെ ഐസിഐ എന്ന നഷ്ടത്തിലോടുന്ന ബ്രിട്ടീഷ് സ്ഥാപനത്തെ നൂറ് കോടി പൗണ്ട് ലാഭമുണ്ടാക്കുന്ന കമ്പനിയാക്കിയത്. മാനേജ്മെന്റിനെയും നേതൃശേഷിയെയും കുറിച്ച് അമ്പതില്‍ പരം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട് അഡയര്‍. കൂട്ടത്തില്‍ ചിലത്: Effective Team building; Effective Motivation; Effective Leadership Development; How to Grow Leaders.

ദി ലീഡര്‍ഷിപ്പ് ഓഫ് മുഹമ്മദ് (The Leadership of Muhammad) എഴുതാനുള്ള പ്രേരണയെപ്പറ്റി അഡയര്‍ പറയുന്നു: 'രാഷ്ട്രീയത്തിലായാലും മാനേജ്മെന്റിലായാലും നേതൃത്വത്തിന്റെ പ്രാധാന്യം തെളിഞ്ഞു കാണുന്ന കാലമാണിത്. ഈ രംഗത്ത് പടിഞ്ഞാറന്‍ ആശയങ്ങളാണ് നാമേറെയും കേള്‍ക്കുന്നത്. ചരിത്രത്തില്‍ നേതൃശേഷി തെളിയിച്ച മുഹമ്മദിനെപ്പറ്റി ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃപാടവം വിശകലനം ചെയ്യുന്ന കാമ്പുള്ള പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ഈ പോരായ്മ പരിഹരിക്കേണ്ടതുണ്ട്. 'യു.എന്‍ സ്ഥാപനത്തിലെ ലീഡര്‍ഷിപ്പ് പഠന വിഭാഗം പ്രൊഫസറായ അഡയര്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു, നല്ല നേതൃത്വം, നന്മക്കായുള്ള നേതൃത്വം എന്നതിനെപ്പറ്റി സാര്‍വത്രികമായ പഠന ഫലങ്ങള്‍ നിലവിലുണ്ട്. ഈ സാര്‍വ ലൗകിക നേതൃത്വ തത്വങ്ങളുടെ ജീവിക്കുന്ന ആവിഷ്‌കാരമായിരുന്നു മുഹമ്മദിന്റെ ജീവിതം. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2011-ലെ മികച്ച മാനേജ്മെന്റ് ഗ്രന്ഥ പുരസ്‌കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 'മുഹമ്മദിന്റെ നേതൃശേഷി' യുഎഇയുടെ മികച്ച നോവലിതര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

എട്ട് കൊച്ചു അധ്യായങ്ങളിലായി മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം പക്വമതിയായ നേതാവ്, സഹിഷ്ണുതയുടെ പാരമ്യം, വിവേകം, മുഹമ്മദ് 21-ാം നൂറ്റാണ്ടിന്റെ പ്രവാചകന്‍, സഹചാരികളെ നയിച്ചതിലെ സാമര്‍ഥ്യം, വേദക്കാരോടുള്ള ആര്‍ദ്രത, ഗോത്രക്കാരോടൊപ്പം, ആട്ടിടയന്‍, സാര്‍ഥവാഹകരുടെ നേതാവ്, മരുഭൂവാസികളുടെ നായകന്‍, വിശ്വസ്തത, കഷ്ടപ്പാട് പങ്കുവെച്ചയാള്‍, വിനയം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഭൂമിയില്‍ കഴിഞ്ഞു പോയ പ്രവാചക-അവതാര-വിശുദ്ധ വ്യക്തിത്വങ്ങളില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിനോടു യോജിക്കുന്ന പ്രവാചകത്വമാണ് നബിയുടേത് എന്ന് സമര്‍ത്ഥിക്കുന്ന അദ്ദേഹം പ്രവാചകന്റെ പക്വതയാര്‍ന്ന ഇടപെടലും നേതൃ പതിപകളാണ് ഇത്തരമൊരു കണ്ടെത്തലിനു തന്നെ എത്തിച്ചതെന് ഉണര്‍ത്തുന്നു. ഇസ്ലാമിക നവജാഗരണങ്ങളുടെ എല്ലാ ഘട്ടങ്ങളിലും മുഹമ്മദ് നബിയുടെ നേതൃപാഠവം നിഴലിച്ചു കാണുന്നതായി അദ്ദേഹം നീരീക്ഷിക്കുന്നു. ആദ്യകാലത്ത് ഏതാനും ആളുകളില്‍ തുടങ്ങി, വിടവാങ്ങല്‍ ഹജ്ജിന്റെ സമയത്ത് 1,25,000 ത്തോളമായിരുന്നു അനുയായികളുടെ എണ്ണമെങ്കില്‍ ഇന്നത് 180 കോടിയിലേറെയായിരിക്കുന്നു. യുഎന്‍ അംഗ രാഷ്ട്രങ്ങളില്‍ 57 എണ്ണം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്. ഇത് മുഹമ്മദ് എന്ന വ്യക്തിയുടെ നേതൃശേഷിയുടെ തെളിവു കൂടിയാണ്.

നേതാവിനു വേണ്ട അവശ്യ ഗുണങ്ങളായ ധീരത, സത്യസന്ധത, പ്രായോഗിക ബുദ്ധി, ധാര്‍മികാധികാരം, വിനയം എന്നിവയെല്ലാം പ്രവാചകനിലുണ്ടായിരുന്നെന്നും ആരും നേതാവായി ജനിക്കുന്നില്ല, നേതാവായി മാറുകയാണ് ചെയ്യുന്നത് എന്നും അഡയര്‍ പറയുന്നു. മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെയും സാംസ്‌കാരിക സന്ദര്‍ഭത്തെയും കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ നേതൃഗുണങ്ങള്‍ വിശകലനം ചെയ്യുന്ന ഈ പുസ്തകം വിശാലമായ നബിയുടെ നേതൃപാഠവത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കുള്ള ആമുഖമാണ്. അദ്ദേഹം ഈ പുസ്തകത്തിലൂടെ തുടങ്ങി വെച്ച ഈ ദൗത്യം നിരവധി ചിന്തകര്‍ ഏറ്റുപിടിക്കുകയുണ്ടായി.

മുഹമ്മദ് നബിയുടെ നേതൃമാതൃകളെ യഥാവിധി വര്‍ണിക്കുകയല്ല, മറിച്ച് നേതൃത്വമെന്നാലെന്താണ്, അത് എങ്ങനെ വികസിപ്പിച്ചെടുക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നേതൃസ്ഥാനത്ത് നിര്‍ണിതമായി വിജയിച്ച മുഹമ്മദ് നബി െ ഉദാഹരണമായെടുക്കുകയായിരുന്നു അഡയര്‍.മുന്നില്‍ നിന്ന് നയിക്കുകയും സ്വയം മാതൃക കാട്ടി നയിക്കുകയും ചെയ്യുമെന്നതാണെന്ന് അഡയര്‍. അഹങ്കാരമുണ്ടാകില്ല- വിനയത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരിക്കും. സത്യനിഷ്ഠയുണ്ടാകും. കഷ്ടപ്പാടുണ്ടാകുമ്പോള്‍ അനുയായികളോടു ചേര്‍ന്ന് അവ പങ്കിടും. ലക്ഷ്യം നേടാന്‍ വേണ്ട ദൂരക്കാഴ്ചയും സമര്‍പ്പണവും ഉണ്ടായിരിക്കും. അഡയര്‍ പറയുന്നു: വിജയമെന്നാല്‍ നേതൃശേഷിയുടെ ഒരു ധര്‍മമല്ലാതൊന്നുമല്ല (Success is a function of leadserhip). നല്ല നേതാവായിരുന്നില്ലെങ്കില്‍ മുഹമ്മദ് ഇത്ര വലിയ വിജയം നേടുമായിരുന്നില്ല. ഈ ഗ്രന്ഥത്തിന്റെ അപ്രഖ്യാപിത പ്രമേയമാണിത്.

നബിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ അഡയര്‍ വിശകലന വിധേയമാക്കുന്നുണ്ട്. അവയിലൊന്ന് പ്രബോധനത്തിന്റെ ആദ്യകാലത്ത് ഇസ്ലാമിന്റെ നിലനില്‍പിന് നിര്‍ണായകമായിരുന്നു ബദ്ര് യുദ്ധം. ശ്രദ്ധാപൂര്‍വം പോര്‍നിര ശരിപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. കൈയിലെ അമ്പ് നീട്ടിപ്പിടിച്ച് വരി നേരെയാക്കുന്നു. അപ്പോഴാണ് ഒരാള്‍ വരിയില്‍നിന്ന് അല്‍പം മുന്നോട്ടു കടന്നു നില്‍ക്കുന്നത് ശ്രദ്ധിച്ചത്- സവാദ് ബ്നു ഗസ്യയായിരുന്നു ആള്‍. 'വരിയൊപ്പിച്ച് നില്‍ക്കൂ സവാദ്' എന്നു പറഞ്ഞുകൊണ്ട് നബി അദ്ദേഹത്തിന്റെ പള്ളക്ക് അമ്പുകൊണ്ടൊന്ന് അമര്‍ത്തി. വേദന ഭാവിച്ച് കരഞ്ഞ സവാദ് പറഞ്ഞു: 'നേരും നെറിയും പഠിപ്പിക്കാനല്ലേ താങ്കളെ ദൈവം അയച്ചത്? അതുകൊണ്ട് എനിക്കിപ്പോള്‍ തന്നെ താങ്കളോട് പകരം വീട്ടണം.' 'ശരി, വീട്ടിക്കോളൂ' എന്ന് പറഞ്ഞു പുഞ്ചിരിച്ച നബി സ്വന്തം വയറ് തുറന്നുകാട്ടി. സവാദ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചിട്ട് പറഞ്ഞു: 'റസൂലേ, ഈ യുദ്ധത്തെ ഞാന്‍ അതിജയിക്കുമെന്നുറപ്പില്ല. അതുകൊണ്ട് അങ്ങയുടെ മേനി തൊടാന്‍ കിട്ടിയ ഈ അവസാന അവസരം ഞാന്‍ ഉപയോഗിച്ചതാണ്'. മുഹമ്മദ് അദ്ദേഹത്തെ ആശീര്‍വദിച്ചു. 'ഇത്തരം പോരാളികളുള്ളപ്പോള്‍ യുദ്ധത്തില്‍ തോല്‍ക്കുന്നതെങ്ങനെ?' അഡയറുടെ ചോദ്യം.

അനുയായികള്‍ പ്രവാചകനെ എത്രമാത്രം സ്നേഹിച്ചു എന്നതിന്റെ വേറെയും ഉദാഹരണങ്ങള്‍ അഡയര്‍ നിരത്തുന്നുണ്ട്. ഗുണപാഠം ഇങ്ങനെ: ''മേധാവിയായിട്ടോ മാനേജരായിട്ടോ നിയമനം നിങ്ങള്‍ നേടിയേക്കാം. എന്നാല്‍, ആ നിയമനം അനുയായികളുടെ മനസ്സുകളിലും ഹൃദയങ്ങളിലും സ്ഥിരപ്പെടുംവരെ നിങ്ങളൊരു നേതാവാകില്ല.'' തന്റെ ഗ്രന്ഥത്തിന്റെ അടിസ്ഥാന ആശയം എന്തെന്ന് പ്രതിഫലിപ്പിക്കുന്ന ഒരു പ്രവാചക വചനം അതിന്റെ പുറംചട്ടയില്‍ അഡയര്‍ എടുത്തുചേര്‍ത്തിരിക്കുന്നു: ''ഒരു യാത്രയില്‍ ജനങ്ങളുടെ നേതാവ് അവരുടെ സേവകനായിരിക്കും.'' നേതൃത്വം പദവിയില്‍ കവിഞ്ഞ് അനുയായികളിലേക്ക് പ്രവഹിക്കേണ്ട ഒന്നാണ്. നേതൃത്വമെന്നാല്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റലാണ് .അതിന്റെ ഫലം അനുഭവിക്കേണ്ടത് മാറ്റത്തിന്റെ ചാലകശക്തിയായ ആ നേതാവല്ല, ആര്‍ക്കു വേണ്ടിയാണോ മാറ്റം ലക്ഷ്യമിടുന്നത് ആ ജനതയാണ്. ആ ഗണത്തില്‍ മുഹമ്മദ് സമ്പൂര്‍ണമായ വിജയമാണ് നേടിയിരിക്കുന്നത്.

ലോകം ഇന്ന് തേടുന്നത് ശരിയായ നേതാക്കളെയാണെന്ന് അഡയര്‍ പറയുന്നു. ഓരോ മേഖലയിലും ഓരോ തലത്തിലും നേതൃപാടവമുള്ളവരുണ്ടായാല്‍ പ്രശ്നങ്ങള്‍ ഇല്ലാതാകും. വിശ്വസ്തത (അല്‍ അമീന്‍), ആത്മാര്‍ഥത, സത്യസന്ധത, ക്ഷമ, ആര്‍ദ്രത തുടങ്ങിയ അനേകം ഗുണവിശേഷണങ്ങളോടൊപ്പം മുഹമ്മദ് നബിക്ക് വിലപ്പെട്ട മറ്റൊന്നു കൂടിയുണ്ടായിരുന്നു. നര്‍മബോധം. ബന്ധുക്കളില്‍നിന്ന് ആര്‍ജിച്ചതാവാം അതുമെന്ന് അഡയര്‍ കരുതുന്നു. അഡയറുടെ ഈ ഗ്രന്ഥത്തെ നിരൂപണം ചെയ്തുകൊണ്ട് ഡെലാവയര്‍ യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ മുഖ്തദര്‍ ഖാന്‍ പ്രവാചകന്റെ ഒരുപാട് തീരുമാനങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന മികവുറ്റ ഗ്രന്ഥമാണെന്ന് സാക്ഷീകരിക്കുന്നുണ്ട്. ആഴത്തിലുള്ള പഠനങ്ങള്‍ക്ക് വഴി തുറക്കുന്ന പുസ്തകത്തില്‍ നിരവധി പോരായ്മകളുണ്ടന്നും അത്തരം പോരായ്മകള്‍ തിരുത്തി പുതിയ പഠനങ്ങള്‍ക്ക് സാധ്യതയുണ്ടന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഏതായാലും മാനേജ്മെന്റ്, ലീഡര്‍ഷിപ്പ് തുടങ്ങിയവയെ സംബന്ധിച്ച ആധികാരിക പഠനമെന്ന നിലക്ക് നബിയെ നേതൃത്വ വിജ്ഞാനീയത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിക്കുന്ന ഈ പുസ്തകം പ്രവാചകനെ മതനേതാവായി അംഗീകരിച്ചിട്ടില്ലാത്തവര്‍ക്ക് മാത്രമല്ല, അദ്ദേഹത്തെ മതനേതാവായി മാത്രം പരിചയപ്പെട്ടവര്‍ക്കും പ്രയോജനകരമാണ്. പ്രവാചകന്റെ നേതൃപാഠവം മുന്‍നിര്‍ത്തി പ്രവാചകരെ ലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമം ഏറെ ശ്രദ്ധേയമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Malayalam, Prophet, Milad-un-Nabi, Leader, Life Threat, malayalam article about prophet muhammad and the book leadership of muhammed