ഇമ്പമാര്‍ന്നതും തനിമ ചോരാത്തതുമായ കീര്‍ത്തനങ്ങളുടെ ഈണം ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു; നബിദിന ഓര്‍മ്മകളിലൂടെ

 


എം എ മൂസ മൊഗ്രാല്‍ 

(www.kvartha.com 08.11.2019)

'യാ നബി സലാം അലൈകും
യാ റസൂല്‍ സലാം അലൈക്കും
യാ ഹബീബ് സലാം അലൈകും
സ്വലവാത്തുള്ളാ അലൈക്കും'

ഇമ്പമാര്‍ന്നതും, തനിമ ചോരാത്തതുമായ ഈ കീര്‍ത്തനങ്ങളുടെ ഈണം ഓര്‍മ്മകളില്‍ എന്നും തങ്ങി നില്‍ക്കും. പുണ്യ റബീഉല്‍ അവ്വല്‍ മാസം പിറന്നാല്‍ ഓര്‍മ്മയില്‍ പണ്ടുകാലത്ത് പെരുന്നാള്‍ ആഘോഷം പോലെയായിരുന്നു. വീടുകളിലെല്ലാം മൗലൂദ് പാരായണം. ഇന്നുള്ളത് പോലെ പള്ളിയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല പഴയകാലത്തെ നബിദിനാഘോഷവും മൗലൂദ് പാരായണവും. അതിനൊക്കെ അതിന്റേതായ ചിട്ടയും, ഭംഗിയും ഉണ്ടായിരുന്നു. പ്രവാചക തിരുമേനിയുടെ അനുയായികള്‍ എന്ന് നമുക്ക് പണ്ടൊക്കെ അഭിമാനത്തോടെ തല ഉയര്‍ത്തി പറയാനും ആഹ്ലാദിക്കാനും കഴിയുമായിരുന്നു. കാരണം പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന വിഭവങ്ങളെ ധൂര്‍ത്തടിക്കാതിരിക്കാന്‍ പ്രവാചകന്‍ ഒട്ടേറെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അത് അംഗീകരിച്ചു കൊണ്ട് തന്നെയായിരുന്നു പഴയകാലത്തെ നബിദിനാഘോഷ പരിപാടികളും. ഇന്ന് മനുഷ്യര്‍ ദൂര്‍ത്തിന്റെ ലോകത്താണെന്ന് നിസംശയം പറയാം.

പുതിയ കാലത്ത് നബിദിനാഘോഷം പല രൂപത്തിലാണ്. എങ്ങും പ്ലാസ്റ്റിക് കൊണ്ടുള്ള അലങ്കാരങ്ങള്‍. പ്രകൃതിക്ക് തീരെ യോജിക്കാത്ത രൂപത്തിലും ഭാവത്തിലും. കഴിഞ്ഞ കാലങ്ങളില്‍ വിവിധതരം കളര്‍ കടലാസുകള്‍ വാങ്ങികത്രിക കൊണ്ട് മുറിച്ചു നൂലില്‍ ഒട്ടിച്ചു പള്ളി, മദ്രസകള്‍, റോഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അലങ്കരിച്ചിരുന്നു. ഇന്ന് എളുപ്പവഴി അന്വേഷിച്ചു പോകുകയാണ് സംഘാടകര്‍. പ്ലാസ്റ്റിക് കൊണ്ടുള്ള റെഡിമേഡ് മാലകള്‍ വിപണിയില്‍ ഇപ്പോള്‍ സുലഭമാണ്. അതുകൊണ്ടുതന്നെ സംഘാടകര്‍ക്ക് കുറെ ബുദ്ധിമുട്ടു സഹിക്കേണ്ടി വരുന്നില്ല. പക്ഷേ അത് നബിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണെന്ന് സംഘടകര്‍ ഓര്‍ക്കുന്നില്ല എന്നതാണ് പരമമായ സത്യം.

പഴയകാലത്തെ ചിട്ടയായ നബിദിന ജാഥകള്‍... അതൊരു വേറിട്ട കാഴ്ച തന്നെയായിരുന്നു. മുത്ത് റസൂലിനെ പുകഴ്ത്തിയുള്ള മദ്ഹ് ഗാനങ്ങളുമായി നീങ്ങുന്ന ജാഥയില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരക്കുമായിരുന്നു. മുഹമ്മദ് നബിയോടുള്ള സ്‌നേഹം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തത് തന്നെയാണ്. ഇന്നത് അത് നബിദിന റാലികളായി മാറി, ധൂര്‍ത്തിന്റെ പര്യായമായി മാറി. വിവിധതരം ഡ്രസ് കോഡുകള്‍, അലങ്കാരവസ്തുക്കള്‍ അങ്ങനെ പോകുന്നു റാലികളിലെ മഹത്വം. ഇതുമൂലം കുടുംബങ്ങള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക പ്രയാസം പറഞ്ഞറിയിക്കേണ്ടതില്ല. ഉസ്താദ് പറഞ്ഞാല്‍ ഡ്രസ് കോഡ് നിര്‍ബന്ധം തന്നെ, ഇവിടെ എവിടെയാണ് നബി കാണിച്ച എളിമ, മിതത്വം.

ഈന്തപ്പനയോലയും, വിവിധതരം പൂക്കളും കൊണ്ട് മാലയാക്കി മദ്രസകള്‍ അലങ്കരിച്ചിരുന്ന കാലം ഓര്‍മയായി. അന്നത്തെ തെങ്ങോലകള്‍ക്ക് പോലും ഭംഗിയുണ്ടായിരുന്നു. അതൊക്കെ പ്രകൃതിയോട് ഒട്ടി നിന്നിരുന്നു. ഇന്ന് പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടാത്തതൊക്കെയാണ് അലങ്കാരവസ്തുക്കള്‍. നബിദിന മാസം പിറന്നാല്‍ അന്നൊക്കെ ഗ്രാമീണ മേഖലകളെല്ലാം അലങ്കാരം കൊണ്ട് പച്ചയണിയും. സംഘടനകളെല്ലാം മുക്കിനും മൂലയിലും നബിദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കും, നബിദിന കീര്‍ത്തനങ്ങള്‍ ആലപിക്കുമായിരുന്നു. ഇന്ന് അതൊക്കെ മദ്രസകളിലും പള്ളികളിലും ഒതുങ്ങി.

പഴയകാലത്ത് വീടുകളിലൊക്കെ മൗലിദ് പാരായണത്തിന്റെ വിളികള്‍ ഉണ്ടാകും. ഒന്നുകില്‍ ളുഹര്‍ നമസ്‌കാരാനന്തരം, അല്ലെങ്കില്‍ അസറ്, മഗ്രിബ്, ഇശാഹ് നിസ്‌കാര ശേഷം എല്ലാ വീട്ടിലും ഉണ്ടാവും. മോഉലൂദ് പാരായണത്തിന് നൂറില്‍ കുറയാത്ത ആള്‍ക്കാരും ഉണ്ടാകും. കൂട്ടമായി ബൈത്തുകള്‍ ചൊല്ലും. മൗലൂദ് പാരായണം കഴിഞ്ഞാല്‍ ആദ്യം മധുരം നല്‍കും. അവില്‍ കുഴച്ചതും പഴവും ചായയും. പിന്നെ പത്തിരിയും കോഴിക്കറിയും, ഇതിന്റെ രുചി വേറെ തന്നെയാണ്. ആ കാലവും മായം ചേര്‍ക്കാത്ത ഭക്ഷണത്തിന്റെ സ്വാദും ഇന്ന് അന്യമാണ്. 10 ശതമാനം വീടുകളില്‍ മാത്രമാണ് ഇന്ന് മൗലൂദ് പാരായണം നടക്കുന്നത്. ക്ഷണം ഉണ്ടായാല്‍ പോലും പോകുന്നത് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം. മൗലൂദ് പാരായണം മുക്രിക്കായുടെ ജോലിയാണല്ലോ. കാലം അങ്ങനെയാണ്.

പ്രവാചകന്‍ തിരുനബി വേര്‍പിരിഞ്ഞ് പതിനാല് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇത്രയേറെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ വ്യക്തിത്വം വേറെയില്ല. ഇത് ചരിത്രം. ഈ ശുഭദിന മാസം പിറക്കുമ്പോള്‍ പൂര്‍വ്വാധികം ആവേശത്തോടെ ലോകത്തിന്റെ ഓരോ ദിക്കിലും നബി കീര്‍ത്തനങ്ങളുടെ അണമുറിയാ പ്രവാഹം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത് ലോകാവസാനം വരെ നിലനില്‍ക്കുമെന്നതില്‍ സംശയമേയില്ല!

ഇമ്പമാര്‍ന്നതും തനിമ ചോരാത്തതുമായ കീര്‍ത്തനങ്ങളുടെ ഈണം ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു; നബിദിന ഓര്‍മ്മകളിലൂടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Milad-un-Nabi, Malayalam, Arabic, Festival, Prophet, Muslim, Religion, muhammad nabi, malayalam article about prophet muhammad 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia