ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പാടേ തള്ളി നടന്‍ രജനീകാന്ത്; തന്നെ കാവി പൂശാനുള്ള ശ്രമം ഒരിക്കലും നടക്കില്ലെന്നും താരം

 


ചെന്നൈ: (www.kvartha.com 08.11.2019) ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ, ഈ പ്രചാരണങ്ങളെ പാടേ തള്ളി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്നും എന്നാലത് ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും താരം പറഞ്ഞു.

കവി തിരുവള്ളുവര്‍ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്‌നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി സൂപ്പര്‍സ്റ്റാര്‍ രംഗത്തെത്തിയത്. തിരുവള്ളുവറിനെ കാവി പൂശുന്നത് ബിജെപി അജണ്ടയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമായി താന്‍ കരുതുന്നില്ല.

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പാടേ തള്ളി നടന്‍ രജനീകാന്ത്; തന്നെ കാവി പൂശാനുള്ള ശ്രമം ഒരിക്കലും നടക്കില്ലെന്നും താരം

ചര്‍ച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ ബിജെപിയുടെ അംഗമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നൈയില്‍ നടന്‍ കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്ന് പറഞ്ഞ രജനികാന്ത്, കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും പറഞ്ഞു.

ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) രജനീകാന്തിനെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് ബിജെപിക്കെതിരെയുള്ള താരത്തിന്റെ പ്രസ്താവന. ഐകണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് രജനിക്കു സമ്മാനിക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചത്. 20 മുതല്‍ 28 വരെയാണു മേള.

'ദൈവം അനുവദിക്കുമെങ്കില്‍' രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് 2017ല്‍ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ബിജെപി ദേശീയ - സംസ്ഥാന നേതാക്കളുമായി രജനീകാന്ത് വേദി പങ്കിട്ടപ്പോഴെല്ലാം ഈ അഭ്യൂഹം ശക്തിപ്പെട്ടു. നോട്ടു നിരോധനം, ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പിന്തുണച്ചതോടെ താരം ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് ഇപ്പോള്‍ വിശദീകരണവുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയത്.

മാസങ്ങളായി തമിഴ് രാഷ്ട്രീയ ആകാശത്തിന് മേലെ പറന്നുനടന്നിരുന്ന ഒരു ചോദ്യത്തിനാണ് രജനീകാന്തിന്റെ തുറന്നുപറച്ചിലോടെ അവസാനമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചായിരുന്നു രജനീകാന്തിന്റെ പ്രസംഗം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ അഭിനന്ദിച്ച രജനീകാന്ത്, ഇതിനെ ഒന്നാന്തരം നടപടിയെന്നാണ് വിശേഷിപ്പിച്ചത്.

'ആരാണ് കൃഷ്ണന്‍ ആരാണ് അര്‍ജുനന്‍ എന്ന് നമുക്കറിയില്ല. അത് അവര്‍ക്ക് മാത്രം അറിയുന്ന കാര്യമാണ്,' രജനീകാന്ത് പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ 'ലിസണിങ്, ലേണിങ് ആന്റ് ലീഡിങ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രജനീകാന്ത് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  "BJP Trying To Saffronise Me... Won't Get Trapped": Rajinikanth's Warning, chennai, News, Politics, Cine Actor, Cinema, BJP, Criticism, Rajanikanth, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia